ഉദ്ഘാടനത്തിന് കാത്തു നില്‍ക്കാതെ പള്ളിക്കര റെയില്‍വേ മേല്‍പാലം താല്‍കാലികമായി തുറന്നുകൊടുത്തു; ഗേറ്റ് അടച്ചിട്ടു

നീലേശ്വരം: പള്ളിക്കര റെയില്‍വേ മേല്‍പാലം ഉദ്ഘാടനത്തിന് കാത്ത് നില്‍ക്കാതെ താല്‍കാലികമായി തുറന്നു കൊടുത്തു. ദേശീയപാതയില്‍ വാഹനങ്ങള്‍ പോയി കൊണ്ടിരുന്ന പള്ളിക്കര റെയില്‍വേ ഗേറ്റ് അറ്റകുറ്റപ്പണികള്‍ക്കായി അടച്ചിടുന്നതിനാലാണ് പണി മുഴുവനായും പൂര്‍ത്തിയായ മേല്‍പാലം ഗതാഗതത്തിനായി തുറന്ന് കൊടുത്തത്. ഇതോടെ ദേശീയപാതയില്‍ കേരളത്തില്‍ ഉണ്ടായിരുന്ന എക റെയില്‍വേ ഗേറ്റും ഒഴിവായിരിക്കുകയാണ്. മേല്‍പാലം വഴി ഗതാഗതം ക്രമീകരിച്ച് ജില്ലാ കലക്ടര്‍ കെ ഇമ്പശേഖരനാണ് ഉത്തരവിട്ടത്. ദേശീയപാത അതോറിറ്റി, നല്‍കിയ താല്‍കാലിക പൂര്‍ത്തീകരണ കത്ത് കണക്കിലെടുത്താണ് കലക്ടറുടെ ഉത്തരവ്. വാഹനങ്ങളുടെ സുഗമമായ ഗതാഗതം ഉറപ്പാക്കാനാണ് റെയില്‍വേ മേല്‍പാലം വഴിയുള്ള ഗതാഗതം തിരിച്ചുവിട്ടത്. പള്ളിക്കര റെയില്‍വേ ഗേറ്റ് വഴി ഗതാഗതം നടത്തുന്ന എല്ലാ വാഹനങ്ങള്‍ക്കും പുതുതായി നിര്‍മിച്ച റെയില്‍വേ മേല്‍പാലം ഉപയോഗിക്കുന്നതിനായി വഴിതിരിച്ചുവിടും. മറ്റൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഗതാഗത ക്രമീകരണം തുടരുമെന്നാണ് കലക്ടര്‍ അറിയിച്ചിരിക്കുന്നത്. എല്ലാ യാത്രക്കാരും വാഹനമോടിക്കുന്നവരും പൊതുജനങ്ങളും ഗതാഗത സേവനങ്ങള്‍ പ്രയോജനപ്പെടുത്തണമെന്നും വഴിതിരിച്ചുവിടല്‍ അടയാളങ്ങളും ട്രാഫിക് പൊലീസ് വഴി നല്‍കുന്ന നിര്‍ദേശങ്ങളും പാലിക്കണമെന്നും കലക്ടര്‍ നിര്‍ദേശിച്ചു. ഗതാഗത നിയന്ത്രണത്തിനായി അധിക പൊലീസിനെ വിന്യസിക്കാനായി ട്രാഫിക് പൊലീസ് വകുപ്പിന് കലക്ടര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. പ്രധാന കവലകളിലും മറ്റിടങ്ങളിലും ഗതാഗതം നിയന്ത്രിക്കാന്‍ ചുമതല നല്‍കും. ശരിയായ മാര്‍ഗനിര്‍ദേശത്തിനായി തന്ത്രപ്രധാനമായ സ്ഥലങ്ങളില്‍ സൂചനാ ബോര്‍ഡുകളും ഗേറ്റ് അടച്ചിട്ടത് സംബന്ധിച്ചും ബോര്‍ഡുകള്‍ സ്ഥാപിക്കുന്നുണ്ട്. അറ്റകുറ്റപ്പണികള്‍ വേഗത്തിലാക്കാനും ഉറപ്പാക്കാനുമാണ് പുതിയ തീരുമാനം. പൊതുജനങ്ങളുടെ സുരക്ഷയും സൗകര്യവും പരിഗണിച്ച് എല്ലാവരുടെയും സഹകരണം ഉണ്ടാവണമെന്നും കലക്ടര്‍ അഭ്യര്‍ഥിച്ചിട്ടുണ്ട്.പാലത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം ഉടനെ നടത്തി, തുടര്‍ന്നും ഗതാഗതം മേല്‍പാലം വഴിയാക്കാനാണ് അധികൃതരുടെ തീരുമാനമെന്ന് അറിയുന്നു. പാലത്തിലൂടെയുള്ള എല്ലാ സുരക്ഷാ പരിശോധനയും നടന്നു. ദേശീയപാത അതോറിറ്റിയുടെ ഉന്നത ഉദ്യോഗസ്ഥര്‍ വ്യാഴാഴ്ച രാവിലെ ഏഴു മണിയോടെ കണ്ടയ്നര്‍ ലോറി കടത്തിവിട്ടു കൊണ്ടാണ് പള്ളിക്കര മേല്‍പാലത്തില്‍ ഗതാഗതം അനുവദിച്ചത്. ഏറെ ആഹ്ളാദത്തോടെയാണ് ജനങ്ങളും വാഹന ഉടമകളും തീരുമാനത്തെ സ്വാഗതം ചെയ്തത്.

KCN

more recommended stories