ഡെങ്കിപ്പനി ഭീതിയില്‍ ജില്ല: വിദ്യാര്‍ത്ഥിയുള്‍പ്പടെ എട്ടുപേര്‍ക്ക് കൂടി ഡെങ്കി സ്ഥിരീകരിച്ചു

കാസര്‍കോട് : ജില്ലയില്‍ ഡെങ്കിപ്പനി ബാധിതരുടെ എണ്ണത്തിലുണ്ടാകുന്ന വര്‍ധന ആശങ്കയുളവാക്കുന്നു. വ്യാഴാഴ്ച സ്‌കൂള്‍ വിദ്യാര്‍ത്ഥിയുള്‍പ്പെടെ എട്ടുപേരില്‍ ഡെങ്കിപ്പനി ബാധ കണ്ടെത്തിയത്. ബളാല്‍ പഞ്ചായത്തിലെ കാര്യോട്ട് ചാല്‍, പടയങ്കല്ല, കിനാനൂര്‍ കരിന്തളത്തെ പന്നിത്തടം, വെസ്റ്റ് എളേരിയിലെ മൗവ്വേനി, അടുക്കളമ്പാടി എന്നിവിടങ്ങളില്‍നിന്ന് പനി ബാധിച്ചെത്തിയവരിലാണ് രക്തപരിശോധനയില്‍ ഡെങ്കിപ്പിനി വ്യക്തമായത്.

ഈപ്രദേശങ്ങളില്‍ നിരവധിപേര്‍ ഡെങ്കിപ്പനി പിടിപെട്ടിട്ടുണ്ട്. പനി പടരുമ്പോഴും പ്രധാന ചികിത്സാകേന്ദ്രമായ വെള്ളരിക്കുണ്ട് പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ മെഡിക്കല്‍ ഓഫീസറില്ലാത്തത് പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. ഉണ്ടായിരുന്ന ഡോക്ടര്‍ കഴിഞ്ഞദിവസം പഠനാവധിയില്‍ പോവുകയും ചെയ്തു. കരാര്‍ വ്യവസ്ഥയില്‍ ജോലിചെയ്യുന്ന മൂന്നു ഡോക്ടര്‍മാരാണ് കഴിഞ്ഞ ദിവസം 317 രോഗികളെ പരിശോധിച്ചത്.

ശരാശരി 200 രോഗികളേ വെള്ളരിക്കുണ്ടില്‍ വരാറുള്ളൂ. 300ല്‍ അധികമാവുന്നത് അപൂര്‍വമായി മാത്രം. പനി വ്യാപകമായതാണ് രോഗികളുടെ എണ്ണം കൂടാനിടയാക്കിയത്. പകരം ഡോക്ടറെ നിയമിക്കാനോ ചികിത്സായമയം രണ്ടുമണിയില്‍നിന്നും വൈകിട്ട് വരെ നീട്ടാനോ ബന്ധപ്പെട്ടവര്‍ ശ്രദ്ധിക്കാത്തതില്‍ പരാതി ഉയര്‍ന്നിട്ടുണ്ട്.

KCN

more recommended stories