വാജ്‌പേയിക്ക് രാജ്യം വിടനല്‍കി

ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രിയും ബിജെപിയുടെ മുതിര്‍ന്ന നേതാവുമായ അടല്‍ ബിഹാരി വാജ്‌പേയിക്കു രാജ്യം വിടനല്‍കി. ജനസഹസ്രങ്ങള്‍ സാക്ഷിനില്‍ക്കെ യമുനയുടെ തീരത്തെ ‘സ്മൃതിസ്ഥലി’ല്‍ ഇന്ത്യയുടെ അടല്‍ജിയെ അഗ്നിയേറ്റുവാങ്ങി. പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്‌കാരം. വാജ്‌പേയിയുടെ വളര്‍ത്തുമകള്‍ നമിത ഭട്ടാചാര്യയാണ് ചിതയ്ക്കു തീകൊളുത്തിയത്.

ഡല്‍ഹി കൃഷ്ണമേനോന്‍ മാര്‍ഗിലെ ആറാം നമ്പര്‍ വസതിയിലും ബിജെപി ആസ്ഥാനത്തും പൊതുദര്‍ശനത്തിനുവച്ച ഭൗതിക ശരീരത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, രാഷ്ട്രപതി രാംനാഥ് കോവിന്ദ് തുടങ്ങി സമസ്ത മേഖലകളിലെയും പ്രമുഖര്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. രാവിലെ 7.30 മുതല്‍ 8.30 വരെ പൊതുജനങ്ങള്‍ക്കും ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ അവസരം നല്‍കി.

ഒമ്ബതോടെ ദീന്‍ദയാല്‍ ഉപാധ്യായ മാര്‍ഗിലെ ബിജെപി ദേശീയ ആസ്ഥാനത്തേക്ക് ഭൗതികശരീരം സൈനിക വാഹനത്തില്‍ കൊണ്ടു പോയി. പിന്നീട് ഒരു മണിയോടെ ഭൗതിക ശരീരം ഇവിടെനിന്നും വിലാപയാത്രയായി ‘സ്മൃതിസ്ഥലി’ല്‍ എത്തിച്ചു. ആയിരക്കണക്കിന് ആളുകളാണ് വിലാപയാത്രയെ അനുഗമിച്ചത്. വഴിയരുകിലും തങ്ങളുടെ അടല്‍ജിയെ ഒരുനോക്ക് കാണാന്‍ ആയിരങ്ങള്‍ തടിച്ചുകൂടി.

KCN

more recommended stories