തകര്‍ന്നുവീണ ഇന്‍ഡൊനീഷ്യന്‍ വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി

2015_8$largeimg16_Aug_2015_173506260ജക്കാര്‍ത്ത: ഞായറാഴ്ച തകര്‍ന്നുവീണ ഇന്‍ഡൊനീഷ്യന്‍ വിമാനത്തിന്റെ അവശിഷ്ടങ്ങളും യാത്രക്കാരുടെ മൃതദേഹങ്ങളും കണ്ടെത്തി. ഇന്‍ഡൊനീഷ്യയിലെ കിഴക്കന്‍ മേഖലയിലെ ബിന്‍താങ് മലനിരകളില്‍ നിന്നാണ് വിമാനാവശിഷ്ടങ്ങള്‍ കണ്ടെത്തിയിരിക്കുന്നത്. കാല്‍നടയായാണ് തിരച്ചില്‍ സംഘം ഇവിടെയെത്തിയത്.

പ്രദേശവാസികളും ഇന്‍ഡൊനീഷ്യന്‍ നാഷണല്‍ സര്‍ച്ച് ആന്‍ഡ് റെസ്‌ക്യു ഏജന്‍സി അംഗങ്ങളും ഉള്‍പ്പെടുന്ന സംഘമാണ് തിരച്ചില്‍ നടത്തിയത്. അവശിഷ്ടങ്ങള്‍ നീക്കം ചെയ്യാനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചെന്നും മൃതദേഹങ്ങള്‍ കൊണ്ടുപോകാനായി ഹെലിപാഡ് നിര്‍മിക്കുമെന്നും സര്‍ച്ച് ആന്‍ഡ് റെസ്‌ക്യു ഏജന്‍സി തലവന്‍ ബംബങ് സാലിസ്റ്റിയോ പറഞ്ഞു.

പാപ്പുവ പ്രവിശ്യയുടെ തലസ്ഥാനമായ ജയപുര പട്ടണത്തില്‍നിന്ന് ഓക്‌സിബില്‍ എന്ന പര്‍വതപ്രദേശ പട്ടണത്തിലേക്കു പുറപ്പെട്ട ‘ത്രിങ്കാന എയര്‍’ വിമാനമാണ് പ്രാദേശികസമയം ഞായറാഴ്ച വൈകിട്ട് മൂന്നോടെ കാണാതായിരുന്നത്. എ.ടി.ആര്‍. 42300 വിഭാഗത്തില്‍പ്പെട്ട വിമാനത്തില്‍ അഞ്ചു കുട്ടികളടക്കം 49 യാത്രക്കാരും അഞ്ചു ജീവനക്കാരുമാണുണ്ടായിരുന്നത്.

ജയപുര വിമാനത്താവളത്തില്‍നിന്ന് 45 മിനിറ്റ് ദൂരമാണ് ഓക്‌സിബിലിലേക്കുള്ളത്. ഇറങ്ങാന്‍ നിശ്ചയിച്ച സമയത്തിന് പത്തുമിനിറ്റു മുമ്പ് അതിന് അനുമതി തേടി ഓക്‌സിബിലിലെ കണ്‍ട്രോള്‍ ടവറുമായി പൈലറ്റ് ബന്ധപ്പെട്ടിരുന്നു. എന്നാല്‍, വിമാനം എത്തിയില്ല. അരമണിക്കൂറിനുശേഷം മറ്റൊരു വിമാനം ഈ പാതയില്‍ അയച്ചെങ്കിലും മോശം കാലാവസ്ഥകാരണം ഇത് ജയപുര വിമാനത്താവളത്തിലേക്കുതന്നെ മടങ്ങുകയായിരുന്നു. മോശം കാലാവസ്ഥ തന്നെയാണ് വിമാനം തകരാനുള്ള കാരണമാണെന്നാണ് നിഗമനം.

KCN

more recommended stories