തത്തകള്‍ സംസാരിക്കുന്നതിന്റെ രഹസ്യം കണ്ടെത്തിയെന്ന് ഗവേഷകര്‍

green_parrot-262736
കരോലിന:നോര്‍ത്ത് കരോലിനയില്‍ ഡ്യൂക്ക് യൂണിവേഴ്‌സിറ്റിയിലെ ഡോ.മുക്ത ചക്രവര്‍ത്തിയും സംഘവുമാണ്, തത്തകളുടെ ‘സംസാര രഹസ്യം’ കണ്ടെത്തിയത്.

മറ്റ് പക്ഷികളെ അപേക്ഷിച്ച് തത്തകളുടെ തലച്ചോറിന്റെ ഘടനയിലുള്ള വ്യത്യാസമാണ് അവയ്ക്ക് ഈ ശേഷി നല്‍കുന്നതെന്ന്, ‘പ്ലോസ് വണ്‍’ ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച പഠനം പറയുന്നു.

തത്തകളുടെ മസ്തിഷ്‌ക്കത്തെക്കുറിച്ച് മാത്രമല്ല, സംസാരശേഷിയുമായി ബന്ധപ്പെട്ട സിരാസംവിധാനങ്ങളെക്കുറിച്ചും പുതിയ ഉള്‍ക്കാഴ്ച നല്‍കുന്നതാണ് പഠനമെന്ന് വിലയിരുത്തപ്പെടുന്നു.

‘തത്തകളെക്കുറിച്ചും, അവയെങ്ങനെ പുതിയ ശബ്ദങ്ങള്‍ പുറപ്പെടുവിക്കാന്‍ പാകത്തില്‍ വിവരങ്ങള്‍ വിശകലനം ചെയ്യുന്നു എന്നതിപ്പറ്റിയും, മനുഷ്യശബ്ദങ്ങള്‍ അനുകരിക്കുന്നതിന് പിന്നിലെ സിരാസംവിധാനങ്ങളെക്കുറിച്ചും പഠിക്കാനുള്ള പുതിയ മേഖല തുറന്നുതരികയാണ് ഈ കണ്ടെത്തല്‍ ചെയ്യുന്നത്’ -ഡോ.ചക്രവര്‍ത്തി പറഞ്ഞു.

ശബ്ദങ്ങളെ വിദഗ്ധമായി അനുകരിക്കാന്‍ കെല്‍പ്പുള്ള ചുരുക്കം ചില പക്ഷികളിലൊന്നാണ് തത്തകള്‍. തത്തകള്‍ക്ക് ഇത് കഴിയുമ്പോള്‍ മറ്റ് പക്ഷികള്‍ക്ക് അത് സാധിക്കാത്തതെന്തുകൊണ്ടെന്ന പ്രശ്‌നം നിഗൂഢതയായി തുടര്‍ന്നു.

ഇത്രകാലവും കരുതിയിരുന്നത് തത്തകളുടെ തലച്ചോറിന്റെ വലിപ്പമാണ് അവയ്ക്ക് ‘സംസാര ശേഷി’ നല്‍കുന്നതെന്നാണ്. എന്നാല്‍, ഡോ.ചക്രവര്‍ത്തി ഉള്‍പ്പെട്ട സംഘം ജീന്‍ പ്രകാശനത്തിന്റെ ( gene expression ) രീതി പരിശോധിച്ചപ്പോള്‍ കഥ മറ്റൊന്നായി. മറ്റ് പക്ഷികളുടേതില്‍നിന്ന് തത്തകളുടെ തലച്ചോറിന്റെ ഘടന വ്യത്യാസപ്പെട്ടിരിക്കുന്നു എന്നാണവര്‍ നിരീക്ഷിച്ചത്.

ശബ്ദമുണ്ടാക്കാന്‍ സഹായിക്കാന്‍ മറ്റ് പക്ഷികളുടെ തലച്ചോറില്‍ ‘കോറുകള്‍’ ( cores ) എന്ന് വിളിക്കുന്ന നിയന്ത്രണസ്ഥാനങ്ങളുണ്ട്. എന്നാല്‍, തലച്ചോറിലെ പുറംവലയങ്ങള്‍ പോലുള്ള ‘ഷെല്ലുകള്‍’ ( shells ) ആണ് തത്തകളുടെ കാര്യത്തില്‍ ഈ ധര്‍മം നിര്‍വഹിക്കുന്നതെന്ന് ഗവേഷകര്‍ കണ്ടു. ഈ ഘടനാവ്യത്യാസമാണത്രേ തത്തകള്‍ക്ക് ‘സംസാരശേഷി’ നല്‍കുന്നത്.

വ്യത്യസ്തയിനം തത്തകളുടെ തലച്ചോറില്‍ ‘ഷെല്ലുകള്‍’ക്ക് വലിപ്പവ്യത്യാസമുള്ളതായും പഠനത്തില്‍ വ്യക്തമായി. വലിയ ഷെല്ലുകളാണുള്ളതെങ്കില്‍ അവയ്ക്ക് മനുഷ്യശബ്ദം അനുകരിക്കാനുള്ള ശേഷി കൂടുതലാണ്.

ഈ ദിശയില്‍ മുമ്പ് നടന്ന ഗവേഷണങ്ങളില്‍ ഒരിനം തത്തകളെയാണ് പഠനവിധേയമാക്കിയത്. എട്ട് വ്യത്യസ്തയിനം തത്തകളുടെ തലച്ചോറുകള്‍ പുതിയ പഠനത്തില്‍ ഉള്‍പ്പെടുത്തി.

KCN

more recommended stories