കോവിഡ് ഭക്ഷ്യ കിറ്റ്: കമ്മിഷൻ മാർച്ച് 31ന് അകം നൽകണം: ഹൈക്കോടതി

കോവിഡ് കാലത്തു സൗജന്യ ഭക്ഷ്യകിറ്റുകൾ വിതരണം ചെയ്ത റേഷൻ കടയുടമകൾക്കു നൽകാനുള്ള കമ്മിഷൻ കുടിശിക അടുത്ത മാസം 31ന് അകം വിതരണം ചെയ്യാൻ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു.

കുടിശിക 2 മാസത്തിനുള്ളിൽ നൽകാൻ 2022 ഫെബ്രുവരിയിൽ സിംഗിൾ ബെഞ്ച് നിർദേശിച്ചിരുന്നു. ഇതിനെതിരെ സർക്കാരും സിവിൽ സപ്ലൈസ് കോർപറേഷനും നൽകിയ അപ്പീൽ തള്ളിയാണു ജസ്റ്റിസ് എ.മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് ശോഭ അന്നമ്മ ഈപ്പൻ എന്നിവരുടെ ഉത്തരവ്.

2020 സെപ്റ്റംബർ മുതൽ 11 മാസത്തെ കമ്മിഷനാണു കടയുടമകൾ ആവശ്യപ്പെട്ടത്. ജീവകാരുണ്യ സേവനത്തിനു കമ്മിഷന് അർഹതയില്ലെന്നു സർക്കാർ വാദിച്ചു. എന്നാൽ, സൗജന്യ സേവനം സ്വീകരിച്ചിട്ടുണ്ടെങ്കിൽ നഷ്ടപരിഹാരം നൽകാൻ സർക്കാരിനു ബാധ്യതയുണ്ടെന്നു ചൂണ്ടിക്കാട്ടിയ ഡിവിഷൻ ബെഞ്ച്, സിംഗിൾ ബെഞ്ചിന്റെ ഉത്തരവിൽ ഇടപെടാൻ കാരണങ്ങളില്ലെന്നു വ്യക്തമാക്കി. കോടതിയെ സമീപിച്ച കടയുടമകൾക്കു മാത്രമാണ് ഇത്തരത്തിൽ കമ്മിഷൻ അവകാശപ്പെടാനാവുകയെന്നു കോടതി പറഞ്ഞു. ഓൾ കേരള റീട്ടെയ്ൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ ഉൾപ്പെടെയുള്ളവരാണു ഹൈക്കോടതിയെ സമീപിച്ചത്.

 

KCN

more recommended stories