ചെറിയ കാറ്റില്‍ പോലും നാടാകെ ഇരുട്ടിലാകുന്നു; മഴക്കാല പൂര്‍വ പ്രവൃത്തികള്‍ നടത്താതെ കെ എസ് ഇ ബി

കാസര്‍കോട്: മഴക്കാലമായതോടെ ജില്ലയില്‍ വൈദ്യുതി മുടക്കമാണ് പ്രധാന പ്രശ്നം. ചെറിക കാറ്റടിച്ചാല്‍ പോലും വൈദ്യുതി വിതരണം മുടങ്ങുന്ന അവസ്ഥയാണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കാറ്റിലും മഴയിലും നിരവധി വൈദ്യുതി പോസ്റ്റുകളാണ് നിലംപൊത്തിയത്. പലേയിടത്തും മരച്ചില്ലകള്‍ വീണ് കമ്പികള്‍ പൊട്ടിവീണു. ബദിയടുക്ക, മുള്ളേരിയ സെക്ഷന്‍ പരിധിയില്‍ വൈദ്യുതി മുടക്കം പതിവ് സംഭവമാണ്. നിരവധി ബസുകളോടുന്ന പൈക്ക-മുള്ളേരിയ റൂട്ടില്‍ കോളിയടുക്കയില്‍ മരം വീണ് റോഡിലേക്ക് താഴ്ന്ന വൈദ്യുതി കമ്പി നാലു ദിവസമായിട്ടും പൂര്‍വ്വ സ്ഥിതിയിലേക്ക് ഉയര്‍ത്തികെട്ടിയില്ല.

ഗ്രാമപ്രദേശങ്ങളിലാണ് വൈദ്യുതി മുടക്കം വലിയ രീതിയില്‍ ബാധിക്കുന്നത്. ഈ ഭാഗങ്ങളില്‍ കറന്റ് പോയാല്‍ പിന്നെ രണ്ടു ദിവസത്തേക്ക് പ്രതീക്ഷിക്കേ വേണ്ട എന്ന സ്ഥിതിയാണ്. കാറ്റും മഴയില്ലെങ്കിലും ഈമേഖലയില്‍ കറന്റിന് വലിയ ആയുസില്ല. പലയിടത്തും രണ്ടുദിവസം മുമ്പ് പോയ കറന്‍്റ് ഇതുവരെ മിന്നിയിട്ടില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. നഗരപ്രദേശങ്ങളിലും വൈദ്യുതിയുടെ ഒളിച്ചുകളിയില്‍ പൊറുതി മുട്ടിയിരിക്കുകയാണ് ജനം. കഴിഞ്ഞ ഒരാഴ്ചയിലധികമായി നെല്ലിക്കുന്ന്, ബങ്കരക്കുന്ന്, കടപ്പുറം, ചേരങ്കൈ ഭാഗങ്ങളല്ലാം വൈദ്യുതി ബന്ധം നിലക്കുകയായിരുന്നു. ഒന്നോ രണ്ടോ മണിക്കുറല്ല, ഒരു ദിവസം മുഴുവനും. കഴിഞ്ഞ വ്യാഴാഴ്ച രാത്രിയോടെയുണ്ടായ ശക്തമായ കാറ്റില്‍ ഈ ഭാഗങ്ങള്‍ ഇരുട്ടിലായി.

കാലവര്‍ഷത്തിന് മുമ്പ് തീര്‍ക്കേണ്ട ജോലികള്‍ യഥാസമയം പൂര്‍ത്തിയാക്കത്തതാണ് വൈദ്യുതി മുടക്കത്തിന് കാരണമെന്നാണ് ആക്ഷേപം. പഴകിയ വൈദ്യുത കമ്പികളും ഫ്യൂസുകളും മറ്റുമടങ്ങുന്ന അനുബന്ധ ഉപകരണങ്ങളും മാറ്റി പുതിയവ ഘടിപ്പിക്കാനും നിര്‍ദ്ദേശമുണ്ട്. നഗരപ്രദേശങ്ങളില്‍ വൈദ്യുതി ലൈനില്‍ തട്ടിനില്‍ക്കുന്ന മരങ്ങള്‍ നീക്കം ചെയ്തിട്ടുണ്ടെങ്കിലും ജില്ലയിലെ മറ്റു ഭാഗങ്ങളില്‍ ഒന്നും കാര്യക്ഷമമായി നടന്നില്ല. ഗ്രാമപ്രദേശങ്ങളിലും മലയോര പ്രദേശങ്ങളിലുമാണ് വൈദ്യുതി മുടക്കം രൂക്ഷമാകുന്നത്. ഈ ഭാഗങ്ങളിലായി ആഴ്ചകളായി പകല്‍ രാത്രി ഭേദമില്ലാതെ വൈദ്യുതി മുടങ്ങുന്നത് പതിവാകുകയാണ്.

കാറ്റും മഴയും ഉണ്ടാക്കുന്ന അറ്റകുറ്റപ്പണികള്‍ക്കായി മാസത്തില്‍ മൂന്നോ നാലോ പ്രാവശ്യം മുന്നറിയിപ്പ് നല്‍കി വൈദ്യുതി ഓഫാക്കിയിടുന്നതും നാട്ടുകാര്‍ക്ക് ദുരിതമാണ് സമ്മാനിക്കുന്നത്. ബദിയടുക്കയിലും മുള്ളേരിയയിലും കുമ്പളയിലെ ചിലയിടങ്ങളിലും ഒരിക്കല്‍ കറന്റ് പോയാല്‍ ദിവസങ്ങളോളം വൈദ്യുതി ബന്ധം തടസപ്പെടുകയാണ്. കാര്യം അന്വേഷിച്ച് സെക്ഷന്‍ ഓഫീസുകളില്‍ വിളിച്ചാല്‍ വ്യക്തമായ മറുപടിയും ലഭിക്കുന്നില്ലെന്ന പരാതിയുമുണ്ട്.

KCN

more recommended stories