ഇടുക്കിയില്‍ ജലനിരപ്പ് 2394.64 അടിയിലേക്ക് ; ഇന്ന് ഓറഞ്ച് അലര്‍ട്ട് , നാളെ ട്രയല്‍റണ്‍

ഇടുക്കി > ഇടുക്കി ഡാമില്‍ ജലനിരപ്പ് തിങ്കളാഴ്ച രാവിലെ 2394.64 അടിയായി ഉയര്‍ന്നു.ജലനിരപ്പ് 2397 അടിയിലെത്തിയാല്‍ 24 മണിക്കൂറിനകം തുറന്നുവിടാന്‍ വൈദ്യുതി വകുപ്പ് തീരുമാനിച്ചു.

ജലനിരപ്പ് 2395 അടിയിലെത്തിയാല്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിക്കും. തിങ്കളാഴ്ച ഉച്ചയോടെ ഓറഞ്ച് അലര്‍ട്ട് പ്രഖയാപിക്കും. ഡാം തുറക്കുന്നതിന്റെ ട്രയല്‍ റണ്‍ ചൊവ്വാഴ്ച നടക്കും. ഡാമിന്റെ ഷട്ടറുകള്‍ 40 സെന്റീമിറ്റര്‍ ഉയര്‍ത്തിയാണ് ട്രയല്‍ റണ്‍. പരീക്ഷണ തുറക്കലില്‍ ഏതൊക്കെ മേഖലകളിലേക്ക് വെള്ളം എത്താനുള്ള സാധ്യതകളുണ്ടെന്ന് പരിശോധിക്കും. അതിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ സുരക്ഷാക്രമീകരണങ്ങള്‍ സ്വീകരിക്കും.

ജലനിരപ്പ് 2400 അടിയിലെത്താന്‍ നോക്കാതെ 2397 അടിയെത്തുമ്‌ബോള്‍ ചെറുതോണി ഷട്ടര്‍ തുറക്കാനാണ് ആലോചന. അങ്ങനെവന്നാല്‍ ചൊവ്വാഴ്ച തുറക്കും. സംഭരണ ശേഷിയുടെ 90 ശതമാനം ജലനിരപ്പിലിപ്പോള്‍ ഡാം എത്തിച്ചേര്‍ന്നിട്ടുണ്ട്. 2403 അടിയാണ് ഡാമിന്റെ സംഭരണശേഷി. ഡാം തുറന്നാല്‍ ചെറുതോണി ടൗണ്‍ മുതല്‍ ആലുവ വരെ പെരിയാറില്‍ 90 കിലോമീറ്റിലാണ് വെള്ളമൊഴുകുക.

ഡാം തുറക്കേണ്ട സാഹചര്യമുണ്ടായാല്‍ സ്വീകരിക്കേണ്ട മുന്നൊരുക്കങ്ങളെ സംബന്ധിച്ച് ഇടുക്കി താലൂക്ക് ഓഫീസില്‍ ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും യോഗം ചേര്‍ന്നു. മുന്നൊരുക്കമായി സമീപത്തെ 12 പഞ്ചായത്തുകളിലെ 12 സ്‌കൂളുകളില്‍ ദുരിതാശ്വാസ ക്യാമ്ബ് തുറന്നു.

ഡാം തുറക്കുന്ന സാഹചര്യത്തില്‍ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും കൂട്ടായശ്രമത്തിലൂടെ അടിയന്തര സാഹചര്യങ്ങളെ നേരിടണമെന്നും പഞ്ചായത്ത് തലത്തില്‍ ശേഖരിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പ്രത്യേകമായ ആക്ഷന്‍പ്ലാന്‍ തയ്യാറാക്കി ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനും തീരുമാനമായി.

ഇടുക്കി തുറന്നാല്‍ ജലം ഒഴുകുന്ന അഞ്ച് പഞ്ചായത്തുകളില്‍ യോഗംചേര്‍ന്ന് സ്ഥിതിഗതികള്‍ പരിശോധിക്കും. ഈ മേഖലയില്‍ വീടുകള്‍ ഉള്‍പ്പെടെ 400 ഓളം കെട്ടിടങ്ങളുണ്ട്. ജനപ്രതിനിധികളും ഉദ്യോഗസ്ഥരും മാറ്റി പാര്‍പ്പിക്കേണ്ടവരുടെ വീടുകളില്‍ നേരിട്ടെത്തി നോട്ടീസ് നല്‍കും. ഡാം തുറക്കുന്നത് കാണാനായി ജില്ലയിലേക്ക് നിരവധി ആളുകള്‍ എത്തുന്നതിനാല്‍ അത്തരം സാഹചര്യത്തില്‍ അപകടങ്ങളുണ്ടാകാതിരിക്കാന്‍ പൊലീസ് കൂടുതല്‍ ജാഗ്രത പുലര്‍ത്തും.

ഇതിനിടെ വെള്ളം സുഗമമായി ഒഴുകുന്നതിനാവശ്യമായ മുന്‍ കരുതലുകള്‍ തുടങ്ങി. ചെറുതോണി പെരിയാര്‍ തീരങ്ങളിലെ തടസ്സങ്ങള്‍ ജെസിബി ഉപയോഗിച്ച് നീക്കം ചെയ്യുകയാണ്. മലയോര മേഖലകളില്‍ മഴ വീണ്ടും കനത്തതിനാല്‍ പരമാവധി വൈദ്യുതോല്‍പാദനം നടത്തിയിട്ടും ജലനിരപ്പ് ഉയരുകയാണ്. കഴിഞ്ഞ ദിവസം 91.20 മി.മീറ്റര്‍ മഴയാണ് പെയ്തത്. സംഭരണിയില്‍ 2394.18 അടിയായി ജലനിരപ്പ്. മൂലമറ്റത്ത് അഞ്ച് ജനറേറ്ററുകളിലൂടെ 14.50 ദശലക്ഷം യൂണിറ്റാണ് വൈദ്യുതോല്‍പാദനം.

ഇതിനിടെ, അണക്കെട്ട് തുറക്കുന്നതിന് മുന്നോടിയായി ദേശീയ ദുരന്തനിവാരണസേന ഞായറാഴ്ച രാത്രിയോടെ ഇടുക്കിയിലെത്തി. പഞ്ചായത്ത് അടിസ്ഥാനത്തില്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ വരുംദിവസങ്ങളില്‍ ദുരന്തനിവാരണസേന പരിശോധിക്കും. 50 അംഗ സേന പൈനാവ് യുപി സ്‌കൂളിലാണ് ക്യാമ്ബ് ചെയ്യുന്നത്. അത്യാവശ്യഘട്ടം വന്നാല്‍ രംഗത്തിറങ്ങാനാണ് തീരുമാനം.

KCN

more recommended stories