ഭീകരതയ്‌ക്കെതിരെ കൈകോര്‍ത്ത് ഇന്ത്യയും യു.എ.ഇ.യും

Modi_UAE380PIBഅബുദാബി: എല്ലാത്തരം ഭീകരതയേയും ഒന്നിച്ച് നേരിടുമെന്ന് ഇന്ത്യയും യു.എ.ഇ.യും പ്രഖ്യാപിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യു.എ.ഇ. സന്ദര്‍ശനത്തിന്റെ അവസാനം പുറപ്പെടുവിച്ച സംയുക്ത പ്രസ്താവനയില്‍ ഭീകരതയെ പിന്തുണയ്ക്കാനും ന്യായീകരിക്കാനും മതത്തെ ഉപയോഗിക്കരുതെന്ന് ഇരുരാഷ്ട്രങ്ങളും അഭിപ്രായപ്പെട്ടു.

യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് സംയുക്തപ്രസ്താവന പുറപ്പെടുവിച്ചത്. രണ്ട് രാജ്യങ്ങളും തന്ത്രപ്രധാനമേഖലകളില്‍ സഹകരിക്കും. നിയമപരിപാലനം, കള്ളപ്പണം വെളുപ്പിക്കല്‍, മയക്കുമരുന്നുകടത്ത്, കുറ്റവാളികളെ കൈമാറല്‍ എന്നീ മേഖലകളില്‍ സഹകരിക്കാനും ഇന്ത്യയും യു.എ.ഇ.യും ധാരണയിലെത്തി.

രണ്ട് രാജ്യങ്ങളിലേയും ദേശീയ സുരക്ഷാ ഉപദേഷ്ടാക്കള്‍ ആറ് മാസത്തിലൊരിക്കല്‍ ചര്‍ച്ച നടത്താന്‍ രണ്ട് പ്രധാനമന്ത്രിമാരും തമ്മിലുള്ള ചര്‍ച്ചയില്‍ തീരുമാനിച്ചു. രണ്ട് രാജ്യങ്ങളിലേയും ദേശീയ സുരക്ഷാസമിതികള്‍തമ്മിലും സഹകരിക്കും.

തിങ്കളാഴ്ച ഉച്ചതിരിഞ്ഞ് സന്ദര്‍ശനത്തിന്റെ രണ്ടാംഘട്ടം കുറിച്ച് ദുബായിലെത്തിയ പ്രധാനമന്ത്രി മോദിയെ ദുബായ് ഭരണാധികാരി ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം വിമാനത്താവളത്തില്‍ നേരിട്ടെത്തിയാണ് സ്വീകരിച്ചത്.

നേരത്തേ അബുദാബിയില്‍ യു.എ.ഇ.യിലെ വ്യവസായപ്രമുഖരുമായി പ്രധാനമന്ത്രി ചര്‍ച്ചനടത്തി. ‘മസ്ദാര്‍ സിറ്റി’യിലായിരുന്നു ചര്‍ച്ച. ഇന്ത്യയില്‍ പത്തുലക്ഷം കോടി രൂപയുടെ നിക്ഷേപസാധ്യതകള്‍ ഉടന്‍ ഉണ്ടാകുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ‘ഇന്ത്യയില്‍ സുസ്ഥിരമായ ഭരണവും തീരുമാനങ്ങളെടുക്കാന്‍ ശേഷിയുള്ള രാഷ്ട്രീയ നേതൃത്വവുമുണ്ട്; ചലനാത്മകമായ സന്പദ് വ്യവസ്ഥയും. ഒരു പദ്ധതിക്കും ഇനി ഇന്ത്യയില്‍ കാലതാമസം ഉണ്ടാവില്ല -മോദി പറഞ്ഞു.

34 വര്‍ഷങ്ങള്‍ക്കുശേഷമാണ് ഒരു ഇന്ത്യന്‍പ്രധാനമന്ത്രി ഇവിടെ വന്നത് എന്നതില്‍ വിഷമമുണ്ടെന്ന് പറഞ്ഞുകൊണ്ടാണ് മോദി പ്രസംഗം തുടങ്ങിയത്. മസ്ദാര്‍ സിറ്റിയില്‍ ഊര്‍ജപുനരുത്പാദക പഠനകേന്ദ്രം പ്രധാനമന്ത്രി സന്ദര്‍ശിച്ചു.

KCN

more recommended stories