അണക്കെട്ടുകള്‍ നിറഞ്ഞതോടെ കോളടിച്ചത് വൈദ്യുതിബോര്‍ഡിന്

തിരുവനന്തപുരം: മുമ്പൊരിക്കലും ഇല്ലാത്തവിധം അണക്കെട്ടുകള്‍ നിറഞ്ഞതോടെ കോളടിച്ചത് വൈദ്യുതിബോര്‍ഡിന്. കനത്ത മഴ കിട്ടിയത് കാരണം വൈദ്യുതിയുടെ ഉത്പാദനം കൂട്ടി ഇപ്പോള്‍ വൈദ്യുതി വില്‍ക്കുകയാണ് കേരളം.

ബിഹാറിലേക്കുമാത്രം 100 മെഗാവാട്ട് വൈദ്യുതിയാണ് കേരളം വില്‍ക്കുന്നത്. പകല്‍ നല്‍കുന്നതിന് യൂണിറ്റിന് നാലര രൂപയാണ് വില. ഉപയോഗം കൂടിയ സമയമായ വൈകീട്ട് ആറുരൂപയുമാണ് ഈടാക്കുന്നത്. മാത്രമല്ല, വാങ്ങിയ വൈദ്യുതി മടക്കി കൊടുത്ത് കടം വീഡാനും ഇപ്രാവശ്യം കഴിയുന്നു. ഹരിയാനയില്‍നിന്ന് കഴിഞ്ഞ വേനല്‍ക്കാലത്ത് വാങ്ങിയ വൈദ്യുതിയാണ് കേരളത്തിന് ഇപ്പോള്‍ തിരിച്ചു കൊടുക്കാന്‍ കഴിയുന്നത്.

ഇതിനുപുറമേ പവര്‍ എക്സ്ചേഞ്ചുവഴി ദിവസം 500-600 മെഗാവാട്ട് വേറെയും വില്‍ക്കുന്നുണ്ട്. ഇതിന്റെ വിലയില്‍ ഏറ്റക്കുറച്ചിലുണ്ട്. യൂണിറ്റ് അടിസ്ഥാനത്തില്‍ കണക്കാക്കിയാല്‍ ദിവസേന അരലക്ഷംമുതല്‍ ഒരുകോടി യൂണിറ്റുവരെയാണ് വില്‍പ്പന. ശരാശരി വില യൂണിറ്റിന് മൂന്നരരൂപയാണ്.
ഇപ്പോള്‍ 3.8 കോടി യൂണിറ്റ് ജലവൈദ്യുതിയാണ് സംസ്ഥാനം ദിവസേന ഉത്പാദിപ്പിക്കുന്നത്. ഇതാണ് വില്‍പ്പനയ്ക്ക് ബോര്‍ഡിനെ പ്രാപ്തമാക്കുന്നതെന്ന് ബോര്‍ഡ് വൃത്തങ്ങള്‍ പറഞ്ഞു. വില്‍പ്പനയില്‍നിന്ന് കിട്ടുന്ന വരുമാനംകൊണ്ട് പുറത്തുനിന്ന് വൈദ്യുതി വാങ്ങാനുള്ള ചെലവ് കുറയ്ക്കാനാണ് ശ്രമം.

ഉത്പാദനം കൂടിയതോടെ പുറത്തുനിന്ന് കരാറായ വൈദ്യുതി മുഴുവനായും കേരളത്തിന് എടുക്കേണ്ടിവരുന്നില്ല. ഇതില്‍ വിലകുറഞ്ഞ വൈദ്യുതി സ്വീകരിച്ച് അത് പവര്‍ എക്സ്ചേഞ്ചില്‍ അല്‍പംകൂടി ഉയര്‍ന്നവിലയ്ക്ക് വില്‍ക്കുന്നതുവഴിയും ബോര്‍ഡ് ലാഭമുണ്ടാക്കുന്നുണ്ട്.

ഈ മഴക്കാല വില്‍പ്പന ബോര്‍ഡിന് എത്രത്തോളം സാമ്പത്തിക നേട്ടമുണ്ടാക്കുമെന്ന് പറയാറായിട്ടില്ലെന്ന് ബോര്‍ഡ് വൃത്തങ്ങള്‍ പറയുന്നു. അണക്കെട്ടുകള്‍ തുറന്നുവിടേണ്ടി വന്നില്ലെങ്കില്‍ കൂടുതല്‍ വിലകിട്ടുന്ന വിപണി കണ്ടെത്തി വരുമാനമുണ്ടാക്കാനാവുമെന്ന പ്രതീക്ഷയിലാണ് ബോര്‍ഡ്. അണക്കെട്ടുകള്‍ തുറന്നുവിട്ട് വെള്ളം കുറഞ്ഞാല്‍ പവര്‍ എക്സ്ചേഞ്ചുവഴിയുള്ള അധികം ലാഭമില്ലാത്ത വില്‍പ്പനയില്‍ ഒതുങ്ങേണ്ടിവരും.

കനത്ത മഴ ലഭിച്ചത് കാരണം 150 കോടി യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള വെള്ളമാണ് ഇത്തവണ ഇതുവരെ ബോര്‍ഡിന്റെ അണക്കെട്ടുകളില്‍ അധികമായെത്തിയത്. ജൂലായ് മാസത്തിനകം ബോര്‍ഡിന്റെ ചരിത്രത്തിലിതേവരെ ഇത്രയും വെള്ളം കിട്ടിയിട്ടില്ല. അതുകൊണ്ടുതന്നെ ജലവൈദ്യുതി ഉത്പാദനം ഏറ്റവും ഉയര്‍ന്നതോതിലാണ് എന്ന് നിസംശയം പറയാം.

KCN

more recommended stories