മാക്‌സ്‌വെലിന്റെ ഒറ്റയാള്‍ പോരാട്ടം; അഫ്ഗാനെ വീഴ്ത്തി ഓസീസ് സെമിയില്‍

മുംബൈ: ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച വ്യക്തിഗത പ്രകടനങ്ങളിലൊന്നുമായി മുംബൈ വാങ്കഡെ സ്റ്റേഡിയത്തില്‍ റണ്‍മഴ പെയ്യിച്ച ഗ്ലെന്‍ മാക്‌സ്‌വെലിന്റെ മികവില്‍, അഫ്ഗാനിസ്ഥാനെതിരായ ലോകകപ്പ് പോരാട്ടത്തില്‍ ഓസ്‌ട്രേലിയയ്ക്ക് അവിസ്മരണീയ വിജയം. ആവേശം വാനോളമുയര്‍ന്ന മത്സരത്തില്‍ ഓസീസ് അഫ്ഗാനെ വീഴ്ത്തിയത് മൂന്നു വിക്കറ്റിന്. അഫ്ഗാനിസ്ഥാന്‍ ഉയര്‍ത്തിയ 292 റണ്‍സ് വിജയലക്ഷ്യം പിന്തുടരുമ്പോള്‍ ഒരു ഘട്ടത്തില്‍ ഏഴിന് 91 റണ്‍സ് എന്ന നിലയില്‍ തകര്‍ന്ന ഓസീസിന്, ഐതിഹാസിക പ്രകടനവുമായി കളംനിറഞ്ഞ ഗ്ലെന്‍ മാക്‌സ്‌വെലിന്റെ ഇരട്ടസെഞ്ചറിയാണ് തീര്‍ത്തും അവിശ്വസനീയമായ വിജയം സമ്മാനിച്ചത്. 128 പന്തുകള്‍ നേരിട്ട മാക്‌സ്വെല്‍ 10 സിക്‌സും 21 ഫോറും സഹിതം 201 റണ്‍സുമായി പുറത്താകാതെ നിന്നു. ജയത്തോടെ ഓസ്‌ട്രേലിയ സെമി ബര്‍ത്ത് ഉറപ്പിച്ചു. അഫ്ഗാന്റെ സെമിപ്രതീക്ഷകള്‍ ഏറെക്കുറെ അസ്തമിച്ചു.

സ്‌കോര്‍: അഫ്ഗാനിസ്ഥാന്‍ 50 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 291. ഓസ്‌ട്രേലിയ 46.5 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 293 റണ്‍സ്.

പിരിയാത്ത എട്ടാം വിക്കറ്റില്‍ ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സിനൊപ്പം 170 പന്തില്‍ 202 റണ്‍സിന്റെ കൂറ്റന്‍ കൂട്ടുകെട്ട് തീര്‍ത്താണ് മാക്‌സ്‌വെല്‍ ടീമിന് മിന്നും വിജയം സമ്മാനിച്ചത്. ഈ കൂട്ടുകെട്ടില്‍ കമ്മിന്‍സിന്റെ സംഭാവന 68 പന്തില്‍ ഒരേയൊരു ഫോര്‍ സഹിതം 12 റണ്‍സ് മാത്രം. മത്സരത്തിനിടെ ശക്തമായി അലട്ടിയ പുറംവേദനയും മസിലു കയറ്റവും അവഗണിച്ചാണ് മാക്‌സ്‌വെല്‍ ക്രീസില്‍ ഉറച്ചുനിന്ന് ടീമിനെ വിജയത്തിലെത്തിച്ചത്. സിംഗിളുകള്‍ ഓടാനുള്ള ബുദ്ധിമുട്ടിനെത്തുടര്‍ന്ന് ബൗണ്ടറികള്‍ മാത്രം ശ്രദ്ധ പതിപ്പിച്ചായിരുന്നു മാക്‌സ്‌വെലിന്റെ ബാറ്റിങ്. ആകെ നേടിയ 201 റണ്‍സില്‍ 144 റണ്‍സും മാക്‌സ്‌വെല്‍ കണ്ടെത്തിയത് ബൗണ്ടറിയിലൂടെത്തന്നെ! കളി തീരാന്‍ 19 പന്തുകള്‍ അവശേഷിക്കെയാണ് മാക്‌സ്വെല്‍ വിജയറണ്‍ കുറിച്ചത്.

KCN

more recommended stories