വംശനാശഭീഷണി നേരിടുന്ന സാന്‍ഡ് ടൈഗര്‍ ഇനത്തില്‍പ്പെട്ട സ്രാവുകളില്‍ കൃത്രിമ പ്രജനന രീതി വിജയകരമായി പരീക്ഷിച്ചു

animals-SandTigerShark-slide5-webവംശനാശഭീഷണി നേരിടുന്ന സാന്‍ഡ് ടൈഗര്‍ ഇനത്തില്‍പ്പെട്ട സ്രാവുകളില്‍ കൃത്രിമ പ്രജനന രീതി വിജയകരമായി പരീക്ഷിച്ചു. ദുബായ് അക്വേറിയത്തിലാണ് ലോകത്ത് തന്നെ ആദ്യമായി ഇത്തരമൊരു പ്രജനനം നടത്തിയത്. മൂന്ന് പതിറ്റാണ്ടുകൊണ്ട് ലോകത്ത് ഇല്ലാതായിത്തീരുമെന്ന് കരുതുന്നവയാണ് സാന്‍ഡ് ടൈഗര്‍ സ്രാവുകള്‍.

പ്രജനന കാല ദൈര്‍ഘ്യവും വേട്ടയാടലും കൊണ്ടാണിത്. ഈ സാഹചര്യത്തിലാണ് ഓസ്‌ട്രേലിയയിലെ സീലൈഫ് മെല്‍ബണ്‍ അക്വേറിയവുമായി സഹകരിച്ച് ദുബായ് അക്വേറിയം ശാസ്ത്രജ്ഞര്‍ പരീക്ഷണം നടത്തിയത്. വര്‍ഷങ്ങള്‍ നീണ്ട ഗവേഷണം വിജയിച്ചതായി അധികൃതര്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചു. അങ്ങനെ സാന്‍ഡ് ടൈഗര്‍ സ്രാവുകളില്‍ കൃത്രിമ പ്രജനനം സാധ്യമായി.

സ്രാവുകളുടെ ബീജം ശേഖരിച്ച്, അത് ദ്രവ നൈട്രജനില്‍ മൈനസ് 196 ഡിഗ്രിയില്‍ മരവിപ്പിച്ച് നിര്‍ത്തി സംഭരിച്ചു വയ്ക്കുകയാണ് ദുബായ് അക്വേറിയം ചെയ്യുന്നത്. പിന്നീട് ഇത് പെണ്‍ സ്രാവുകളില്‍ കൃത്രിമമായി സങ്കലനം ചെയ്യും.

ലോകത്ത് തന്നെ ആദ്യമായാണ് സ്രാവുകളില്‍ ഇത്തരമൊരു പ്രജനനം നടത്തിയത്. സാന്‍ഡ് ടൈഗര്‍ സ്രാവുകള്‍ ഗര്‍ഭം ധരിക്കാന്‍ സാധാരണ രണ്ട് വര്‍ഷത്തിലേറെ സമയം എടുക്കും. ഓരോ പ്രസവത്തിലും ഒന്നോ രണ്ടോ കുഞ്ഞുങ്ങളേ ഉണ്ടാകാറുള്ളൂ.

ഒന്‍പത് മുതല്‍ 12 മാസം വരെയാണ് ഗര്‍ഭകാലം. പരീക്ഷണം വിജയമായതോടെ സാന്‍ഡ് ടൈഗര്‍ സ്രാവുകളെ ഇനി ദുബായില്‍ നിന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ അക്വേറിയങ്ങളിലേക്ക് നല്‍കാനാവും.

KCN

more recommended stories