ഫഹദ് വധക്കേസ്; പ്രതി കുറ്റക്കാരനെന്ന് കണ്ടെത്തി

കാസര്‍കോട് : ഫഹദ് വധകേസില്‍ പ്രതി കുറ്റക്കാരനെന്ന് കണ്ടെത്തി. തെങ്ങുകയറ്റ തൊഴിലാളിയായ ഇരിയ കണ്ണോത്തെ വിജയനാണ്(31) ഫഹദ് വധക്കേസിലെ പ്രതി. 2015 ജൂലൈ 9ന് രാവിലെയാണ് കല്യോട്ടിന് സമീപത്തെ ചാന്തന്‍മുള്ളില്‍ നാടിനെ നടുക്കിയ അരുംകൊല നടന്നത്. കല്യോട്ട് ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ മൂന്നാംതരം വിദ്യാര്‍ഥിയായിരുന്ന ഫഹദ് സഹോദരിക്കൊപ്പം സ്‌കൂളിലേക്ക് പോകുമ്പോഴാണ് വിജയന്‍ വാക്കത്തിയുമായി ഇവര്‍ക്ക് സമീപമെത്തിയത്. കാസര്‍കോട് അഡി. സെഷന്‍ കോടതി(ഒന്ന് ) ജഡ്ജി ശശികുമാറാണ് കുറ്റകാരനെന്ന് കണ്ടെത്തിയത്.

ഭയചകിതനായി ഓടുന്നതിനിടെ ഒരുകാലിന് സ്വാധീനക്കുറവുള്ള കുട്ടി വീഴുകയും തുടര്‍ന്ന് കുട്ടിയെ വിജയന്‍ വാക്കത്തി കൊണ്ട് കഴുത്തിനും പുറത്തും തുരുതുരാ വെട്ടുകയുമായിരുന്നു. കുട്ടിയുടെ നിലവിളി കേട്ട് നാട്ടുകാര്‍ എത്തുകയും രക്തത്തില്‍ കുളിച്ച് കിടക്കുകയായിരുന്ന ഫഹദിനെ ഉടന്‍ തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയും ചെയ്തെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. കൊലപാതകത്തിന് ശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച വിജയനെ നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പ്പിക്കുകയായിരുന്നു.

KCN

more recommended stories