സ്ത്രീധനം ലഭിച്ചില്ല: നവവധുവിനെ ഭര്‍ത്താവും സുഹൃത്തുക്കളും ചേര്‍ന്ന് ബലാല്‍സംഗം ചെയ്തു

ഗുവാഹാട്ടി: സ്ത്രീധനം നല്‍കാത്തതിനാല്‍ നവവധുവിനെ ഭര്‍ത്താവും സുഹൃത്തുക്കളുംചേര്‍ന്ന് ബലാല്‍സംഗം ചെയ്തു. ഭര്‍ത്താവിന്റെ വീട്ടുകാര്‍ ആവശ്യപ്പെട്ടത്രയും സ്വര്‍ണാഭരണങ്ങള്‍ സ്ത്രീധനമായി നല്‍കാന്‍ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ക്ക് കഴിഞ്ഞിരുന്നില്ല.അതിന്റെ പേരിലാണ് ക്രൂരമായി പീഡിപ്പിച്ചതെന്ന് പോലീസ് പറഞ്ഞു.

ഏപ്രില്‍ 17-ന് അസമിലെ കരിംഗഞ്ചിലാണ് സംഭവം നടന്നത്. വിവാഹം കഴിഞ്ഞ് നാലാംദിവസമാണ് പെണ്‍കുട്ടിക്ക് ഭര്‍ത്താവില്‍നിന്നും അയാളുടെ രണ്ടുസുഹൃത്തുക്കളില്‍നിന്നും ഈ ദുരനുഭവമുണ്ടായത്. സംഭവം നടന്ന് മൂന്ന് ദിവസങ്ങള്‍ക്ക് ശേഷമാണ് പോലീസ് വിവരമറിഞ്ഞത്.പെണ്‍കുട്ടിയുടെ ആരോഗ്യനില ഗുരുതരമായതിനെത്തുടര്‍ന്ന് ഭര്‍ത്തൃവീട്ടുകാര്‍ അവളെ ആശുപത്രിയിലെത്തിച്ചതോടെയാണ് ഇത്.

ഭര്‍ത്താവിന്റെയും സുഹൃത്തുക്കളുടെയും പേരില്‍ പോലീസ് കേസെടുത്തു. ഭര്‍ത്താവിനെ അറസ്റ്റുചെയ്തു. സുഹൃത്തുക്കള്‍ ഒളിവിലാണ്. അവരുടെ പേരില്‍ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്.

അസമില്‍ രണ്ട് വര്‍ഷത്തിനിടെ 3,000ത്തോളം ബലാല്‍സംഗക്കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ദേശീയ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ കണക്ക് പ്രകാരം ഇതില്‍ 95 ശതമാനം കേസുകളിലും പ്രതികളായിട്ടുള്ളത് ഇരകളോട് അടുത്ത ബന്ധമുള്ളവരാണ്.

KCN

more recommended stories