അനില്‍ ആന്റണി വാങ്ങിയ പണം തിരികെ കിട്ടാന്‍ ഇടപെടണമെന്ന് നന്ദകുമാര്‍ ആവശ്യപ്പെട്ടു’: വെളിപ്പെടുത്തി പി ജെ കുര്യന്‍

 

പത്തനംതിട്ട: പത്തനംതിട്ടയിലെ ബിജെപി സ്ഥാനാര്‍ത്ഥി അനില്‍ ആന്റണിക്കെതിരെ ദല്ലാള്‍ ടി ജി നന്ദകുമാറിന്റെ ആരോപണം ശരിവെച്ച് കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാവ് പി ജെ കുര്യന്‍. നന്ദകുമാര്‍ തന്നെ വന്ന് കണ്ടിരുന്നുവെന്നും അനില്‍ ആന്റണി വാങ്ങിയ പണം തിരികെ കിട്ടാന്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ടിരുന്നുവെന്നും പി ജെ കുര്യന്‍ വെളിപ്പെടുത്തി. എത്ര രൂപയാണ് കിട്ടാനുള്ളതെന്നോ, എന്തിന് വേണ്ടിയാണ് പണം നല്‍കിയത് എന്നോ തനിക്കറിയില്ലെന്നും പി ജെ കുര്യന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

നന്ദകുമാറുമായി തനിക്ക് നല്ല പരിചയമുണ്ട്. അത് പല രാഷ്ട്രീയ നേതാക്കള്‍ക്കും അത്തരത്തിലുള്ള പരിചയമുണ്ട്. പണം വാങ്ങിയിട്ടുണ്ടെങ്കില്‍ തിരികെ കൊടുക്കണമെന്ന് ആന്റണിയോടോ അനില്‍ ആന്റണിയോടോ അന്ന് പറഞ്ഞതായിട്ടാണ് ഓര്‍ക്കുന്നുതെന്നും പി ജെ കുര്യന്‍ കൂട്ടിച്ചേര്‍ത്തു. അനില്‍ ആന്റണി തിരിച്ചുവന്നാല്‍ കോണ്‍ഗ്രസില്‍ എടുക്കണമെന്നും പി ജെ കുര്യന്‍ ആവര്‍ത്തിച്ചു. ഇന്ത്യ മുന്നണി ജയിക്കുമ്പോള്‍ അനില്‍ ആന്റണി കോണ്‍ഗ്രസിലേക്ക് തിരിച്ചുവരുമെന്നും അങ്ങനെയാണ് അനിലിന്റെ സ്വഭാവവെന്നും പി ജെ കുര്യന്‍ പറഞ്ഞു.

അനില്‍ ആന്റണി വലിയ അഴിമതിക്കാരനാണെന്നും പിതാവിനെ ഉപയോഗിച്ച് വില പേശി പണം വാങ്ങിയിരുന്നു എന്നുമായിരുന്നു ദല്ലാള്‍ നന്ദകുമാറിന്റെ ആരോപണം. സിബിഐ സ്റ്റാന്‍ഡിങ് കൗണ്‍സില്‍ നിയമനത്തിനായി അനില്‍ ആന്റണി 25 ലക്ഷം തന്റെ കൈയ്യില്‍ നിന്നും വാങ്ങിയെന്നാണ് ദല്ലാള്‍ നന്ദകുമാര്‍ ഇന്നലെ ആരോപിച്ചത്. താന്‍ പറയുന്ന അഭിഭാഷകനെ സിബിഐ സ്റ്റാന്റിങ് കൗണ്‍സില്‍ ആയി നിയമിക്കണം എന്ന് ആവശ്യപ്പെട്ടാണ് അനില്‍ ആന്റണിക്ക് പണം നല്‍കിയത്. എന്നാല്‍ നിയമനം വന്നപ്പോള്‍ മറ്റൊരാളെയാണ് നിയമിച്ചത്. താന്‍ ആവശ്യപ്പെട്ടയാളെ നിയമിക്കാത്തതിനാല്‍ വാങ്ങിയ 25 ലക്ഷം രൂപയും തിരികെ നല്‍കിയെന്നും നന്ദകുമാര്‍ പറഞ്ഞിരുന്നു.

യുപിഎ ഭരണകാലത്ത് നിരവധി അഴിമതികള്‍ നടത്തിയെന്നും ദില്ലിയിലെ ഏറ്റവും വലിയ ദല്ലാള്‍ ആയിരുന്നു അനില്‍ ആന്റണിയെന്ന് ടി ജി നന്ദകുമാര്‍ പറഞ്ഞു. ദില്ലിയില്‍ അന്ന് പ്രതിരോധ മന്ത്രിയുടെ വീട്ടില്‍ നിന്ന് നിര്‍ണായക രേഖകള്‍ എടുത്ത് ഫോട്ടോ സ്റ്റാറ്റസ് എടുത്ത് വില്‍ക്കലായിരുന്നു പ്രധാന ജോലി. അന്ന് പല ബ്രോക്കര്‍മാരും അനില്‍ ആന്റണിയെ സമീപിച്ചിരുന്നുവെന്നും ദല്ലാള്‍ നന്ദകുമാര്‍ ആരോപിച്ചു.

KCN

more recommended stories