വില കുറഞ്ഞാലും ഉടയില്ല ടാറ്റയുടെ ഉരുക്കുറപ്പ്

സിപ്‌ട്രോണ്‍ പവര്‍ട്രെയിന്‍ ഉപയോഗപ്പെടുത്തി പരിഷ്‌കരിച്ച ടിഗോര്‍ ഇവിയെ കഴിഞ്ഞ ദിവസമാണ് ടാറ്റാ മോട്ടോഴ്‌സ് വിപണിയില്‍ അവതരിപ്പിച്ചത്. സുരക്ഷയുടെ കാര്യത്തില്‍ ടാറ്റയുടെ ഉരക്കുറപ്പിന്റെ കരുത്തുമായാണ് പുത്തന്‍ ടിഗോര്‍ ഇവി എത്തുന്നത്. ഗ്ലോബര്‍ എന്‍ക്യാപ് ക്രാഷ് ടെസ്റ്റില്‍ ഫോര്‍ സ്റ്റാര്‍ റേറ്റിങ്ങ് നേടിയാണ് ടിഗോര്‍ ഇവി സുരക്ഷ തെളിയിച്ചിരിക്കുന്നത്. സേഫര്‍ കാര്‍സ് ഫോര്‍ ഇന്ത്യ ഉദ്യമത്തിന്റെ ഭാഗമായാണ് ടിഗോര്‍ ഇ.വി. ക്രാഷ് ടെസ്റ്റിനിറങ്ങിയത്.

കുട്ടികളുടെയും മുതിര്‍ന്നവരുടെയും സുരക്ഷയില്‍ ഫോര്‍ സ്റ്റാര്‍ റേറ്റിങ്ങാണ് ഈ വാഹനത്തിന് ലഭിച്ചിട്ടുള്ളത്. പെട്രോള്‍ എന്‍ജിന്‍ ടിഗോറിനെക്കാള്‍ മികച്ച റിസള്‍ട്ടാണ് ഇലക്ട്രിക് മോഡല്‍ ക്രാഷ് ടെസ്റ്റില്‍ നേടിയിട്ടുള്ളതെന്നാണ് വിലയിരുത്തല്‍. കഴിഞ്ഞ വര്‍ഷം ടിഗോറിന്റെ പെട്രോള്‍ എന്‍ജിന്‍ പതിപ്പും ക്രാഷ് ടെസ്റ്റില്‍ പങ്കെടുക്കുകയും മൂന്ന് സ്റ്റാര്‍ റേറ്റിങ്ങ് സ്വന്തമാക്കുകയും ചെയ്തിരുന്നു.

കുട്ടുകള്‍ക്ക് സുരക്ഷ ഒരുക്കുന്നതില്‍ 37.24 മാര്‍ക്ക് നേടിയാണ് ഫോര്‍ സ്റ്റാര്‍ റേറ്റിങ്ങിന് അര്‍ഹമായത്. കുട്ടുകളുടെ സുരക്ഷയില്‍ 34.14 പോയന്റാണ് റെഗുലര്‍ ടിഗോറിന് ലഭിച്ചിട്ടുള്ളത്. മുതിര്‍ന്നവരുടെ സുരക്ഷയില്‍ 12 പോയന്റ് ടിഗോര്‍ ഇ.വി. നേടിയപ്പോള്‍ റെഗുലര്‍ മോഡലില്‍ ഇത് 12.52 പോയന്റായിരുന്നു. ടിഗോര്‍ ഇ.വിയുടെ അടിസ്ഥാന മോഡലാണ് ക്രാഷ് ടെസ്റ്റിനായി ഇറക്കിയിരുന്നത്. നെക്സോണ്‍, അള്‍ട്രോസ് തുടങ്ങിയ വാഹനങ്ങള്‍ ക്രാഷ് ടെസ്റ്റില്‍ നടത്തിയ ഗംഭീര വിജയത്തിന് പിന്നാലെയാണ് പുത്തന്‍ ടിഗോര്‍ ഇവിയുടെ ഈ നേട്ടവും. ആദ്യമായി ക്രാഷ് ടെസ്റ്റിന് വിധേയമാകുന്ന ഇലക്ട്രിക് വാഹനമാണ് ടിഗോര്‍ ഇവിയെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

കുറഞ്ഞ വിലയില്‍ ലഭിക്കുന്ന കൂടുതല്‍ റേഞ്ച് നല്‍കുന്ന ഇലക്ട്രിക് വാഹനം എന്ന വിശേഷണത്തോടെ ഓഗസ്റ്റ് 31നാണ് പുത്തന്‍ ടിഗോര്‍ ഇവി വിപണിയില്‍ എത്തിയത്. നാല് വേരിയന്റുകളില്‍ എത്തുന്ന ഈ മോഡലിന് 11.99 ലക്ഷം രൂപ മുതല്‍ 12.99 ലക്ഷം രൂപ വരെയാണ് എക്സ്ഷോറും വില . രാജ്യത്ത് ലഭ്യമാകുന്ന ഏറ്റവും കാര്യക്ഷമതയുള്ള വിലകുറഞ്ഞ ഇവി കാര്‍ എന്ന പ്രത്യേകതയുമായാണ് ടിഗോര്‍ നിരത്തിലെത്തുന്നത്. ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 306 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ പുത്തന്‍ ടിഗോര്‍ ഇവിക്ക് സാധിക്കും എന്നാണ് ടാറ്റ മോട്ടോഴ്സ് വ്യക്തമാക്കുന്നത്. എ.ആര്‍.എ.ഐ. സാക്ഷ്യപ്പെടുത്തിയ റേഞ്ചാണ് 306 കിലോമീറ്റര്‍ റേഞ്ച്. നെക്‌സോണ്‍ ഇവിയില്‍ പ്രവര്‍ത്തിക്കുന്ന അതേ സിപ്‌ട്രോണ്‍ പവര്‍ട്രെയിനാണ് ടിഗോറിലും ഉള്‍പ്പെടുത്തിയത്. നെക്സോണ്‍ ഇ.വി. 312 കിലോമീറ്റര്‍ റേഞ്ചാണ് ഉറപ്പുനല്‍കിയിട്ടുള്ളത്. കൂടുതല്‍ വേഗത്തിലുള്ള ചാര്‍ജിങും കൂടുതല്‍ മൈലേജും ഉറപ്പാക്കിയാണ് ടിഗോര്‍ ഇവി മുഖം മിനുക്കുന്നത്.

26 സണവ ശേഷിയുള്ള ലിക്വിഡ് കൂള്‍ഡ്, ഐ.പി. 67 റേറ്റഡ് ഹൈ എനര്‍ജി ഡെന്‍സിറ്റി ബാറ്ററിയാണ് ടിഗോര്‍ ഇ.വിയുടെ ഹൃദയം. ഇതിനൊപ്പം 74 ബി.എച്ച്.പി. പവറും 170 എന്‍.എം. ടോര്‍ക്കുമേകുന്ന ഇലക്ട്രിക് മോട്ടോറാണ് ടിഗോര്‍ ഇ.വിയില്‍ ഉണ്ട്. ബാറ്ററി പാക്കിനും ഇലക്ട്രിക് മോട്ടോറിന് എട്ട് വര്‍ഷം അല്ലെങ്കിലും 1,60,000 കിലോമീറ്റര്‍ വാറണ്ടിയും ഉറപ്പാക്കിയിട്ടുണ്ടെന്നാണ് ടാറ്റ മോട്ടോഴ്സ് അറിയിച്ചിട്ടുള്ളത്.

സാധാരണ ഹോം ചാര്‍ജര്‍ ഉപയോഗിച്ച് വാഹനം ചാര്‍ജ് ചെയ്താല്‍ 80 ശതമാനം എത്താന്‍ 8.5 മണിക്കൂര്‍ എടുക്കും. എന്നാല്‍ ഡി.സി ഫാസ്റ്റ് ചാര്‍ജര്‍ ഉപയോഗിച്ച് ഒരു മണിക്കൂര്‍കൊണ്ട് 80 ശതമാനം ചര്‍ജ് നിറയ്ക്കാം. നെക്സണിലെ റീജനറേറ്റീവ് ബ്രേക്കിങും സിപ്ട്രോണ്‍ ടെകിന്റെപ്രത്യേകതയാണ്. ഇതും ടിഗോറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കേവലം 5.7 സെക്കന്റില്‍ പൂജ്യത്തില്‍ നിന്ന് 60 കിലോമീറ്റര്‍ വേഗത കൈവരിക്കാനും ഈ ഇലക്ട്രിക് സെഡാന് കഴിയും. ഡ്യുവല്‍ എയര്‍ബാഗ്, എ.ബി.എസ്, ഇ.ബി.ഡി, കോര്‍ണര്‍ സ്റ്റെബിലിറ്റി കണ്‍ട്രോള്‍ തുടങ്ങിയ സുരക്ഷ സംവിധാനങ്ങളും ഇതിലുണ്ട്.

KCN

more recommended stories