നിപ്പ ലക്ഷണങ്ങളോടെ രണ്ട് മരണം കൂടി

കോഴിക്കോട്: നിപ്പ വൈറസ് ബാധ ലക്ഷണങ്ങളോടെ രണ്ട് പേര്‍കൂടി മരിച്ചു. കോഴിക്കോട് മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച പേരാമ്പ്ര കൂരാച്ചുണ്ട് സ്വദേശി രാജന്‍, നാദാപുരം ചെക്യാട് സ്വദേശി അശോകന്‍ എന്നിവരാണ് മരിച്ചത്. ഈ മരണങ്ങള്‍ സ്ഥിരീകരിക്കുക കൂടി ചെയ്താല്‍ മാരക വൈറസ് ബാധയേറ്റ് കോഴിക്കോട് മരിക്കുന്നവരുടെ എണ്ണം ഏഴാവും.

രാജന്റെയും അശോകന്റെയും മരണവും ചെമ്പനോട പുതുശ്ശേരി വീട്ടില്‍ ലിനി എന്ന നഴ്‌സിന്റെ മരണവും നിപ്പബാധയേറ്റാണോ എന്ന കാര്യം സ്ഥിരീകരിച്ചിട്ടില്ല.

അഞ്ച് പേരുടെ മരണംനിപ്പ വൈറസ് ബാധയേറ്റെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. സമാന ലക്ഷണങ്ങളോടെ എട്ട് പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. മരിച്ചവരുമായി അടുത്ത് ഇടപഴകിയവരുടെ രോഗ സാധ്യത കണക്കിലെടുത്ത് ഇവരുടെ രക്ത സാമ്പിളുകള്‍ പരിശോധനയ്ക്കയച്ചിട്ടുണ്ട്. 60 പേരുടെ രക്ത സാമ്പിളുകളാണ് ഇത്തരത്തില്പരിശോധനയ്ക്കയച്ചത്.

കോഴിക്കോട് പേരാമ്പ്ര ചങ്ങരോത്ത് പഞ്ചായത്തിലെ പന്തിരിക്കര സൂപ്പിക്കടയിലാണ് രോഗം തുടങ്ങിയത്. വൈറസ് ബാധ കണ്ടെത്തിയ ചങ്ങരോത്ത് പഞ്ചായത്തില്‍ എയിംസില്‍ നിന്നുള്ള പ്രത്യേക സംഘം ഇന്ന് പരിശോധനയ്‌ക്കെത്തും. വൈറസിന്റെ ഉറവിടം എവിടെയാണെന്ന് ഈ സംഘം പരിശോധിക്കും. വവ്വാലുകളില്‍ നിന്നാണ് രോഗം പരന്നതെന്ന സംശയം ഇന്നലെ കേന്ദ്രസംഘം പങ്കുവെച്ചിരുന്നു.

കൂടുതല്‍ സ്ഥലത്തേക്ക് വൈറസ് പോവാതെ നിയന്ത്രണ വിധേയമാക്കുക എന്ന ലക്ഷ്യം വെച്ച് പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. നിപ സ്ഥിരീകരിച്ച സാഹചര്യത്തില്‍ പ്രതിരോധ പ്രവര്ത്തനങ്ങള്‍ ഉര്‍ജിതമാക്കിയതായി ആരോഗ്യമന്ത്രി കെ.കെ. ശൈലജ അറിയിച്ചു.

KCN

more recommended stories