എന്‍.എച്ച് അന്‍വര്‍ സ്മാരക മാധ്യമ പുരസ്‌കാരം എം.ബി ശരത്ചന്ദ്രനും ദിജേഷ് പട്ടോടിനും

കാസര്‍കോട്:  കേബിള്‍ ടി.വി ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡണ്ടും സ്‌കിന്നേര്‍സ് കാസര്‍കോട് പ്രസിഡണ്ടുമായിരുന്ന നാസര്‍ ഹസ്സന്‍ അന്‍വറിന്റെ സ്മരണക്കായി സി.ഒ.എ. ജില്ലാ കമ്മിറ്റിയും കാസര്‍കോട് ഗവ. കോളേജിലെ അലുംനി കൂട്ടായ്മയായ ഒരു വട്ടം കൂടിയും സ്‌കിന്നേര്‍സ് കാസര്‍കോടും സംയുക്തമായി ഏര്‍പ്പെടുത്തിയ എന്‍.എച്ച് അന്‍വര്‍ സ്മാരക ജില്ലാതല മാധ്യമപുരസ്‌കാരത്തിന് മനോരമ വിഷന്‍ കാസര്‍കോട് ജില്ലാ റിപ്പോര്‍ട്ടര്‍ എം.ബി ശരത്ചന്ദ്രനും (വാര്‍ത്താ ചാനല്‍) പ്രാദേശിക ചാനല്‍ റിപ്പോര്‍ട്ടര്‍ക്കുള്ള പുരസ്‌കാരത്തിന് സി-നെറ്റ് ചാനലിലെ ദിജേഷ് പട്ടോടും അര്‍ഹരായി.
മനോരമ വിഷനിലെ പുലര്‍വേളയില്‍ അവതരിപ്പിച്ച ചെങ്കല്‍ ഖനന കുഴിയെ മഴവെള്ള സംഭരണിയാക്കി മാറ്റിയ കര്‍ഷകനെ കുറിച്ചുള്ള സ്റ്റോറിയാണ് ശരത്ചന്ദ്രനെ അവാര്‍ഡിന് അര്‍ഹനാക്കിയത്. കയ്യൂര്‍ ചീമേനി തിരുനെല്ലിപ്പാറയിലെ പാറക്കുളം വറ്റിയതിനെപ്പറ്റിയുള്ള റിപ്പോര്‍ട്ടാണ് ദിജേഷിനെ അവാര്‍ഡിന് അര്‍ഹനാക്കിയത്. ടി.സി.എം ചാനലിലെ പ്രസാദ് പി. തയ്യാറാക്കിയ സങ്കടക്കടലില്‍ ഒരമ്മയും മകളും എന്ന റിപ്പോര്‍ട്ട് പ്രത്യേക പരാമര്‍ശത്തിന് അര്‍ഹമാക്കി.
പ്രൊഫ. എം.എ റഹ്മാന്‍, ജി.ബി വത്സന്‍, സണ്ണി ജോസഫ്, ടി.എ ഷാഫി എന്നിവരടങ്ങിയ ജൂറിയാണ് അവാര്‍ഡ് ജേതാക്കളെ തിരഞ്ഞെടുത്തത്. ഇരുവര്‍ക്കും പതിനായിരം രൂപ വീതവും ഫലകവും പ്രശസ്തി പത്രവും സമ്മാനിക്കും.
മെയ് 9ന് മൂന്നു മണിക്ക് കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന എന്‍.എച്ച് അന്‍വര്‍ അനുസ്മരണ ചടങ്ങില്‍ കാസര്‍കോട് സാഹിത്യവേദി പ്രസിഡണ്ട് റഹ്മാന്‍ തായലങ്ങാടി അവാര്‍ഡ് സമ്മാനിക്കും. തുടര്‍ന്ന് നടക്കുന്ന മാധ്യമസെമിനാറില്‍ പ്രശസ്ത മാധ്യമ പ്രവര്‍ത്തകരായ ശശികുമാര്‍, എം.ജി രാധാകൃഷ്ണന്‍, സി. ഗൗരിദാസന്‍ നായര്‍, വെങ്കിടേഷ് രാമകൃഷ്ണന്‍ എന്നിവര്‍ സംസാരിക്കും.

KCN

more recommended stories