ചന്ദന റിസര്‍വ്വില്‍ നിന്നും ചന്ദന മോഷണം; ഒരാള്‍ അറസ്റ്റില്‍

മറയൂര്‍: മറയൂര്‍ നാച്ചിവയല്‍ ചന്ദന റിസര്‍വ്വില്‍ നിന്നും ചന്ദന മരം മുറിച്ചു കടത്തിയ കേസിലെ പ്രതി അറസ്റ്റിലായി. ചന്ദന റിസര്‍വ്വിനുള്ളിലെ പെരിയകുടി ആദിവാസി കോളനിയിലെ സതീഷ് കുമാര്‍ ആണ് വനപാലകരുടെ പിടിയിലായത്. 2017 ജനുവരി മാസത്തില്‍ മറയൂര്‍ ചന്ദന ഡിവിഷനിലെ കൂടക്കാട് ചന്ദന റിസര്‍വ്വില്‍ നിന്നും ഒരു ചന്ദന മരം മുറിച്ചുകടത്തിയ കേസിലെ മൂന്നു പേരില്‍ ഒരാളായ സതീഷ് ഒരു വര്‍ഷത്തിലേറയായി ഒളിവിലായിരുന്നു. സതീഷിനോടൊപ്പം ചന്ദനം മുറിച്ചു കടത്തുതിനായി കൂട്ടു നിന്ന മറ്റ് രണ്ടു പ്രതികളെയും വനപാലകര്‍ പിടികൂടി കോടതിയില്‍ ഹാജരാക്കിയിരുന്നു.

ഇവരുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ നടത്തിയ തിരച്ചിലില്‍ വനത്തിനുള്ളില്‍ നിന്നും മുറിച്ച ചന്ദന മരത്തിന്റെ കഷ്ണങ്ങള്‍ കണ്ടെടുത്തിരുന്നു.ഒളിവിലായിരുന്ന സതീഷ് കുമാര്‍ മറയൂര്‍ ടൗണില്‍ എത്തിയതായി രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ നാച്ചിവയല്‍ ഫോറസ്റ്റ് റെയിഞ്ചറും സംഘവും നടത്തിയ തിരച്ചിലിലാണ് ഒരു വര്‍ഷക്കാലം വനപാലകരെ കബളിപ്പിച്ച് ഒളിവില്‍ കഴിഞ്ഞിരുന്ന സതീഷ് പിടിയിലായത്.വിശാലമായ ഭൂപ്രകൃതിയാല്‍ ചുറ്റപ്പെട്ട മറയുരിലെ ചന്ദനക്കാടുകള്‍ക്ക് പലപ്പോഴും വെല്ലുവിളി ഉയര്‍ത്തുന്നത് ഇത്തരത്തിലുള്ള മോഷ്ണ സംഘങ്ങള്‍ സജ്ജീവമാകുന്നതാണ്.

പലപ്പോഴും കാടിന്റെ സ്വഭാവം അറിയുന്നവര്‍തന്നെയാകും ചന്ദന മരങ്ങള്‍ മുറിച്ചുമാറ്റുന്നവരിലേറയും. വനപാലകര്‍ക്ക് അത്ര വേഗത്തില്‍ എത്തപ്പെടാന്‍ സാധിക്കാത്ത ഉള്‍ വനങ്ങള്‍ കേന്ദ്രീകരിച്ചാണ് മറയൂരിലെ ചന്ദന മരങ്ങളിലേറയും മോഷ്ടാക്കാള്‍ മുറിക്കാന്‍ ശ്രമിക്കുന്നത്. നാച്ചിവയല്‍ റെയിഞ്ചര്‍ എസ് ശശീന്ദ്രകുമാര്‍, സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ റ്റി എ ഷാജി , ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ന്മാരായ ഡി അല്‍ഫോസ്, പി എസ് ശിവപ്രസാദ്, സേവ്യര്‍ ബി, നൗഷാദ്, അരു റ്റി ആര്‍, റിന്‍സ് ആന്റണി, അനീഷ് എം ആര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള വനപാലക സംഘമാണ് പ്രതിയെ പിടികൂടിയത്.

KCN

more recommended stories