ശക്തമായ മഴയില്‍ വയനാട് ജില്ലയില്‍ വന്‍ നാശനഷ്ടം; താഴ്ന്ന പ്രദേശങ്ങള്‍ പൂര്‍ണമായും വെള്ളത്തിനടിയില്‍

വയനാട്: ശക്തമായ മഴയില്‍ വയനാട് ജില്ലയില്‍ വന്‍ നാശനഷ്ടം. കനത്ത മഴയെ തുടര്‍ന്ന് താഴ്ന്ന പ്രദേശങ്ങള്‍ പൂര്‍ണമായും വെള്ളത്തിനടിയിലായി. കെ എസ് ഇ ബി സബ് സ്റ്റേഷനില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് ജീവനക്കാര്‍ കുടുങ്ങി. മണിയന്‍കോട് കെ.എസ്.ഇ.ബി സബ് സ്റ്റേഷനിലാണ് വെള്ളം കയറിയത്. തുടര്‍ന്ന് കുടുങ്ങിക്കിടന്ന മൂന്ന് ജീവനക്കാരെ പോലീസും അഗ്നിരക്ഷാ സേനയും ചേര്‍ന്ന് രക്ഷപ്പെടുത്തി. പുറത്ത് കടക്കാന്‍ കഴിയാതെ ജീവനക്കാര്‍ മണിക്കൂറുകളോളമാണ് കുടുങ്ങിയത്. തിങ്കളാഴ്ച ഉച്ചയോടെ പെയ്യാന്‍ തുടങ്ങിയ മഴയ്ക്ക് ഇതുവരെയും ശമനമില്ല.

അതിനിടെ കനത്ത മഴയില്‍ മേപ്പാടിയില്‍ ലത്തീഫിന്റേയും മറ്റൊരാളുടേയും വീടിന് മുകളില്‍ മണ്ണിടിഞ്ഞ് വീണു. വീട്ടിലുണ്ടായിരുന്നവര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. പനമരത്ത് പെട്രോള്‍ പമ്ബിന് മുകളില്‍ മണ്ണിടിഞ്ഞ് വീണെങ്കിലും ആളപായമില്ല. മാനന്തവാടി വെള്ളിയൂര്‍ കാവും പരിസരങ്ങളും വെള്ളത്തില്‍ മുങ്ങി. വൈത്തിരി താലൂക്കിലാണ് മഴ ഏറ്റവുമധികം ദുരിതം വിതച്ചത്. ദുരിത ബാധിതരെ തിങ്കളാഴ്ച രാത്രി തന്നെ ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് മാറ്റി പാര്‍പ്പിച്ചു. നൂറോളം കുടുംബങ്ങളാണ് വിവിധ ക്യാമ്ബുകളിലായി കഴിയുന്നത്. ജില്ലയുടെ പല ഭാഗത്തും ഉരുള്‍പൊട്ടല്‍ മണ്ണിടിച്ചില്‍ ഭീഷണിയിലാണെന്നും ജനങ്ങള്‍ യാത്ര ഒഴിവാക്കണമെന്നും ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

വിദ്യാലയങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി നല്‍കി. വെള്ളം കയറി ഒറ്റപ്പെട്ട പ്രദേശങ്ങളെ രക്ഷപ്പെടുത്തി ദുരിതാശ്വാസ ക്യാമ്ബിലെത്തിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്. പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനു വേണ്ടി നാല് കണ്‍ട്രോള്‍ റൂമുകള്‍ തുറന്നിട്ടുണ്ട്. കൂടാതെ അഞ്ച് ദുരിതാശ്വാസ ക്യാമ്ബുകളും പ്രവര്‍ത്തിക്കുന്നുണ്ട്. വൈദ്യുതി ബന്ധം താറുമാറായിട്ടും പരിമിതമായ സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തിയാണ് രാത്രിതന്നെ രക്ഷാപ്രവര്‍ത്തനം നടത്തിയത്.

KCN

more recommended stories