പീഡന വിവരം മറച്ചുവെച്ചു; ജനസേവ ശിശു ഭവന്‍ ചെയര്‍മാന്‍ ജോസ് മാവേലി അറസ്റ്റില്‍

ജനസേവ ശിശു ഭവന്‍ ചെയര്‍മാന്‍ ജോസ് മാവേലി അറസ്റ്റില്‍. ജനസേവയില്‍ നടന്ന പീഡന വിവരം മറച്ചുവെച്ചുവെന്നത് ഉള്‍പ്പടെയുള്ള കേസിലാണ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്.പീഡന വിവരം മറച്ചുവെച്ചതിന് ജനസേവയിലെ കമ്പ്യൂട്ടര്‍ അധ്യാപകനായ റോബിനെയും, പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ പീഡിപ്പിച്ച 19കാരനെയും ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു.

3 വര്‍ഷം മുന്‍പാണ് കേസിനാസ്പദമായ സംഭവം നടന്നത്.അതേക്കുറിച്ച് ക്രൈം ബ്രാഞ്ച് പറയുന്നതിങ്ങനെ. പ്രായപൂര്‍ത്തിയാകാത്ത 3 ആണ്‍കുട്ടികളെ ജനസേവയിലെ തന്ന അന്തേവാസിയായ 16കാരന്‍ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി. ഇക്കാര്യം പീഡനത്തിനിരയായവര്‍ ചെയര്‍മാനായ ജോസ് മാവേലിയെയും കമ്ബ്യൂട്ടര്‍ അധ്യാപകനായ റോബിനെയും അറിയിച്ചിരുന്നു.
എന്നാല്‍ ഇരുവരും ഈ വിവരം പോലീസിനെയോ ചൈല്‍ഡ് ലൈനിനെയോ അറിയിച്ചില്ല. ഇതെ തുടര്‍ന്ന് ഇവര്‍ക്കെതിരെ പോക്‌സോ വകുപ്പ് പ്രകാരം കേസെടുത്തിരുന്നു.തുടര്‍ നടപടിയെന്ന നിലയിലാണ് കുട്ടികളെ പീഡിപ്പിച്ച അന്തേവാസി ഉള്‍പ്പടെ 3 പേരെയും ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്.കേസില്‍ കൂടുതല്‍ പ്രതികള്‍ ഉണ്ടെന്ന് ക്രൈം ബ്രാഞ്ച് അറിയിച്ചു.

കൂടാതെ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് കുട്ടികളെ ജനസേവയിലെത്തിച്ച് ഇവരുടെ ഫോട്ടൊ എടുത്ത് പ്രദര്‍ശിപ്പിച്ച് അനധികൃതമായി പണം സമ്ബാദിച്ചതിനും ജോസ് മാവേലിക്കെതിരെ കേസെടുത്തിരുന്നു.

ജനസേവ ശിശുഭവന്‍ സര്‍ക്കാര്‍ ഏറ്റെടുത്തിരുന്നു.ഇത് ചോദ്യം ചെയ്ത് ജോസ് മാവേലി സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി നേരത്തെ പരിഗണിക്കവെ ജനസേവയില്‍ പീഡനം നടക്കുന്നുവെന്ന കുട്ടികളുടെ മൊഴി ഉള്‍പ്പടെയുള്ള സത്യവാങ്മൂലം സര്‍ക്കാര്‍ സമര്‍പ്പിച്ചിരുന്നു. ഇതിന് മറുപടി നല്‍കാന്‍ കഴിയാതെ ജനസേവ ഹര്‍ജി പിന്‍വലിക്കുകയും ചെയ്തിരുന്നു.

KCN

more recommended stories