ഇടിച്ചുതെറിപ്പിച്ചത് 5 പേരെ, 23കാരിക്ക് ദാരുണാന്ത്യം

 

അമിതവേഗതയില്‍ നിയന്ത്രണം തെറ്റിയെത്തിയ കാര്‍ നടപ്പാതയിലേക്ക് ഇടിച്ചുകയറി കാല്‍നടയാത്രക്കാരെ ഇടിച്ചുതെറിപ്പിച്ചു. അപകടത്തില്‍ ഒരു യുവതി കൊല്ലപ്പെടുകയും നാല് പേര്‍ക്ക് ഗുരുതര പരിക്കേല്‍ക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം വൈകുന്നേരമാണ് സംഭവം. മംഗളൂരുവിലെ മന്നഗുഡ്ഡ ജംഗ്ഷനു സമീപത്തെ ഫുട്പാത്തിലൂടെ ആളുകള്‍ നടക്കുമ്പോഴാണ് സംഭവം. കമലേഷ് ബല്‍ദേവ് എന്നയാള്‍ ഓടിച്ച വെളുത്ത ഹ്യുണ്ടായ് ഇയോണ്‍ കാറാണ് രണ്ട് സ്ത്രീകളെയും മൂന്ന് പെണ്‍കുട്ടികളെയും ഇടിച്ചുതെറിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു.

പിന്നില്‍ നിന്ന് വന്ന കാര്‍ ആദ്യം നാലുപേരെ ഇടിക്കുകയും പിന്നീട് ഒരു സ്ത്രീയുടെ മുകളിലൂടെ പാഞ്ഞുകയറുകയും ചെയ്യുകയായിരുന്നു. ഫുട്പാത്തിലെ ഒരു തൂണ്‍ തകര്‍ക്കുകയും ഡിവൈഡറില്‍ ഇടിക്കുന്നതിന് മുമ്പ് സ്ത്രീയെ ഏതാനും മീറ്ററുകളോളം വലിച്ചിഴയ്ക്കുകയും ചെയ്തു. ഞെട്ടിക്കുന്ന അപകടത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയിലൂടെ പുറത്തുവന്നു.

ആറ് സെക്കന്‍ഡിനുള്ളില്‍ പ്രതി അഞ്ച് പേരെ ഇടിച്ചുതെറിപ്പിച്ചു. അപകടത്തിന് ശേഷം കാര്‍ ഷോറൂമിന് മുന്നില്‍ പാര്‍ക്ക് ചെയ്ത് ഇയാള്‍ തന്റെ വീട്ടിലേക്ക് പോയി. പിന്നീട് പിതാവിനൊപ്പം പൊലീസ് സ്റ്റേഷനില്‍ ഹാജരായതായി പൊലീസ് പറഞ്ഞു. അപകടത്തില്‍പ്പെട്ടവരെ പ്രദേശത്തുള്ളവരെത്തി ആശുപത്രിയില്‍ എത്തിച്ചു. ഇരുപത്തിമൂന്നുകാരിയായ രൂപശ്രീ എന്ന യുവതിയാണ് മരിച്ചത്. ഡ്രൈവര്‍ക്കെതിരെ വിവിധ വകുപ്പുകള്‍ ചുമത്തി കേസെടുത്തെന്ന് പൊലീസ് അറിയിച്ചു.

KCN

more recommended stories