കൊച്ചി വാട്ടര്‍ മെട്രോക്ക് ഇന്ന് ഒന്നാം പിറന്നാള്‍, അഞ്ച് റൂട്ടില്‍ 14 ബോട്ട് , ഇതുവരെ സഞ്ചരിച്ചത് 19.72ലക്ഷം പേര്‍

എറണാകുളം: കൊച്ചി വാട്ടര്‍ മെട്രോക്ക് ഇന്ന് ഒന്നാം പിറന്നാള്‍. 19.72ലക്ഷം പേരാണ് ഈ ഒരു വര്‍ഷം വാട്ടര്‍ മെട്രോയില്‍ ഇതുവരെ സഞ്ചരിച്ചത്. കരാര്‍ നല്‍കിയ മുഴുവന്‍ ബോട്ടുകളും കിട്ടുന്നതോടെ വാട്ടര്‍ മെട്രോ കൂടുതല്‍ ഉഷാറാകും.

കഴിഞ്ഞ വര്‍ഷം രണ്ട് റൂട്ടില്‍ 9 ബോട്ടുമായി തുടങ്ങിയ യാത്ര. ഹൈക്കോടതിയില്‍ നിന്ന് വൈപ്പിനിലേക്കും വൈറ്റിലയില്‍ നിന്ന് കാക്കനാട്ടേക്കും. ഇപ്പോള്‍ അഞ്ച് റൂട്ടില്‍ 14 ബോട്ടായി. പ്രതിദിനം 6000..6500പേര്‍ യാത്ര ചെയ്യുന്നു. ഏറ്റവും അവസാനം തുടങ്ങിയ ഹൈക്കോടതി ഫോര്‍ട്ട് കൊച്ചി റൂട്ടിലാണ് ഏറ്റവും തിരക്ക്. നഗരത്തിരക്കില്‍ ഒന്നര മണിക്കൂര്‍ വരെ വേണ്ടിവരുന്ന യാത്രക്ക് 20 മിനിറ്റ് മതി .അതു തന്നെ കാരണം. ടെര്‍മിനല്‍ നിര്‍മാണംതുടരുന്ന വെല്ലിങ്ഠണ്‍ ഐലന്‍ഡ്, കടമക്കുടി തുടങ്ങിയ ഇടങ്ങളിലേക്ക് കൂടി സര്‍വീസ് തുടങ്ങുമ്പോള്‍ യാത്രികര്‍ക്ക് കൂടുതല്‍ സന്തോഷവും സൗകര്യവും ആകുമെന്ന് ഉറപ്പ്.

സെപ്തംബറില്‍ കൂടുതല്‍ ബോട്ട് നല്‍കുമെന്നാണ് കൊച്ചിന്‍ ഷിപ്പ്യാര്‍ഡ് അറിയിച്ചിട്ടുള്ളത്.ഇന്ത്യയില്‍ സമഗ്ര വാട്ടര്‍ മെട്രോ തുടങ്ങിയ ആദ്യനഗരമാണ് കൊച്ചി. രാജ്യത്തെ കൂടുതല്‍ നഗരങ്ങള്‍ വിജയമാതൃക പിന്തുടരാനെത്തിയിട്ടുണ്ട്.

KCN

more recommended stories