സജി യുഡിഎഫിലേക്ക് മടങ്ങിയേക്കില്ല; തല്‍ക്കാലം ഒരു പാര്‍ട്ടിയിലേക്കുമില്ലെന്നും സജി മഞ്ഞക്കടമ്പില്‍

 

കോട്ടയം: യുഡിഎഫിലേക്ക് തിരിച്ചു പോകില്ലെന്ന സൂചന നല്‍കി കോട്ടയം ജില്ല യുഡിഎഫ് ചെയര്‍മാന്‍ സ്ഥാനം രാജിവെച്ച സജി മഞ്ഞക്കടമ്പില്‍. മോന്‍സ് ജോസഫിന്റെ നേതൃത്വത്തിലുള്ള യുഡിഎഫിലേക്ക് തിരിച്ചുപോയാല്‍ ദുരന്തമാകുമെന്നും സജി മഞ്ഞക്കടമ്പില്‍ പറഞ്ഞു. പ്രശ്‌നങ്ങള്‍ തിരുവഞ്ചൂരടക്കം കോണ്‍?ഗ്രസിലെ പ്രധാന നേതാക്കളെ അറിയിച്ചിട്ടുണ്ട്. തല്‍ക്കാലം ഒരു പാര്‍ട്ടിയിലേക്കുമില്ലെന്നും സജി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ജോസ് കെ മാണിയുടെ നല്ല വാക്കുകളില്‍ അഭിമാനിക്കുന്നു എന്നും സജി കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ദിവസമാണ് സജി മഞ്ഞക്കടമ്പില്‍ കോട്ടയം യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ സ്ഥാനവും ജോസഫ് ഗ്രൂപ്പ് ജില്ലാ പ്രസിഡന്റ് സ്ഥാനവും രാജിവച്ചത്. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ സഹകരിപ്പിക്കുന്നില്ലെന്നായിരുന്നു സജിയുടെ പരാതി. സജിയുടെ രാജിയില്‍ കോണ്‍ഗ്രസ് നേതൃത്വം കടുത്ത അതൃപ്തി രേഖപ്പെടുത്തി. സജി മഞ്ഞക്കടമ്പിലിനെ തിരിച്ചു കൊണ്ടുവരാനുള്ള കോണ്‍ഗ്രസ് നീക്കവും പാളിയിരുന്നു. കോണ്‍ഗ്രസ് നേതാക്കളുടെ അനുനയ നീക്കത്തോട് സജി അനുകൂലമായി പ്രതികരിക്കാന്‍ തയാറാകാത്തതാണ് പ്രശ്‌നം.

തിരഞ്ഞെടുപ്പിന്റെ നിര്‍ണായക ഘട്ടത്തില്‍ മുന്നണിയുടെ ജില്ലാ ചെയര്‍മാന്റെ രാജിയില്‍ നടുങ്ങിപ്പോയ കോണ്‍ഗ്രസ് പ്രശ്‌നം തീര്‍ക്കാന്‍ ശ്രമിച്ചെങ്കിലും വഴങ്ങാന്‍ സജി തയാറായിട്ടില്ല . മോന്‍സ് ജോസഫുമായി സഹകരിച്ച് മുന്നോട്ടു പോകാനാകില്ലെന്ന് സജി നിലപാട് എടുത്തതോടെയാണ് ചര്‍ച്ചകള്‍ വഴി മുട്ടിയത് . പി ജെ ജോസഫിനോട് ഫോണില്‍ പോലും സംസാരിക്കാനും സജി തയാറാകാതെ വന്നതോടെ കോണ്‍ഗ്രസ് നേതൃത്വവും ഒത്തു തീര്‍പ്പു നീക്കങ്ങളില്‍ നിന്ന് തല്‍ക്കാലത്തേക്ക് പിന്‍മാറി. സജിക്ക് പകരം യുഡിഎഫ് ജില്ലാ ചെയര്‍മാനായി മുതിര്‍ന്ന നേതാവ് ഇ ജെ അഗസ്തിയെ നിയമിക്കാന്‍ പിജെ ജോസഫ് തീരുമാനിക്കുകയും ചെയ്തു.

സജി മഞ്ഞക്കടമ്പിലിനെ പുകഴ്ത്തി ജോസ് കെ മാണി രംഗത്തെത്തിയിരുന്നു. സജി മഞ്ഞക്കടമ്പില്‍ മികച്ച സംഘാടകന്‍ ആണെന്നും പൊളിറ്റിക്കല്‍ ക്യാപ്റ്റന്‍ ആണ് പുറത്ത് വന്നതെന്നുമാണ് ജോസ് കെ മാണിയുടെ പരാമര്‍ശം. ജില്ലയിലെ പാര്‍ട്ടിയുടെ ഒന്നാമനാണ് രാജിവെച്ചതെന്ന് ചൂണ്ടിക്കാണിച്ച ജോസ് കെ മാണി അതൊരു ചെറിയ കാര്യമായി കാണാന്‍ കഴിയില്ലെന്നും യുഡിഎഫിന്റെ പതനം ആണ് സൂചിപ്പിക്കുന്നതെന്നും വ്യക്തമാക്കി.

KCN

more recommended stories