ചൈനീസ് വേരുകള്‍ ഒഴിവാക്കി പുതിയ പബ്ജി ഗെയിമെത്തി

ന്യൂഡല്‍ഹി: ഗെയിമര്‍മാര്‍ പ്രതീക്ഷയോടെ കാത്തിരുന്ന പുതിയ പബ്ജി ഗെയിം ഇന്ത്യയില്‍ അവതരിപ്പിച്ചു. പബ്ജി ന്യൂ സ്‌റ്റേറ്റ് എന്ന പുതിയ ഗെയിമാണ് ദക്ഷിണ കൊറിയന്‍ വിഡിയോ ഗെയിം ഡെവലപ്പറും പബ്ജിയുടെ നിര്‍മാതാക്കളുമായ ക്രാഫ്റ്റണ്‍ ആഗോളതലത്തില്‍ ലോഞ്ച് ചെയ്തിരിക്കുന്നത്.

ഗൂഗ്ള്‍ പ്ലേ സ്‌റ്റോറില്‍ പോയാല്‍ പുതിയ പേരിലെത്തിയ ഗെയിം ഡൗണ്‍ലോഡ് ചെയ്യാം. ആപ്പിള്‍ പ്ലേ സ്‌റ്റോറില്‍ നവംബര്‍ 12 മുതലാണ് ലഭ്യമാകുക.

2020 സെപ്റ്റംബറില്‍ ചൈനീസ് കമ്ബനിയായ ടെന്‍സെന്റിന്റെ കീഴിലുള്ള പബ്ജി മൊബൈല്‍ ഇന്ത്യയില്‍ നിരോധിച്ചിരുന്നു. ഇതോടെ ഇന്ത്യന്‍ വിപണിക്ക് അനുയോജ്യമായ രീതിയില്‍ മാറ്റം വരുത്തി ചൈനീസ് ബന്ധം ഉപേക്ഷിച്ചുകൊണ്ട് ക്രാഫ്റ്റണ്‍ ബാറ്റില്‍ഗ്രൗണ്ട് മൊബൈല്‍ ഇന്ത്യ (Battlegrounds Mobile India, ബി.ജി.എം.ഐ) എന്ന പേരില്‍ മറ്റൊരു ഗെയിം ലോഞ്ച് ചെയ്യുകയായിരുന്നു. ബി.ജി.എം.ഐയുടെ വികസനത്തിനായി ചൈന ആസ്ഥാനമായ ടെന്‍സന്റുമായുള്ള ബന്ധം ഉപേക്ഷിക്കുന്നതായി ക്രാഫ്റ്റണ്‍ നേരത്തേ വ്യക്തമാക്കിയിരുന്നു. അതിനാല്‍ തന്നെ പുതിയ പബ്ജി ന്യൂ സ്‌റ്റേറ്റ് വികസിപ്പിച്ചെടുത്തതില്‍ ചൈനീസ് കമ്ബനിക്ക് പങ്കില്ലെന്നാണ് വിവരം.

ഗൂഗ്ള്‍ പ്ലേയില്‍ ഏകദേശം 1.4 ജി.ബി സൈസുള്ളതാണ് പബ്ജി ന്യൂ സ്‌റ്റേറ്റ്. വിവിധ ഫോണുകളില്‍ വ്യത്യസ്ഥ സൈസുകളിലായിരിക്കും. ആന്‍ഡ്രോയ്ഡ് വേര്‍ഷന്‍ 6 അല്ലെങ്കില്‍ അതിന് മുകളിലുള്ള ഫോണുകളില്‍ ഗെയിം സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാം.

ആഗോളതലത്തില്‍ 17 ഭാഷകളില്‍ പുതിയ ഗെയിം ലഭ്യമാകുമെന്ന് ക്രാഫ്റ്റണ്‍ അറിയിച്ചു. സ്മാര്‍ട്ട്‌ഫോണ്‍ ഗെയിമര്‍മാര്‍ക്ക് പുത്തന്‍ അനുഭവങ്ങള്‍ സമ്മാനിക്കുന്നതാണ് പുതിയ പബ്ജിയെന്നാണ് നിര്‍മാതാക്കളുടെ അഭിപ്രായം. പബ്ജി പോലെ ഒരു ബാറ്റില്‍ റോയല്‍ ഗെയിം, പബ്ജിയില്‍ ഉള്ളതുപോലെ ഇന്‍-ഗെയിം ഇവന്റുകളും പുതുപുത്തന്‍ ഔട്ട്ഫിറ്റുകളും തോക്കും പടക്കോപ്പുകളുമെല്ലാം തന്നെ ‘പബ്ജി ന്യൂ സ്‌റ്റേറ്റിലും’ ഉണ്ടാകും.

പബ്ജി ന്യൂ സ്‌റ്റേറ്റ് വിശേഷങ്ങള്‍

പബ്ജി മൊബൈല്‍, ബി.ജി.എം.ഐ, കോള്‍ ഓഫ് ഡ്യൂട്ടി തുടങ്ങിയ ഗെയിമുകള്‍ പിന്തുടര്‍ന്നുപോരുന്ന ബാറ്റില്‍ റോയല്‍ ഫോര്‍മാറ്റിലുള്ള ഗെയിമാണ് പബ്ജി ന്യൂ സ്‌റ്റേറ്റും. എന്നാല്‍, പുതിയ ലൊക്കേഷനും ആയുധങ്ങളും ഗെയിം പ്ലേ രീതികളും എലമെന്റുകളുമാണ് മറ്റ് ഗെയിമുകളുമായി ക്രാഫ്റ്റണ്‍ നിര്‍മിച്ച ന്യൂ സ്‌റ്റേറ്റിനെ വ്യത്യസ്തമാക്കുന്നത്.

2051-ലാണ് ഗെയിം സജ്ജീകരിച്ചിരിക്കുന്നത്. ഗെയിമേഴ്‌സിന് ആസ്വദിക്കാനായി മൂന്ന് പതിറ്റാണ്ടിന് ശേഷമുള്ളതായി തോന്നിക്കുന്ന ഗെയിം ലൊക്കേഷനും നല്‍കിയിട്ടുണ്ട്. പബ്ജി മൊബൈലില്‍ നേരത്തെയുണ്ടായിരുന്ന എറാങ്കല്‍ (Erangel) എന്ന മാപ്പിനോട് സാമ്യതകളുണ്ടെങ്കിലും പുതിയ ഏരിയകളും അതിനൂതനമായ കെട്ടിടങ്ങളും വാഹനങ്ങളും മറ്റ് സൗകര്യങ്ങളും നിറച്ച് ഭാവിയിലെ ലോകത്തെ വരച്ചുകാട്ടാനും ഗെയിം ഡെവലപ്പര്‍മാര്‍ ശ്രമിച്ചിട്ടുണ്ട്.

KCN

more recommended stories