കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസ്: എംകെ കണ്ണന് വീണ്ടും ഇഡി നോട്ടീസ്

 

തൃശൂര്‍: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പിലെ കള്ളപ്പണ ഇടപാട് കേസില്‍ സിപിഎം സംസ്ഥാന സമിതി അംഗം എംകെ കണ്ണനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വീണ്ടും ചോദ്യം ചെയ്യും. ബുധനാഴ്ച ഹാജരാവാന്‍ ആവശ്യപ്പെട്ട് കണ്ണന് ഇഡി നോട്ടീസ് നല്‍കി. സെപ്തംബര്‍ 29ന് രണ്ടാംതവണ ചോദ്യം ചെയ്യലിനായി വിളിപ്പിച്ചെങ്കിലും വിറയല്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വിട്ടയക്കുകയായിരുന്നു. ഇതിനുശേഷം ഒക്ടോബറില്‍ സ്വത്ത് വിവരങ്ങളുടെ പട്ടിക രേഖകളുടെ പകര്‍പ്പുകള്‍ സഹിതം എത്തിക്കാന്‍ ആവശ്യപ്പെട്ടിരുന്നതില്‍ ഭാഗികമായ രേഖകള്‍ മാത്രമേ നല്‍കിയിട്ടുള്ളൂവെന്നാണ് ഇഡി അറിയിച്ചത്. വീണ്ടും വിളിപ്പിക്കുമെന്ന് അന്ന് തന്നെ അറിയിച്ചിരുന്നുവെങ്കിലും ഉണ്ടായില്ല.

കരുവന്നൂര്‍ സഹകരണ ബാങ്ക് ബിനാമി വായ്പ തട്ടിപ്പിന്റെ ഭാഗമായി നടന്ന കള്ളപ്പണം വെളുപ്പിക്കല്‍ കേസിലെ ഒന്നാം പ്രതി പി സതീഷ്‌കുമാറിന് വേണ്ടി കണ്ണന്‍ പ്രസിഡന്റായുള്ള തൃശൂര്‍ സഹകരണ ബാങ്കില്‍ നടന്ന സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ചാണ് കണ്ണനെ ചോദ്യം ചെയ്തത്. സതീഷ്‌കുമാറിന്റെ ഇടപാടുകളുമായി ബന്ധപ്പെട്ട് തൃശൂര്‍ സഹകരണ ബാങ്കിലും അയ്യന്തോള്‍ സഹകരണ ബാങ്കിലും ഇഡി പരിശോധന നടത്തിയിരുന്നു.

KCN

more recommended stories