ബാങ്കു ജീവനക്കാരുടെ സമരത്തിനെതിരെ ഉപഭോക്താക്കളുടെ പിച്ചച്ചട്ടി സമരം

പാലാ: പൊതുജനത്തെ വലച്ച് കൂടുതല്‍ ആനുകൂല്യങ്ങള്‍ക്കായി സമരത്തിലേര്‍പ്പെട്ട ബാങ്ക് ഉദ്യോഗസ്ഥര്‍ക്കെതിരെ ഉപഭോക്താക്കളുടെ ‘പിച്ചച്ചട്ടി’ സമരം. സമരത്തിലേര്‍പ്പെട്ട ജീവനക്കാര്‍ക്കുവേണ്ടി ഉപഭോക്താക്കള്‍ പിച്ചച്ചട്ടിയില്‍ പിച്ചയെടുത്താണ് പ്രതിഷേധിച്ചത്. മഹാത്മാഗാന്ധി നാഷണല്‍ ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ പാലായിലെ യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയുടെ മുന്നിലാണ് സമരം സംഘടിപ്പിച്ചത്. ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എബി ജെ. ജോസ് സമരം പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു. രാജ്യത്ത് ഏറ്റവും കൂടുതല്‍ ആനുകൂല്യങ്ങള്‍ കൈപ്പറ്റുന്ന വിഭാഗത്തില്‍പ്പെട്ട ബാങ്ക് ജീവനക്കാര്‍ ഇനിയും ആനുകൂല്യങ്ങള്‍ക്കായി സമരം ചെയ്യുന്നത് സാമ്പത്തികമാന്ദ്യംമൂലം നട്ടം തിരിയുന്ന ജനങ്ങളോടുള്ള വെല്ലുവിളിയാണ്. ജീവനക്കാര്‍ക്ക് ആനുകൂല്യം ഇനിയും വര്‍ദ്ധിപ്പിച്ചാല്‍ അതിന്റെ ബാധ്യത ഉപഭോക്കാക്കളുടെ ചുമലിലാവും വന്നു ചേരുകയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതിനെതിരെ പൊതു സമൂഹം ഒറ്റക്കെട്ടായി പ്രതികരിക്കണം. ജീവനക്കാര്‍ക്കു നല്‍കിക്കൊണ്ടിരിക്കുന്ന ആനുകൂല്യങ്ങള്‍ സര്‍ക്കാര്‍ പുന:പരിശോധിക്കണമെന്നും എബി ജെ. ജോസ് ആവശ്യപ്പെട്ടു. പാലാ മുനിസിപ്പല്‍ മുന്‍ വൈസ് ചെയര്‍മാന്മാരായ അഡ്വ. സന്തോഷ് മണര്‍കാട്, ബെന്നി മൈലാടൂര്‍, മുന്‍ കൗണ്‍സിലര്‍ സാബു എബ്രാഹം, സാംജി പഴേപറമ്പില്‍, ബിനു പെരുമന, ജെയിസണ്‍ കൊല്ലപ്പള്ളി, ടോണി തൈപ്പറമ്പില്‍, തോമസുകുട്ടി മുകാല, ബൈജു ഇടത്തൊട്ടി, ജോഷി കുളത്തുങ്കല്‍ എന്നിവര്‍ പ്രസംഗിച്ചു. ബെന്നി മൈലാടൂരില്‍ നിന്നും പിച്ചച്ചട്ടിയിലേയ്ക്കുള്ള ആദ്യ സംഭാവന എബി ജെ.ജോസ് സ്വീകരിച്ചു. തുടര്‍ന്ന് ബാങ്ക് പടിക്കല്‍ പിച്ചച്ചട്ടി സ്ഥാപിച്ചു പ്രതിഷേധം പ്രകടിപ്പിച്ചു.

KCN

more recommended stories