പഞ്ച് ഇല്ലാതെ പഞ്ചാബ്, നിരാശപ്പെടുത്തി ജിതേഷ്; ആര്‍സിബിക്ക് 177 റണ്‍സ് വിജയലക്ഷ്യം.രണ്ടാം വിക്കറ്റില്‍ പ്രഭ്സിമ്രാന്‍ സിംഗും(17 പന്തില്‍ 25) ധവാനും ചേര്‍ന്ന് അര്‍ധസെഞ്ചുറി കൂട്ടുകെട്ടുയര്‍ത്തി പഞ്ചാബിനെ 9 ഓവറില്‍ 72 റണ്‍സിലെത്തിച്ചു.

ബെംഗലൂരു: ഐപിഎല്ലില്‍ ആദ്യ ജയം തേടിയിറങ്ങിയ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗലൂരുവിന് പഞ്ചാബ് കിംഗ്‌സിനെതിരെ 177 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 176 റണ്‍സെടുത്തു. 45 റണ്‍സെടുത്ത ക്യാപ്റ്റന്‍ ശീഖര്‍ ധവാനാണ് പഞ്ചാബിന്റെ ടോപ് സ്‌കോറര്‍. ആര്‍സിബിക്കായി ഗ്ലെന്‍ മാക്‌സ്വെല്ലും മുഹമ്മദ് സിറാജും രണ്ട് വിറ്റ് വീതമെടുത്തു.

ബെയര്‍‌സ്റ്റോക്ക് വീണ്ടും നിരാശ

ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ പഞ്ചാബിന് തുടക്കത്തിലെ ഓപ്പണര്‍ ജോണി ബെയര്‍‌സ്റ്റോയെ(8) നഷ്ടമായി. എന്നാല്‍ രണ്ടാം വിക്കറ്റില്‍ പ്രഭ്സിമ്രാന്‍ സിംഗും(17 പന്തില്‍ 25) ധവാനും ചേര്‍ന്ന് അര്‍ധസെഞ്ചുറി കൂട്ടുകെട്ടുയര്‍ത്തി പഞ്ചാബിനെ 9 ഓവറില്‍ 72 റണ്‍സിലെത്തിച്ചു. പിന്നീടെത്തിയ ലിയാം ലിവിങ്സ്റ്റണ്‍ സ്‌കോര്‍ 100 കടക്കും മുമ്പ് മടങ്ങി. അല്‍സാരി ജോസഫിനായിരുന്നു വിക്കറ്റ്. ഒരു റണ്‍ പോലും കൂട്ടിച്ചേര്‍ക്കുന്നതിന് മുമ്പ് ക്യാപ്റ്റന്‍ ശിഖര്‍ ധവാനെ(37 പന്തില്‍ 45) മടക്കിയ ഗ്ലെന്‍ മാക്‌സ്വെല്‍ പഞ്ചാബിന് ബ്രേക്കിട്ടു.

അവസാന ഓവറുകളില്‍ തകര്‍ത്തടിക്കാന്‍ നോക്കിയ ജിതേഷ് ശര്‍മയും(20 പന്തില്‍ 27), സാം കറനും(17 പന്തില്‍ 23) ചേര്‍ന്ന് പഞ്ചാബിനെ 150 കടത്തിയെങ്കിലും കറനെ യാഷ് ദയാലും ജിതേഷിനെ സിറാജും മടക്കിയതോടെ അവസാന ഓവറുകളില്‍ പഞ്ചാബ് പതറി. അല്‍സാരി ജോസഫ് എറിഞ്ഞ അവസാന ഓവറില്‍ രണ്ട് സിക്‌സും ഒരു ഫോറും അടക്കം 20 റണ്‍സടിച്ച ശശാങ്ക് സിംഗാണ്(8 പന്തില്‍ 21*) പഞ്ചാബിനെ പൊരുതാവുന്ന സ്‌കോറിലെത്തിച്ചത്. ആര്‍സിബിക്കായി സിറാജ് 26 റണ്‍സിന് രണ്ട് വിക്കറ്റെടുത്തപ്പോള്‍ മാക്‌സ്വെല്‍ 29 റണ്‍സിന് രണ്ട് വിക്കറ്റും യാഷ് ദയാലും അല്‍സാരി ജോസഫും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. ആദ്യ മത്സരത്തില്‍ ആര്‍ സിബി ചെന്നൈ സൂപ്പര്‍ കിംഗ്‌സിനോട് തോറ്റപ്പോള്‍ പഞ്ചാബ് കിംഗ്‌സ് ഡല്‍ഹി ക്യാപിറ്റല്‍സിനെ തോല്‍പ്പിച്ചിരുന്നു.

KCN

more recommended stories