ഡോ. എ. എ അബ്ദുല്‍ സത്താറിന്റെ ഓര്‍മ്മകള്‍ പെയ്യുന്ന ഇടവഴികള്‍ പുസ്തകം പ്രകാശനത്തിനൊരുങ്ങുന്നു

 

കാസര്‍കോട് : ഡോ. എ. എ അബ്ദുല്‍ സത്താറിന്റെ ഓര്‍മ്മകള്‍ പെയ്യുന്ന ഇടവഴികള്‍ എന്ന പുതിയ പുസ്തകം പ്രകാശനത്തിനൊരുങ്ങുന്നു.കാസര്‍കോട് ഗവ:ജനറല്‍ ആസ്പത്രിയിലെ ശ്വാസ കോശ രോഗ വിദഗ്ധനായ ഡോ സത്താറിന്റെ നാലാമത്തെ പുസ്തകമാണിത്. വായനക്കാര്‍ നല്‍കിയ പ്രചോദനമാണ് ഈ കൃതിയെന്നും തനിക്ക് ചുറ്റുമുള്ള കാഴ്ചകളും ഓര്‍മ്മകളുമാണ് പുതിയ പുസ്തകത്തില്‍ പുനര്‍ജനിക്കുന്നതെന്നും ഡോ. സത്താര്‍ പറഞ്ഞു.മുന്‍ രചനകള്‍ പോലെ തന്നെ ഇതും പ്രിയപ്പെട്ട വായനക്കാര്‍ സ്വീകരിക്കുമെന്നും ഡോക്ടര്‍ സത്താര്‍ പ്രതീക്ഷിക്കുന്നു. നിത്യവും നമുക്ക് ചുറ്റും കാണുന്ന കാഴ്ചകള്‍ ഹൃദ്യമായ വാക്കുകളിലൊതുക്കി വായനക്കാര്‍ക്ക് മുമ്പില്‍ സമര്‍പ്പിക്കുകയാണ് ഗന്ഥകര്‍ത്താവ്.
പ്രസിദ്ധ സാഹിത്യകാരന്‍ പി. സുരേന്ദ്രനാണ് പുസ്തകത്തിന് അവതാരിക എഴുതിയിരിക്കുന്നത്.
ഡോ. അബ്ദുല്‍ സത്താറിന്റെ ഓര്‍മ്മകള്‍ പെയ്യുന്ന ഇടവഴികള്‍ എന്ന ഓര്‍മ്മക്കുറിപ്പുകളുടെ ഏറ്റവും വലിയ സവിശേഷത അതിലെ ഭാഷയാണ്. മനസ്സിലേക്ക് ചൂഴ്ന്നിറങ്ങുന്ന ഭാഷയാണത്. ഒരെഴുത്തുകാരന് ഭാഷക്ക് മേല്‍ കയ്യടക്കം ഉണ്ടായാല്‍ അയാള്‍ എഴുതുന്നതെന്തും വായനക്കാര്‍ ഹൃദയത്തോട് ചേര്‍ത്ത് പിടിക്കും – അവതാരികയില്‍
പി. സുരേന്ദ്രന്‍ കുറിക്കുന്നു.
പുസ്തകത്തിന്റെ കവര്‍ ഡിസൈന്‍ ചെയ്തത് പ്രശസ്ത ഫോട്ടോഗ്രാഫര്‍ എ. കെ മുണ്ടോളാണ്. ഇലസ്‌ട്രേഷന്‍ നിര്‍വ്വഹിച്ചത് പത്മനാഭന്‍ ബ്ലാത്തൂരും.
ഹുബാഷിക പബ്ലികേഷന്‍സ് കാസര്‍കോട് ആണ് പുസ്തകത്തിന്റെ പ്രസാധകര്‍.
പുലര്‍കാല കാഴ്ചകള്‍, ആരോഗ്യത്തിലേക്ക് തുറക്കുന്നവാതില്‍, യാത്രകള്‍ അനുഭവങ്ങള്‍ എന്നിവയാണ് ഡോ. സത്താറിന്റെ നേരത്തെ പ്രസിദ്ധീകരിച്ച പുസ്തകങ്ങള്‍. അവ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു.

KCN

more recommended stories