സംസ്ഥാനത്തെ 500 പിഎച്ച്സികളെകൂടി കുടുംബാരോഗ്യകേന്ദ്രങ്ങളായി ഉയര്‍ത്തി

തിരുവനന്തപുരം: ജനങ്ങളുടെ ആരോഗ്യ സുരക്ഷ ദൗത്യമായി ഏറ്റെടുത്ത സര്‍ക്കാര്‍ സംസ്ഥാനത്ത് 500 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെകൂടി കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി ഉയര്‍ത്താന്‍ തീരുമാനിച്ചു. ആദ്യഘട്ടം 170 പിഎച്ച്സികളെ കുടുംബാരോഗ്യ കേന്ദ്രമായി (എഫ്എച്ച്സി)യായി ഉയര്‍ത്തിയതിന് പിന്നാലെയാണ് രണ്ടാംഘട്ടമായി 500 പിഎച്ച്സികളെകൂടി എഫ്എച്ച്സികളായി ഉയര്‍ത്തുന്നത് .

ഇതോടെ സംസ്ഥാനത്ത് 670 എഫ്എച്ച്സികളാകും. ആകെയുള്ള 858 പിഎച്ച്സികളില്‍ അവശേഷിക്കുന്ന 178 എണ്ണം അടുത്തഘട്ടമായി എഫ്എച്ച്സികളാക്കുമെന്ന് ആരോഗ്യ മന്ത്രി കെ കെ ശൈലജ അറിയിച്ചു. തിരുവനന്തപുരം 41, കൊല്ലം 38, പത്തനംതിട്ട 26, ആലപ്പുഴ 40, കോട്ടയം 34, ഇടുക്കി 25, എറണാകുളം 40, തൃശൂര്‍ 48, പാലക്കാട് 44, മലപ്പുറം 40, കോഴിക്കോട് 37, വയനാട് 15, കണ്ണൂര്‍ 50, കാസര്‍ഗോഡ് 22 എന്നിങ്ങനെയാണ് ജില്ലകളില്‍ കുടുംബാരോഗ്യ കേന്ദ്രം അനുവദിച്ചത്.

ആര്‍ദ്രം ദൗത്യത്തിന്റെ ഭാഗമായി സംസ്ഥാനത്തെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ എഫ്എച്ച്സിയായി ഉയര്‍്ത്തുന്നതോടെ സംസ്ഥാനത്തെ മുഴുവന്‍ വീടുകളിലും കുടുംബ ഡോക്ടറുടെ സേവനം ലഭ്യമാകും. കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ ഒ പി സമയം രാവിലെ ഒമ്ബതു മുതല്‍ വൈിട്ട് ആറുവരെയാണ്. നിലവില്‍ ഒരു ഡോക്ടറുടെ സേവനം മാത്രമുള്ള പിഎച്ച്സികള്‍ എഫ്എച്ച്സി ആകുന്നതോടെ മൂന്ന് ഡോക്ടര്‍മാരുടെ സേവനം ലഭ്യമാകും.

സ്റ്റാഫ് നഴ്സുമാര്‍, ലാബ് ടെക്നീഷ്യന്‍, ഫാര്‍മസിസ്റ്റ് തുടങ്ങിയവരെ തസ്തിക സൃഷ്ടിച്ച് നിയമിക്കും. പുതിയ എഫ്എച്ച്സികള്‍ക്കായി ഡോക്ടര്‍മാരുടെ ഉള്‍പ്പെടെ 3000 പുതിയ തസ്തികകള്‍ ആരോഗ്യ വകുപ്പില്‍ സൃഷ്ടിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ക്കും തുടക്കമായി. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റ ശേഷം 4200 പുതിയ തസ്തിക സൃഷ്ടിച്ച് ആരോഗ്യവകുപ്പ് ചരിത്രം സൃഷ്ടിച്ചിരുന്നു. പുതിയ എഫ്എച്ച്സികള്‍ക്കുള്ള തസ്തികകള്‍ കൂടി സൃഷ്ടിക്കുന്നതോടെ ആരോഗ്യ വകുപ്പില്‍ പുതിയ തസ്തികകളുടെ എണ്ണം ഏഴായിരം കവിയും. ഇത് സര്‍വകാല റെക്കോഡാണ്.

സര്‍ക്കാര്‍ ആശുപത്രികളുടെ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിച്ച് രോഗീസൗഹൃദ പരിചരണം സാധ്യമാക്കി മികച്ച സേവനം നല്‍കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ആര്‍ദ്രം മിഷന്റെ ഭാഗമായി മുഴുവന്‍ പിഎച്ച്സികളും എഫ്എച്ചസികളാകും. എഫ്എച്ച്സി പരിധിയിലെ ജനങ്ങള്‍ക്ക് സമഗ്രമായ ചികിത്സാ സംവിധാനങ്ങള്‍ ലഭ്യമാകും. ഓരോ കുടുംബത്തിനും ഡോക്ടറുടെ സ്ഥിരസേവനം ലഭ്യമാകുന്നതോടെ രോഗികളുടെ ചികിത്സാ കാര്യങ്ങളുടെ ഉത്തരവാദിത്തം കുടുംബ ഡോക്ടര്‍ക്കായിരിക്കും. തന്റെ കീഴിലുള്ള കുടുംബത്തിലെ അംഗത്തിന് ഏത് തരത്തിലുള്ള വിദഗ്ധ ചികിത്സ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ കുടുംബ ഡോക്ടറാണ് നിര്‍ദേശിക്കുക. കുടുംബ ഡോക്ടറെ സഹായിക്കാനും ആ പ്രദേശത്ത് പകര്‍ച്ചവ്യാധി ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ തടയാന്‍ പരിസരശുചീകരണത്തിന് കുടുംബ ഡോക്ടര്‍മാരടെ കീഴില്‍ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ആരോഗ്യവളണ്ടിയര്‍ സേനയും പ്രവര്‍ത്തിക്കും.

KCN

more recommended stories