രോഗപ്രതിരോധ ശേഷിക്കും ആരോഗ്യത്തിനും ‘കര്‍ക്കിടകക്കഞ്ഞി’

കര്‍ക്കിടക മാസത്തില്‍ ദേഹരക്ഷയ്ക്കായി തയ്യാറാക്കി ഉപയോഗിക്കുന്ന കഞ്ഞിയാണ് കര്‍ക്കിടകക്കഞ്ഞി. രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാനും ആരോഗ്യം നിലനിര്‍ത്താനുമാണ് ഈ ഗൃഹ ഔഷധസേവയുടെ ഉദ്ദേശം. മുമ്പ്് തൊടിയില്‍ നിന്നും ഔഷധങ്ങള്‍ ശേഖരിച്ച് അവ ചേര്‍ത്ത് കഞ്ഞി ഉണ്ടാക്കുകയായിരുന്നു പതിവ്. പിന്നീട് ആയുര്‍വേദ കടകളില്‍ നിന്നും മരുന്നിനങ്ങള്‍ വാങ്ങി കഞ്ഞി ഉണ്ടാക്കി ഉപയോഗിച്ചു പോന്നു. ഇപ്പോള്‍ കര്‍ക്കിടക കഞ്ഞിക്കൂട്ട് എന്ന പേരില്‍ എല്ലാ ആയുര്‍വേദ സ്ഥപനങ്ങളും ഇത് വിപണിയില്‍ ലഭ്യമാക്കിയിട്ടുണ്ട്.
23 മുതല്‍ 30 വരെ ആയുര്‍വേദ ഔഷധങ്ങള്‍ ചേര്‍ത്താണ് ഈ ഔഷധ കഞ്ഞിക്കൂട്ട് ഉണ്ടാക്കുന്നത്. കുറുന്തോട്ടിവേര്, കരിങ്കുറിഞ്ഞി, അരിയാറ്, ജീരകം, ഉലുവ, അയമോദകം, ആശാളി, പുത്തരിച്ചുണ്ട വേര്, ചുക്ക് എന്നിവയാണ് ഇതിലെ പ്രധാന ഇനങ്ങള്‍. തഴുതാമ, കൈതോന്നി, മുയല്‍ച്ചെവിയന്‍, മുക്കുറ്റി, തിരുതാളി, വിഷ്ണുകാന്തി തുടങ്ങിയ ദശപുഷ്പങ്ങളും ഇതോടൊപ്പം ചേര്‍ക്കാറുണ്ട്. ഞവരയരിയാണ് കഞ്ഞിക്കായി ഉപയോഗിക്കുക. പൊടിയരി, ഗോതമ്ബ്, പച്ചരി, ചെറുപയര്‍ തുടങ്ങിയ ധാന്യങ്ങള്‍ ഒറ്റയ്‌ക്കോ കൂട്ടായോ കഞ്ഞിവച്ച് അതില്‍ ആവശ്യത്തിന് ഈ ഔഷധക്കൂട്ട് ചേര്‍ത്ത് ഉപയോഗിക്കാം. ആവശ്യമെങ്കില്‍ പശുവിന്‍ പാലോ തേങ്ങാപ്പാലോ ചേര്‍ക്കാം. ചുവന്നുള്ളി, ജീരകം എന്നിവ കുറച്ച് നെയ്യില്‍ മൂപ്പിച്ചെടുത്ത് കഞ്ഞിയില്‍ ചേര്‍ക്കാവുന്നതാണ്. സ്വാദിനായി ശര്‍ക്കര, ഏലക്കാ, ഗ്രാമ്ബു എന്നിവയും ചേര്‍ക്കാറുണ്ട്.
ഈ കഞ്ഞി ചുരുങ്ങിയത് ഏഴ് ദിവസം കഴിക്കണം. കര്‍ക്കിടകം മുഴുവന്‍ കഴിച്ചാല്‍ വളരെ നല്ലത്. കരള്‍ വീക്കത്തിനും ഹൃദയത്തകരാറുകള്‍ക്കും ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ക്കും ഇത് ശ്രേഷ്ഠമാണ്. ഈ ഔഷധ കഞ്ഞി കഴിക്കുന്നതു മൂലം അഗ്‌നി ദീപ്തിയുണ്ടാവുന്നു. വാത സംബന്ധമായ അസുഖം, ധാതുക്ഷയം, ത്വക്ക് രോഗങ്ങള്‍ എന്നിവ ശമിക്കുന്നു. ദഹന പ്രക്രിയയെ സഹായിക്കുന്നു.

KCN

more recommended stories