ദുബൈ മലബാര്‍ കലാ സാംസ്‌കാരിക വേദിയുടെ ഈ വര്‍ഷത്തെ ‘കാരുണ്യ ശ്രേഷ്ഠ പുരസ്‌കാരം’ ബോബി ചെമ്മണ്ണൂരിന്.

 

ദുബൈ: കാല്‍ നൂറ്റാണ്ടിലേറെ കാലം നാട്ടിലും മറുനാട്ടിലും സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ മേഖലകളില്‍ പ്രവര്‍ത്തിച്ചു വരുന്ന ദുബൈ മലബാര്‍ കലാ സാംസ്‌കാരിക വേദിയുടെ ഈ വര്‍ഷത്തെ ചെര്‍ക്കളം അബ്ദുള്ള സാഹിബിന്റെ നാമധേയത്തിലുള്ള കാരുണ്യ ശ്രേഷ്ഠ പുരസ്‌കാരം വ്യവസായ പ്രമുഖനും ജീവകാരുണ്യ പ്രവര്‍ത്തകനുമായ ബോബി ചെമ്മണ്ണൂരിന് സമ്മാനിക്കും. വലിയൊരു വ്യവസായ സാമ്രാജ്യത്തിന് ഉടമായ അദ്ദേഹം ജീവകാരുണ്യ മേഖലകളില്‍ നടത്തിക്കൊണ്ടിരിക്കുന്ന ശക്തമായ ഇടപെടല്‍ ലോകത്തിന് തന്നെ മാതൃകയാണ്.

ഏറ്റവുമൊടുവില്‍ സൗദി ജയിലില്‍ വധ ശിക്ഷയ്ക്ക് വിധിച്ച കോഴിക്കോട് ഫറോഖ് സ്വദേശി അബ്ദുറഹീമിന്റെ മോചന ദ്രവ്യം കണ്ടെത്തുന്നതില്‍ ബോബി ചെമ്മണ്ണൂര്‍ നടത്തിയ അശ്രാന്ത പരിശ്രമം മാതൃകാപരവും ശ്രദ്ധേയവുമായിരുന്നു.

ജീവ കാരുണ്യ മേഖലയില്‍ നടത്തിവരുന്ന പ്രവര്‍ത്തനം മുന്‍ നിര്‍ത്തിയാണ് പുരസ്‌കാരം ജൂണ്‍ മൂന്നാം വാരം തിരുവനന്തപുരത്ത് വെച്ച് നടക്കുന്ന ചടങ്ങില്‍ പാണക്കാട് സയ്യിദ് സ്വാദിഖ് അലി ശിഹാബ് തങ്ങള്‍ പുരസ്‌കാരം സമ്മാനിക്കുമെന്ന് മുഖ്യ രക്ഷാധികാരി കല്ലട്ര മാഹിന്‍ ഹാജി, എ.കെ.എം അഷ്‌റഫ് എം.എല്‍.എ, ദുബൈ മലബാര്‍ കലാസാംസ്‌കാരിക വേദി ജനറല്‍ കണ്‍വീനര്‍ അഷ്‌റഫ് കര്‍ള, ട്രഷറര്‍ ബഷീര്‍പള്ളിക്കര സയ്യിദ് ഷാഹുല്‍ ഹമീദ് തങ്ങള്‍, സമീര്‍ ബെസ്റ്റ് ഗോള്‍ഡ്, റാഫി പള്ളിപ്പുറം, എ.കെ ആരിഫ് , സെഡ് എ കയ്യാര്‍, കെ വി യുസഫ് എന്നിവര്‍ അറിയിച്ചു.

KCN