ധനുഷ് ചിത്രം ജഗമേ തന്തിരം നെറ്റ്ഫ്‌ലിക്‌സില്‍; റിലീസ് തീയ്യതി പ്രഖ്യാപിച്ചു

ഏറെ നാളായി കാത്തിരിക്കുന്ന ധനുഷ് ചിത്രം ജഗമേ തന്തിരം റിലീസ് തീയ്യതി പ്രഖ്യാപിച്ചു. നെറ്റ്ഫ്‌ലിക്‌സില്‍ പുറത്തിറങ്ങുന്ന ചിത്രം ജൂണ്‍ 18 ന് എത്തും. ഇക്കാര്യം നെറ്റ്ഫ്‌ലിക്‌സ് സോഷ്യല്‍മീഡിയയിലൂടെ ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്.

കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത ജഗമേ തന്തിരം ഏറെ നാളായി ആരാധകര്‍ കാത്തിരിക്കുന്ന ചിത്രമാണ്. കോവിഡിനെ തുടര്‍ന്നാണ് ചിത്രം ഒടിടി റിലീസിന് എത്തുന്നത്. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങേണ്ടിയിരുന്ന സിനിമ കോവിഡിനെ തുടര്‍ന്ന് നീട്ടിവെക്കുകയായിരുന്നു.
നേരത്തേ ചിത്രത്തിന്റെ സ്ട്രീമിങ് അവകാശം ലഭിച്ച വിവരം നെറ്റ്ഫ്‌ലിക്‌സ് അറിയിച്ചിരുന്നു. പുതിയ അറിയിപ്പ് പ്രകാരം ജൂണ്‍ 18ന് ചിത്രം നെറ്റ്ഫ്‌ലിക്‌സില്‍ പുറത്തിറങ്ങും. ഇതിനൊപ്പം സിനിമയുടെ പുതിയ പോസ്റ്ററും നെറ്റ്ഫ്‌ലിക്‌സ് പുറത്തുവിട്ടിട്ടുണ്ട്.

ലണ്ടന്‍ പശ്ചാത്തലമാക്കിയിരിക്കുന്ന ഗാങ്സ്റ്റര്‍ ചിത്രമാണ് ജഗമേ തന്തിരം. സുരുളി എന്ന ഗാങ്സ്റ്റര്‍ കഥാപാത്രത്തെയാണ് സിനിമയില്‍ ധനുഷ് അവതരിപ്പിക്കുന്നത്. 2020 ല്‍ ലോക്ക്ഡൗണിന് മുമ്ബ് തന്നെ സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കിയിരുന്നു. ലോക്ക്ഡൗണ്‍ സമയത്താണ് പോസ്റ്റ്‌പ്രൊഡക്ഷന്‍ ജോലികള്‍ തീര്‍ത്തത്.

സിനിമ തിയേറ്ററുകളില്‍ എത്തിക്കാന്‍ ഒമ്ബത് മാസത്തോളം കാത്തിരുന്നെങ്കിലും കോവിഡ് രൂക്ഷമാകുന്ന സാഹചര്യത്തിലാണ് ഒടിടി റിലീസ് തീരുമാനിച്ചത്. മലയാളി താരം ഐശ്വര്യ ലക്ഷ്മിയാണ് ചിത്രത്തില്‍ ധനുഷിന്റെ നായികയായി എത്തുന്നത്. സുരരൈ പോട്രിലൂടെ അപര്‍ണ ബാലമുരളി, കര്‍ണനിലൂടെ രജിഷ വിജയന്‍ എന്നീ നടിമാരുടെ ചിത്രങ്ങള്‍ക്ക് ശേഷം മലയാളത്തില്‍ നിന്നും മറ്റൊരു നടി കൂടി വമ്ബന്‍ തമിഴ് സിനിമയുടെ ഭാഗമാകുകയാണ്.

ജെയിംസ് കോസ്‌മോ, ജോജു ജോര്‍ജ്, കലൈയരസന്‍, സഞ്ജന നടരാജന്‍, ദീപക് പരമേഷ്, വടിവുക്കരാസി എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. സന്തോഷ് നാരായണനാണ് സിനിമയ്ക്ക് സംഗീതം ഒരുക്കിയിരിക്കുന്നത്.

കര്‍ണനാണ് ധനുഷിന്റെ ഏറ്റവും ഒടുവിലായി പുറത്തിറങ്ങിയ ചിത്രം. പരിയേറും പെരുമാളിന് ശേഷം മാരി സെല്‍വരാജ് സംവിധാനം ചെയ്ത ചിത്രത്തില്‍ രജിഷ വിജയനായിരുന്നു നായികയായി എത്തിയത്.

KCN

more recommended stories