12.2 കോടി നല്‍കണമെന്ന് ആര്‍ബിഐ

 

സ്വകാര്യമേഖലയിലെ മുന്‍നിര ബാങ്കുകളില്‍ ഒന്നായ ഐസിഐസിഐ ബാങ്കിന് പിഴ ചുമത്തി ആര്‍ബിഐ. വായ്പാ നിയമങ്ങള്‍ ലംഘിച്ചതിനും തട്ടിപ്പ് റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ കാലതാമസം വരുത്തിയതിനുമാണ് പിഴ. 12.2 കോടിയാണ് പിഴയായി ഐസിഐസിഐ ബാങ്ക് നല്‍കേണ്ടത്.
ആര്‍ബിഐ ഇതുവരെ ചുമത്തിയതില്‍വെച്ച് റെക്കോര്‍ഡ് പിഴയാണ് ഇത്. ഇതിനു മുന്‍പ് എച്ച്ഡിഎഫ്സി ബാങ്കിനാണ് ആര്‍ബിഐ ഏറ്റവും കൂടുതല്‍ പിഴ ചുമത്തിയത്. 10 കോടി രൂപയാണ് വാഹന വായ്പകളിലെ ക്രമക്കേടുകള്‍ക്ക് എച്ച്ഡിഎഫ്സി ബാങ്കിന് നല്‍കേണ്ടി വന്നത്. മാത്രമല്ല, നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ സ്വകാര്യ ബാങ്കുകളില്‍ നിന്ന് ഈടാക്കിയ മൊത്തം പിഴയായ 12.17 കോടി രൂപയെക്കാള്‍ കൂടുതലുമാണ് ഇത്.
ഐസിഐസിഐ ബാങ്കിന്റെ സാമ്പത്തിക സ്ഥിതി വിലയിരുത്തുന്നതിനായി 2020ലെയും 2021ലെയും ഇടപാടുകള്‍ ആര്‍ബിഐ പരിശോധിച്ചു. ഇതില്‍ ആര്‍ബിഐയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ച്, വായ്പ നല്‍കുന്ന രണ്ട് ഡയറക്ടര്‍മാര്‍ ബോര്‍ഡ് സ്ഥാനങ്ങള്‍ വഹിക്കുന്ന കമ്പനികള്‍ക്ക് ബാങ്ക് വായ്പ നല്‍കിയതായി ആര്‍ബിഐ കണ്ടെത്തി. കൂടാതെ, തട്ടിപ്പുകള്‍ യഥാസമയം ആര്‍ബിഐയെ അറിയിക്കുന്നതില്‍ ഐസിഐസിഐ ബാങ്ക് പരാജയപ്പെട്ടു.
ഈ ക്രമക്കേടുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ആര്‍ബിഐ ബാങ്കിന് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചിരുന്നു. നോട്ടീസിന് ബാങ്കിന്റെ മറുപടി പരിഗണിച്ച ശേഷം കുറ്റം തെളിയിക്കപ്പെട്ടതായി ആര്‍ബിഐ നിഗമനത്തിലെത്തി. തുടര്‍ന്ന് പണപ്പിഴ ചുമത്തി. വ്യക്തിഗത ഹയറിങ്ങിന് ശേഷമാണ് പിഴ ചുമത്തിയത്. പണപ്പിഴ ചുമത്തേണ്ട ആവശ്യകത ഉണ്ടെന്ന് ആര്‍ബിഐ പ്രസ്താവനയില്‍ എടുത്തു പറഞ്ഞു.

KCN

more recommended stories