ഒരുമയുടെ വെളിച്ചം അണയാതിരിക്കട്ടെ !

ഒരു നാടിന്റെ നിലനില്‍പ്പ് അതിന്റെ ഭൂമിശാസ്ത്രപരമായ ഘടകങ്ങളെ മാത്രം ആശ്രയിച്ചുള്ള അവിടത്തെ സാമൂഹികവ്യവസ്ഥിതിയാണ് ആ ദേശത്തിന്റെ ഗുണപരമായ വികസനത്തിനും സന്തുലിതമായ നിലനില്പ്പിനും അനിവാര്യമായിട്ടുള്ളത്. അതിനേല്ക്കുന്ന ഏത് പ്രത്യാഘാതവും ഒട്ടും ശുഭകരമാകാത്ത അവസ്ഥിയിലേക്കായിരിക്കും കൊണ്ടുചെന്നെത്തിക്കുക. ഈ സമരസപ്പെടലിനെ ആരോഗ്യപരമാക്കുക എന്നത്, ഭരണകൂടത്തിന്റെ പ്രാഥമിക കര്‍ത്തവ്യങ്ങളിലൊന്നാണ്.
അതിരുകള്‍ മാഞ്ഞുപോകുന്നിടത്ത്, വിശാലമായ കാഴ്ചപ്പാടുകള്‍ പുനര്‍ജ്ജനിക്കുന്ന പുതിയ കാലത്ത് പക്ഷെ, സാമൂഹത്തിനിടയിലെ ഭിന്നതകള്‍ രൂക്ഷമായിക്കൊണ്ടിരിക്കുകയാണെന്നാണ് സമീപ കാലത്ത് വന്നുകൊണ്ടിരിക്കുന്ന വാര്‍ത്തകള്‍ നമ്മെ ഓര്‍മ്മിപ്പിക്കുന്നത്. ഒരൊറ്റ സമൂഹം എന്ന അച്യുതത്തില്‍ നിന്നും അനേകം ഉപസമൂഹങ്ങളുമായി വിഘടിച്ചുകൊണ്ടിരിക്കുമ്പോള്‍ , കുറ്റകൃത്യങ്ങള്‍ പെരുകുന്നത് അതിന്റെ മറുവശമാണ്. മുമ്പെങ്ങുമില്ലാത്ത വിധം സമുചിതമായ സ്വത്വബോധങ്ങളിലേക്ക് മനുഷ്യര്‍ ചുരുങ്ങിക്കൊണ്ടിരിക്കുന്നു. ആ സത്യം തിരിച്ചറിയാനുള്ളതല്ല മറിച്ച് വിളിച്ചുപറയാനുള്ളതാണ് എന്ന് ചിന്തിക്കുന്നിടത്ത് പതിയിരിക്കുന്ന അപകടത്തിന്റെ ആഴം അവഗണിക്കാനാവുന്നതല്ല.
വിഭാഗീതയുടെ പേരിലുള്ള നിരവധി സംഘട്ടനങ്ങളാണ് ഈ നാട്ടില്‍ കഴിഞ്ഞ രണ്ട് ദശകങ്ങളില്‍ നടന്നത്. ഇരു സമുദായങ്ങള്‍ ഇടകലര്‍ന്ന് ജീവിക്കുന്ന സ്ഥലങ്ങളില്‍ മിക്കയിടത്തും ഇത്തരം സംഭവങ്ങള്‍ അരങ്ങേറിയിട്ടുണ്ട്. നിസാര പ്രശ്‌നങ്ങളെ തുടര്‍ന്നുണ്ടാവുന്ന  തര്‍ക്കങ്ങള്‍ കലാപങ്ങളായി മാറുന്നതിന് നാം എത്രയോ വട്ടം സാക്ഷികളായിട്ടുണ്ട്.  അവിടെ വിഭജിക്കപ്പെടുന്ന മനസ്സുകള്‍ക്കിടയിലെ അകലങ്ങള്‍  അങ്ങനെ തന്നെ തുടരുമ്പോള്‍, സമൂഹത്തിന്റെനിലനില്‍പിന് നേരെ ഭീഷണി ഉയര്‍ന്നുകൊണ്ടിരുന്നു. ഇവിടത്തെ വര്‍ഗ്ഗീയ കേസുകളുടെ ആധിക്യത്തെപ്പറ്റി ഹൈക്കോടതി പോലും അത്ഭുതപ്പെടുന്ന ദുരവസ്ഥയും അതിന്റെ ബാക്കിപത്രമാണ്.
എന്നാല്‍ കഴിഞ്ഞ കുറച്ച് കാലങ്ങളായി സമാധാനത്തിന്റെ കാഴ്ചകളാണ് ,ദൃശ്യമാവുന്നത്.അക്രമങ്ങളും ശത്രുതയും നഷ്ടങ്ങള്‍ക്ക് കാരണമാകുന്നതല്ലാതെ ഒന്നും നേടിത്തരാന്‍ പോകുന്നില്ലെന്ന് വൈകിയെങ്കിലും സമൂഹം തിരിച്ചറിയുന്നുണ്ട്. സമുദായത്തിന്റെ പേരില്‍ വാളോങ്ങുന്നവര്‍ക്ക് കൃത്യമായ താല്പര്യങ്ങളുണ്ടെന്നും അത് പ്രോത്സാഹിപ്പിക്കപ്പെടേണ്ടതെന്നുമുള്ള ബോധ്യത്തില്‍ നാട് പ്രതീക്ഷയുടെ പുതിയ പ്രഭാതത്തെ കണി കണ്ട് തുടങ്ങുകയാണ്.
അതിനിടെ ആകസ്മികമായുണ്ടാകുന്ന അക്രമങ്ങള്‍ വ്യാപകമാകുന്നില്ല എന്നത് നമുക്ക് ഐക്യം നഷ്ടമായിട്ടില്ല എന്നതിന്റെ ഏറ്റവും വലിയ തെളിവാണ്. പ്രാദേശികമായ പ്രശ്‌നങ്ങളേപ്പോലും സാമാന്യവല്‍ക്കരിക്കുന്ന പ്രവണതയ്ക്ക് കുറവ് വന്നിട്ടുണ്ട്. മാത്രമല്ല , പൊതുവേദികളില്‍ ഒന്നിച്ചുനില്‍ക്കാനുള്ള അവസരങ്ങളും മുമ്പത്തേക്കാള്‍ ശക്തമായിട്ടുണ്ട്.
പ്രശ്‌നബാധിതമായ സന്ദര്‍ഭങ്ങളില്‍ വില്ലന്റെ വേഷം സ്വയം എടുത്തണിഞ്ഞിരുന്ന പോലീസ്, ഇപ്പോള്‍ കാണിക്കുന്ന സംയമനവും നിശ്ചയദാര്‍ഢ്യവും എടുത്ത് പറയേണ്ടതാണ്. വഴിയരികിലെ സാധാരണക്കാരോടും നിരത്തിലിറങ്ങുന്ന വാഹനങ്ങളോടും അമര്‍ഷം പ്രകടിപ്പിച്ചിരുന്ന രീതിയില്‍ നിന്നും, മാന്യമായ ക്രമസമാധാനപാലനത്തിലേക്ക്  ജില്ലയിലെ പോലീസിനെ  മാറ്റിയെടുക്കുന്നതില്‍ പോലീസ് ചീഫ് എസ്. സുരേന്ദ്രന്‍ നിസ്തുലമായ  സേവനം കാഴ്ചവെച്ചുകൊണ്ടിരിക്കുന്നു. ഇത് പോലീസ് സേനയില്‍ ആത്മവിശ്വാസവും ജനങ്ങള്‍ക്ക് പ്രത്യാശയും പകരുമെന്ന്  തീര്‍ച്ചയാണ്.
ഭീതിയുടെ കാര്‍മേഘങ്ങള്‍ ഇരുണ്ട് കൂടുമ്പോള്‍ ജനങ്ങള്‍ കാണിക്കുന്ന ഈ ക്ഷമയാണ്, നാടിന് ആവശ്യം. അത് നല്ല നാളേയ്ക്ക് കരുത്ത് പകരുമെന്ന  കാര്യത്തില്‍ തര്‍ക്കമില്ല.

KCN

more recommended stories