സിസേറിയനിലൂടെ ജനിച്ച കേരളത്തിലെ ആദ്യ വ്യക്തി അന്തരിച്ചു

തിരുവനന്തപുരം: കേരളത്തില്‍ ആദ്യമായി സിസേറിയനിലൂടെ ജനിച്ച വ്യക്തി അന്തരിച്ചു. മിഖായേല്‍ ശവരിമുത്തു ആണ് തൊണ്ണൂറ്റിയെട്ടാമത്തെ വയസില്‍ വ്യാഴാഴ്ച അന്തരിച്ചത്. തൈക്കാട് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമുള്ള ആശുപത്രിയിലാണ് 1920ല്‍ സംസ്ഥാനത്ത് ശസ്ത്രക്രിയയിലൂടെ പുറത്തെടുത്ത ആദ്യ ശിശുവായി ശവരിമുത്തു ജനിച്ചത്.

വിദേശത്ത് പഠനം പൂര്‍ത്തിയാക്കി തൈക്കാട് സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിയ വനിതാ സര്‍ജന്‍ മേരി പുന്നന്‍ ലൂക്കോസിന്റെ നേതൃത്വത്തിലാണ് കോരളത്തിലാദ്യമായി സിസേറിയന്‍ നടന്നത്. കുണ്ടമണ്‍ കടവ് തെക്കേ മൂലത്തോര്‍പ്പ് വീട്ടില്‍ മിഖായേലിന്റെയും മേരിയുടെയും മകനാണ് ശവരിമുത്തു.

സാധാരണ പ്രസവമാണെങ്കില്‍ കുഞ്ഞു മരിക്കും എന്നായിരുന്നു ഡോക്ടര്‍മാരുടെ അഭിപ്രായം. എന്നാല്‍ വയറുകീറി കുഞ്ഞിനെ പുറത്തെടുത്താല്‍ അമ്മയ്ക്കും കുഞ്ഞിനും കേടുണ്ടാകില്ലെന്ന് ഡോ. മേരി പറഞ്ഞു. കേട്ടപ്പോള്‍ ആദ്യമൊന്ന് ഭയത്തെങ്കിലും പിന്നീട് മിഖായേലും മേരിയും സമ്മതിക്കുകയായിരുന്നു. ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കി.

ദീര്‍ഘനാളായി പട്ടാളത്തില്‍ സേവനം ചെയ്ത ശവരിമുത്തു സര്‍ക്കാര്‍ പ്രസിലെ ജീവനക്കാരനായാണ് വിരമിച്ചത്. സിസേറിയന്‍ കേരളത്തിലെത്തിയതിന്റെ ശതാബ്ദിക്ക് ഒരു വര്‍ഷം ശേഷിക്കെയാണ് ശവരിമുത്തുവിന്റെ വിടവാങ്ങല്‍.

KCN

more recommended stories