വടക്കന്‍ കര്‍ണാടകയ്ക്ക് സംസ്ഥാന പദവി: പ്രതിഷേധം; 13 ജില്ലകളില്‍ നാളെ ബന്ദ്

ബെംഗളൂരു വടക്കന്‍ കര്‍ണാടകയ്ക്ക് പ്രത്യേക സംസ്ഥാന പദവി നല്‍കണമെന്ന ആവശ്യവുമായി നാളെ ബന്ദ് നടത്താനിരിക്കെ, മേഖലയുടെ വികസനം സര്‍ക്കാര്‍ ഉറപ്പുവരുത്തണമെന്ന് ആവശ്യപ്പെട്ട് മുപ്പതോളം മഠാധിപതികള്‍ ബെളഗാവിയിലെ സുവര്‍ണ വിധാന്‍സൗധയ്ക്ക് മുന്നില്‍ പ്രതിഷേധവുമായി അണിനിരന്നു. അതേസമയം, പ്രത്യേക സംസ്ഥാന രൂപീകരണമല്ല തങ്ങളുടെ ആവശ്യമെന്നും വടക്കന്‍ കര്‍ണാടകയോട് മാറിമാറി വരുന്ന സര്‍ക്കാരുകള്‍ കാണിക്കുന്ന അവഗണന അവസാനിപ്പിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

ഹുക്കേരി മഠാധിപതി ചന്ദ്രശേഖര്‍ ശിവചാര്യ സ്വാമി, ചിക്കോഡി മഠാധിപതി അല്ലമ്മ പ്രഭു സ്വാമി, നിഡസോഷി മഠാധിപതി ശിവലിംഗേശ്വര സ്വാമിജി, നാഗന്നൂര്‍ രുദ്രാക്ഷി മഠാധിപതി സിദ്ധരാമ സ്വാമി എന്നിവരുടെ നേതൃത്വത്തിലാണ് ഗോഖക്, ബെളഗാവി, ബൈലഹൊങ്കല്‍, ഹുബ്ബള്ളി, ധാര്‍വാഡ് എന്നിവിടങ്ങളിലെ വിവിധ മഠങ്ങളില്‍ നിന്നുള്ള സന്യാസിമാര്‍ അണിനിരന്നത്. യെമകണ്‍മാറാടിയില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എ സതീഷ് ജാര്‍ക്കിഹോളി മഠാധിപന്മാരുടെ പ്രതിഷേധത്തെ പിന്തുണച്ച് രംഗത്തു വന്നു. വടക്കന്‍ കര്‍ണാടകയുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടാക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. എന്നാല്‍ സംസ്ഥാനത്തെ വെട്ടിമുറിക്കുന്നത് അനുകൂലിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇതിനിടെ, പ്രത്യേക സംസ്ഥാന ആശയത്തെ അനുകൂലിക്കുന്ന ചില ബിജെപി പ്രവര്‍ത്തകര്‍ മുഖ്യമന്ത്രി കുമാരസ്വാമിയുടെ ഹുബ്ബള്ളിയിലെ വസതിക്കു മുന്നില്‍ പ്രതിഷേധവുമായി എത്തി. ഇവരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. സഖ്യസര്‍ക്കാരിന്റെ ബജറ്റില്‍ വടക്കന്‍ കര്‍ണാടകയെ അവഗണിച്ചു എന്നാരോപിച്ച് ഉത്തര കര്‍ണാടക പ്രത്യേകരാജ്യ ഹോരാട്ട സമിതി, ഉത്തര കര്‍ണാടക വികാസ വേദികെ എന്നീ സംഘടനകളാണ് നാളെ മേഖലയിലെ 13 ജില്ലകളിലായി ബന്ദ് പ്രഖ്യാപിച്ചിരിക്കുന്നത്. അതിനിടെ പ്രത്യേക സംസ്ഥാന രൂപീകരണ ആവശ്യത്തിനെതിരെ ഇന്നലെ ചന്നപട്ടണയില്‍ കസ്തൂരി കര്‍ണാടക ജനാപര വേദി പ്രതിഷേധ റാലി നടത്തി. വിഭജന ആശയത്തെ പിന്തുണച്ച ബിജെപി എംഎല്‍എ ബി.ശ്രീരാമുലുവിന്റെ കട്ടൗട്ടില്‍ ചാണകം തളിച്ചു.

KCN

more recommended stories