ശമ്പളവുമില്ല ജോലിയുമില്ല; കുവൈത്തില്‍ കുടുങ്ങി എണ്‍പതു നഴ്‌സുമാര്‍

കുവൈത്ത്:  ശമ്പളവും ജോലിയുമില്ലാതെ എണ്‍പതോളം നഴ്‌സുമാര്‍ രണ്ടു വര്‍ഷമായി കുവൈത്തില്‍ കുടുങ്ങിക്കിടക്കുന്നു. ആരോഗ്യ മന്ത്രാലയത്തിന്റെ ബജറ്റില്‍ തുക വകയിരുത്താത്തതിനാല്‍ ഇവര്‍ക്ക് ജോലി നല്‍കാനാകില്ലെന്നാണ് അധികൃതരുടെ വിശദീകരണം.

കേരളത്തില്‍നിന്ന് കുവൈത്തിലേക്കുള്ള നഴ്‌സിങ് റിക്രൂട്ട്‌മെന്റ് വിവാദമായ സമയത്ത്, റിക്രൂട്ട്‌മെന്റ് നേടി കുവൈത്തിലെത്തിയ നഴ്‌സുമാരാണ് രണ്ടുവര്‍ഷമായി ജോലിയും ശമ്പളവുമില്ലാതെ പ്രതിസന്ധിയില്‍ കഴിയുന്നത്. 2015ല്‍ കുവൈത്ത് ആരോഗ്യമന്ത്രാലയം അധികൃതര്‍ ഇന്ത്യയിലെത്തി കൊച്ചിയിലും ഡല്‍ഹിയിലുമായി നടത്തിയ അഭിമുഖം വഴിയാണ് ഇവരെ തിരഞ്ഞെടുത്തത്.

എന്നാല്‍ കുവൈത്തിലെത്തി രണ്ടു വര്‍ഷം കഴിഞ്ഞെങ്കിലും ഇവര്‍ക്ക് അപ്പോയ്ന്റ്‌മെന്റ് ഓര്‍ഡറോ, ഇഖാമയോ ലഭിച്ചില്ല. ഇവരുടെ റിക്രൂട്ട്‌മെന്റ് സംബന്ധിച്ച ഫയലുകള്‍ കാണാതായെന്നാണ് അധികൃതര്‍ ആദ്യം നല്‍കിയ വിശദീകരണം. പിന്നീട് ഇവരില്‍ 18 പേര്‍ക്ക് ഇഖാമ നല്‍കിയെങ്കിലും നിയമനം നല്‍കിയില്ല. ഈ നഴ്‌സുമാര്‍ക്ക് ശമ്പളം നല്‍കാന്‍ സര്‍ക്കാര്‍ ബജറ്റില്‍ തുക വകയിരുത്തിയിട്ടില്ലെന്നാണ് ഇതിനു നല്‍കുന്ന ന്യായീകരണം.

നിലവില്‍ ഫര്‍വാനിയയിലെ ആരോഗ്യമന്ത്രാലയത്തിന്റെ ഹോസ്റ്റലിലാണ് ഇവര്‍ താമസിക്കുന്നത്. താമസവും ഭക്ഷണവും ലഭിക്കുന്നുണ്ടെങ്കിലും ഇഖാമയില്ലാത്തതിനാല്‍ പുറത്തിറങ്ങാന്‍ ഇവര്‍ക്ക് സാധിക്കില്ല. അനധികൃത താമസക്കാരെന്ന് ആരോപിച്ച് ഏതു നിമിഷവും പൊലീസിന് ഇവരെ അറസ്റ്റ് ചെയ്യാം. ജോലിയും ശമ്പളവുമില്ലാത്തതിനാല്‍ നാട്ടില്‍നിന്നു പണം വരുത്തിയും സുഹൃത്തുക്കളില്‍നിന്നു കടം വാങ്ങിയുമാണ് ഇവര്‍ അവശ്യചെലവുകള്‍ നടത്തുന്നത്.

KCN

more recommended stories