വര്‍ഗീയത ആളിക്കത്തിക്കാന്‍ മോദി ശ്രമിക്കുന്നു’,തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കാന്‍ കോണ്‍ഗ്രസ് നീക്കം

 

ദില്ലി : പ്രകടനപത്രികയില്‍ മുസ്ലീം പ്രീണനമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആരോപണത്തിനെതിരെ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷനിലേക്ക്. വര്‍ഗീയത ആളിക്കത്തിക്കാന്‍ മോദി ശ്രമിക്കുന്നുവെന്ന് പരാതി നല്‍കും.

ഉത്തരേന്ത്യയിലെ തെരഞ്ഞെടുപ്പ് റാലികളിലുടനീളം പ്രകടനപത്രിക ആയുധമാക്കി കോണ്‍ഗ്രസിനെതിരെ ന്യൂനപക്ഷ പ്രീണനമെന്ന ആക്ഷേപം മോദി കടുപ്പിക്കുകയാണ്. വയനാട്ടിലെ രാഹുല്‍ ഗാന്ധിയുടെ മത്സരത്തിന്റെ പശ്ചാത്തലത്തിലാണ് മുസ്ലീം ലീഗ് നിലപാട് പ്രകടനപത്രികയിലൂടെ കോണ്‍ഗ്രസ് പ്രചരിപ്പിക്കുന്നുവെന്ന ആക്ഷേപം മോദി ഏറ്റെടുത്തിരിക്കുന്നത്.

വര്‍ഗീയ വിഭജനത്തിനുള്ള കൃത്യമായ അജണ്ടയാണ് പ്രധാനമന്ത്രി നടപ്പാക്കുന്നതെന്ന് കോണ്‍ഗ്രസ് തിരിച്ചടിച്ചു. വര്‍ഗീയത പ്രചരിപ്പിച്ച് വോട്ട് നേടാനുള്ള പ്രധാനമന്ത്രിയുടെ നീക്കത്തിനെതിരെ ഉടന്‍ തെരഞ്ഞടെുപ്പ് കമ്മീഷന് പരാതി നല്‍കുമെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി.

മോദിക്ക് പിന്നാലെ ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദയും ലീഗ് പ്രീണന ആക്ഷേപം ഏറ്റെടുത്തു. ലീഗിന് കോണ്‍ഗ്രസ് കീഴടങ്ങിയെന്നതിന്റെ തെളിവാണ് വയനാട്ടിലെ രാഹുലിന്റെ പ്രചാരണത്തില്‍ നിന്ന് കോണ്‍ഗ്രസിന്റെ കൊടി ഒഴിവാക്കിയതെന്നും ജെ പി നദ്ദ ആരോപിച്ചു. മോദിയുടെ ന്യൂനപക്ഷ വിരുദ്ധത പ്രചാരണ വിഷയമാക്കുമെന്ന് എഐസിസി നേതൃത്വം വ്യക്തമാക്കി. ന്യൂനപക്ഷ മേഖലകളിലടക്കം വിഷയം സജീവ ചര്‍ച്ചയാക്കും. പ്രകടനപത്രികയില്‍ അഭിപ്രായം അറിയിക്കണമെന്ന രാഹുലിന്റെ ആഹ്വാനത്തിന് മികച്ച പ്രതികരണമാണ് കിട്ടുന്നതെന്നും , നല്ല നിര്‍ദ്ദേശങ്ങള്‍ അനുബന്ധ പത്രികയായി ഇറക്കാന്‍ ആലോചനയുണ്ടെന്നും നേതാക്കള്‍ വ്യക്തമാക്കി.

KCN

more recommended stories