സ്‌കൂള്‍ വാനില്‍ നിന്ന് തെറിച്ചു വീണ് രണ്ട് വിദ്യാര്‍ഥികള്‍ക്ക് പരിക്ക്

പൊന്‍കുന്നം: ഓടുന്നതിനിടെ സ്‌കൂള്‍ വാനിന്റെ പിന്‍വാതിലിലൂടെ വിദ്യാര്‍ഥികള്‍ റോഡിലേക്ക് തെറിച്ചുവീണു. പൊന്‍കുന്നത്തെ സ്വകാര്യ സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ഥിനി ജോബിറ്റ് ജിയോ, ആറാം ക്ലാസ് വിദ്യാര്‍ഥിനി ആവണി രാജേന്ദ്രന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ല. കുട്ടികള്‍ റോഡിലേക്ക് തെറിച്ചുവീണത് ഡ്രൈവര്‍ അറിഞ്ഞില്ല. നിര്‍ത്താതെ പോയ വാന്‍ നാട്ടുകാര്‍ ബഹളംവെച്ച് നിര്‍ത്തിക്കുകയായിരുന്നു.

കുട്ടികളെയും കയറ്റി പൊന്‍കുന്നം തോണിപ്പാറ കയറ്റം കയറിവരുമ്പോള്‍ ചൊവ്വാഴ്ച രാവിലെ എട്ടരയോടെ വാനിന്റെ പിന്‍വാതില്‍ അപ്രതീക്ഷിതമായി തുറന്നുപോകുകയും വാനിന്റെ വശങ്ങളിലിരുന്ന കുട്ടികള്‍ റോഡിലേക്ക് തെറിച്ചുവീഴുകയുമായിരുന്നു. വിദ്യാര്‍ഥികളില്‍ ആരുടെയെങ്കിലും കൈ തട്ടി വാനിന്റെ വാതില്‍ തുറന്നുപോയതാകാമെന്ന് കരുതുന്നതായി പൊലീസ് പറഞ്ഞു.

സ്ഥിരമായി ഓടിച്ചിരുന്ന ഡ്രൈവര്‍ക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായതിനാല്‍ താല്‍ക്കാലികമായി നിയമിച്ചിരുന്നയാളാണ് വാന്‍ ഓടിച്ചിരുന്നത്. സ്‌കൂളില്‍ പഠിക്കുന്ന കുട്ടിയുടെ രക്ഷിതാവ് കൂടിയാണ് അപകടത്തില്‍പെട്ട വാനിന്റെ ഡ്രൈവറെന്നും ഇയാള്‍ക്ക് മതിയായ യോഗ്യതയുള്ളതായും പൊലീസ് പറഞ്ഞു. ഗ്രാമീണ റോഡായതിനാലും കയറ്റമായിരുന്നതിനാലും വാനിന് വേഗം കുറവായിരുന്നു. സ്‌കൂള്‍ വാന്‍ ഓടിച്ചിരുന്ന ഡ്രൈവര്‍ തോണിപ്പാറ പുന്നത്താനം വീട്ടില്‍ ഷൈനിനെതിരെ (34) അശ്രദ്ധമായി വാഹനം ഓടിച്ചതിനും

വാഹനത്തിലുണ്ടായിരുന്ന ഹെല്‍പറായ യുവതിക്കെതിരെ വാനിന്റെ വാതില്‍ സുരക്ഷിതമായി സംരക്ഷിക്കാതിരുന്നതിനും പൊന്‍കുന്നം പൊലീസ് കേസെടുത്തു. കസ്റ്റഡിയിലെടുത്ത ഇവരെ കാഞ്ഞിരപ്പള്ളി കോടതിയില്‍ ഹാജരാക്കി. ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കുന്നതടക്കമുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് മോട്ടോര്‍ വാഹനവകുപ്പ് അധികൃതര്‍ അറിയിച്ചു.

KCN

more recommended stories