ഹോസ്ദുര്‍ഗ്ഗ് കോട്ടയെ സാമൂഹ്യശാസ്ത്ര മ്യൂസിയമാക്കണം

കാഞ്ഞങ്ങാട് : നൂറ്റാണ്ടുകളുടെ ചരിത്രം പറയുന്ന ഹോസ്ദുര്‍ഗ്ഗ് കോട്ടയിലെ ചരിത്രശേഷിപ്പുകള്‍ സംരക്ഷിച്ച് ജില്ലാസാമൂഹ്യശാസ്ത്ര മ്യൂസിയമാക്കണമെന്ന് ഹോസ്ദുര്‍ഗ്ഗ് ഉപജില്ലാ സാമൂഹ്യശാസ്ത്ര അധ്യാപകരുടെ കൂട്ടായ്മ ഗവണ്‍മെന്റിനോട് ആവശ്യപ്പെട്ടു. ഇക്കേരിനായിക്കാരുടെ ചരിത്രം വിളിച്ചോതുന്ന കോട്ടയുടെ ഭൂമിയില്‍ ഭൂരിഭാഗവും കയ്യേറ്റം ചെയ്യപ്പെട്ടു. എ.സി.കെ,എന്‍.എസ് ജി.യു.പി.സ്‌ക്കൂള്‍ മേലാങ്കോട്ട് നടക്കുന്ന സാമൂഹ്യശാസ്ത്ര അധ്യാപക പരിശീലനത്തില്‍ പഠനപ്രവര്‍ത്തനത്തിന്റെ ഭാഗമായാണ് ഹോസ്ദുര്‍ഗ്ഗ് കോട്ടയും നീത്യാനന്ദ ആശ്രമവും സന്ദര്‍ശിച്ചത്. ചരിത്രശേഷിപ്പുകള്‍ ഏറെയുള്ള കോട്ട പൈതൃകസ്വത്തായി സംരക്ഷിക്കണം കിണറുകള്‍,കോട്ടകൊത്തളങ്ങള്‍, കവാടങ്ങള്‍,ക്ഷേത്രം തുടങ്ങിയവ സംരക്ഷിച്ച് ജില്ലയുടെ സാമൂഹ്യശാസ്ത്രമ്യൂസിയമായി മാറ്റണം. 2010 പുരാവസ്തുവകുപ്പും സര്‍ക്കാരും ഏറ്റെടുത്ത കോട്ടയുടെ സംരക്ഷണപ്രഖ്യാപനം പാഴ്വാക്കായി മാറിയിരിക്കുന്നു, നൂറ്റാണ്ടു പഴക്കമുള്ള കോട്ടയുടെ സംരക്ഷണഭിത്തികള്‍ തകര്‍ന്നിരിക്കുന്നു. സ്വാതന്ത്ര്യത്തിന് മുന്‍പും പിന്‍പുമുള്ള ചരിത്രസംഭവങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച പഴയതാലൂക്ക് ഓഫീസ് മന്ദിരം ജവഹര്‍ലാല്‍ നെഹ്‌റു പ്രസംഗിച്ച മാന്ദോപ്പ് മൈതാനം തുടങ്ങിയവയും കോട്ടയോടൊപ്പം സംരക്ഷിച്ച് ജില്ലാസാമൂഹ്യശാസ്ത്ര മ്യൂസിയമാക്കണമെന്ന് സാമൂഹ്യശാസ്ത്ര അധ്യാപകരുടെ കൂട്ടായ്മ പുരാവസ്തു വകുപ്പ് ചുമതലയുള്ള മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ കേരളാറവന്യൂ വകുപ്പ് മന്ത്രി പി.ചന്ദ്രശേഖരന്‍ എന്നിവര്‍ക്ക് നിവേദനത്തിലൂടെ ആവശ്യപ്പെട്ടു.സാമൂഹ്യശാസ്ത്ര അധ്യാപകരുടെ ചരിത്രാന്വേഷണയാത്രയ്ക്ക് റിസോഴ്‌സ് അധ്യാപകരായ പി.രാജഗോപാലന്‍ മാസ്റ്റര്‍. സുമേഷ്,ഗ്രൂപ്പ് ലീഡര്‍ നന്ദകുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.അധ്യാപകരായ ഗോപി,ശുഭ ,ലത,അനില്‍,ഖാദര്‍ എന്നിവര്‍ സംസാരിച്ചു.

KCN

more recommended stories