മുട്ടത്തുവര്‍ക്കി പുരസ്‌കാരം കെആര്‍ മീരയ്ക്ക്

മുട്ടത്തുവര്‍ക്കി സാഹിത്യ പുരസ്‌കാരം കെആര്‍ മീരയ്ക്ക്. ഏറെ നിരൂപക ശ്രദ്ധ പിടിച്ചുപറ്റിയ ആരാച്ചാര്‍ എന്ന നോവലാണ് മീരയെ പുരസ്‌കാരത്തിന് അര്‍ഹയാക്കിയത്. ബംഗാള്‍ പശ്ചാത്തലമാക്കിയ നോവല്‍, പരമ്ബരകളായി വധശിക്ഷനടപ്പാക്കല്‍ തൊഴിലാക്കിയ ഒരു കുടുംബത്തിന്റെ കഥയാണ് പറയുന്നത്. കേരള-കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡുകള്‍, ഓടക്കുഴല്‍ പുരസ്‌കാരം, വയലാര്‍ പുരസ്‌കാരം തുടങ്ങി ചെറുതും വലുതുമായ നിരവധി പുരസ്‌കാരങ്ങള്‍ ആരാച്ചാരിലൂടെ മീരയ്ക്ക് ലഭിച്ചിട്ടുണ്ട്.

കെബി പ്രസന്നകുമാര്‍, ഷീബ ഇകെ, സന്തോഷ് മാനിച്ചേരി, എംആര്‍. രേണുകുമാര്‍ എന്നിവരുള്‍പ്പെടുന്ന സമിതി തിരഞ്ഞെടുത്ത മൂന്നുനോവലുകളില്‍ നിന്ന് ഇവി രാമകൃഷ്ണന്‍, പികെ രാജശേഖരന്‍, കെവി സജയ് എന്നിവര്‍ ചേര്‍ന്നാണ് ആരാച്ചാര്‍ തിരഞ്ഞെടുത്തത്. മീരയുടെ രചനകളെ അവാര്‍ഡ് നിര്‍ണയ സമിതി മുക്തകണ്ഠം പുകഴ്ത്തി. സ്ത്രീ ജീവിതത്തിന്റെ മൂര്‍ത്തവും തീക്ഷ്ണവുമായ ഗതിവേഗങ്ങളെ കാലത്തിനും ചരിത്രത്തിനും കുറുകെ നിര്‍ത്തി അധീശവ്യവസ്ഥകളെ വിചാരണചെയ്യുന്ന രാഷ്ട്രീയ രചനകളാണ് മീരയുടെ കഥകളും നോവലുകളുമെന്ന് അവാര്‍ഡ് നിര്‍ണ്ണയ സമിതി വിലയിരുത്തി.

ചേതന എന്ന ആരാച്ചാരായ യുവതിയാണ് മീരയുടെ നോവലിലെ കേന്ദ്ര കഥാപാത്രം. തന്റെ പരമ്ബരാഗത തൊഴില്‍ സ്വായത്തമാക്കാനായി തീവ്രപ്രയത്നം ചെയ്യുന്ന ശക്തയായ ഒരു സ്ത്രീയാണിവര്‍. രാജഭരണത്തിലും ബ്രിട്ടീഷ് ഭരണത്തിലും ആരാച്ചാരുടേത് തിരക്കേറിയ തൊഴില്‍ ആയിരുന്നിട്ടും ജനാധിപത്യമായപ്പോഴേക്കും തൂക്കിക്കൊലകള്‍ കുറഞ്ഞു. ഇതോടെ ദാരിദ്ര്യത്തിലായ കുടുംബം മുന്നോട്ട് കൊണ്ടുപോകാന്‍ വഴിയില്ലാതെ നില്‍ക്കുമ്‌ബോള്‍ വീണുകിട്ടുന്ന ഒരു വധശിക്ഷയെ പരമാവധി ഉപയോഗിച്ച് പണമുണ്ടാക്കാനും ചേതനയ്ക്ക് ഒരു ജോലി തരപ്പെടുത്തുവാനും ചേതനയുടെ അച്ഛന്‍ ശ്രമിക്കുന്നു. ലോകത്തിലെ തന്നെ ആദ്യത്തെ വനിതാ ആരാച്ചാര്‍ എന്നതരത്തില്‍ ചേതനയെ ടെലിവിഷന്‍ ചാനലുകള്‍ക്ക് മുന്നില്‍ അവതരിപ്പിക്കപ്പെടുന്നു. വധശിക്ഷയും അതിനെതിരെയും അനുകൂലമായും ഉള്ള ശബ്ദങ്ങളും വധശിക്ഷയെ മുതലെടുക്കാന്‍ ശ്രമിക്കുന്ന മാധ്യമങ്ങളും രാഷ്ട്രീയപ്രസ്ഥാനങ്ങളും നോവലിലെ പ്രമേയങ്ങളാണ്.

KCN

more recommended stories