ചെങ്ങന്നൂരില്‍ അടി പതറാതെ ഇടതുമുന്നണി; വിജയമുറപ്പിച്ച് സജിചെറിയാന്‍

ചെങ്ങന്നൂര്‍: ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിന്റെ ആദ്യ ഘട്ടത്തില്‍ ഇടതുമുന്നണിക്ക് മികച്ച മുന്നേറ്റം. ആദ്യം വോട്ടെണ്ണിയ മാന്നാര്‍, പാണ്ടനാട് പഞ്ചായത്തുകളില്‍ ഇടതുമുന്നണി സ്ഥാനാര്‍ഥി സജി ചെറിയാന്‍ മുന്നിട്ടു നില്‍ക്കുന്നു. രണ്ടു പഞ്ചായത്തുകളിലും വോട്ടെണ്ണലിന്റെ ഒരു ഘട്ടത്തില്‍ പോലും സജി ചെറിയാന് പിറകോട്ട് പോയിട്ടില്ല. കഴിഞ്ഞ തവണ യു.ഡി.എഫിന് മികച്ച ലീഡ് കിട്ടിയ പഞ്ചായത്താണ് പാണ്ടനാട്. എന്നാല്‍ ഇവിടെയെല്ലാം ഇക്കുറി യു.ഡി.എഫിന് കാലിടറി. എല്‍.ഡി.എഫ് 498 വോട്ടിന്റെ ഭൂരിപക്ഷമാണ് ലഭിച്ചത്.

മാന്നാര്‍ പഞ്ചായത്തില്‍ 2429 വോട്ടുകളാണ് സജി ചെറിയാന് ലീഡ്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന് 440 വോട്ടുകളുടെ ലീഡ് മാത്രമാണ് ഇവിടെയുണ്ടായിരുന്നത്. 8126 വോട്ടുകളാണ് സജി ചെറിയാന് ലഭിച്ചത്. യുഡി.എഫ് സ്ഥാനാര്‍ഥി വിജയകുമാറിന് 5697 വോട്ടുകളും എന്‍.ഡി.എ സ്ഥാനാര്‍ഥി ശ്രീധരന്‍ പിള്ളയ്ക്ക് 4117 വോട്ടുകളും ലഭിച്ചു. കഴിഞ്ഞ തവണ എന്‍.ഡി.എയ്ക്ക് 5236 വോട്ടുകള്‍ ഇവിടെ ലഭിച്ചിരുന്നു.

മൂന്നാമതായി എണ്ണുന്ന തിരുവന്‍വണ്ടൂര്‍ പഞ്ചായത്തിലും എല്‍.ഡി.എഫിന് തന്നെയാണ് മുന്‍തൂക്കം. 181 ബൂത്തകളാണ് ആകെയുള്ളത്.

പോസ്റ്റല്‍ വോട്ടുകളാണ് ആദ്യം എണ്ണിയത്. തപാല്‍ സമരം കാരണം 12 പോസ്റ്റല്‍ വോട്ടുകള്‍ മാത്രമാണ് എത്തിയത്.

പതിമൂന്ന് റൗണ്ടുകളില്‍ വോട്ടെണ്ണല്‍ പൂര്‍ത്തിയാവും.12 മണിയോടെ പൂര്‍ണഫലം അറിയാന്‍ സാധിക്കും.

പതിന്നാല് മേശകളിലായി 42 ഉദ്യോഗസ്ഥര്‍ ഒരേസമയം എണ്ണലില്‍ പങ്കാളികളാകുന്നുണ്ട്. മൈക്രോ ഒബ്സര്‍വര്‍, കൗണ്ടിങ് സൂപ്പര്‍വൈസര്‍, കൗണ്ടിങ് അസിസ്റ്റന്റ് എന്നിങ്ങനെ മൂന്നുപേരടങ്ങുന്നതാണ് ഓരോ മേശയും.

KCN

more recommended stories