കേരളത്തില്‍ 30 ലക്ഷത്തിലധികം പേര്‍ മനോരോഗികള്‍

പാലക്കാട്: സാക്ഷരതയിലും വികസനത്തിലും വലിയ മുന്നേറ്റം നടത്തിയ കേരളത്തില്‍ 30 ലക്ഷത്തിലധികം പേര്‍ മാനസികരോഗം ബാധിച്ചവരാണെന്ന് കേരള സ്റ്റേറ്റ് മെന്റല്‍ ഹെല്‍ത്ത് അതോറിറ്റിയുടെ നിരീക്ഷണം. ഇത് കേരളത്തിലെ ജനസംഖ്യയുടെ 10 ശതമാനം വരും.
അഞ്ചിലൊരാള്‍ വൈകാരികപ്രശ്‌നമോ പെരുമാറ്റ വൈകല്യമോ ഉള്ളവരാണെന്നും പഠനങ്ങള്‍ സൂചിപ്പിക്കുന്നു.
2011ലെ സി.എ.ജി. റിപ്പോര്‍ട്ടില്‍ സംസ്ഥാനത്ത് ആറുശതമാനം ആളുകള്‍ രോഗാതുരമായ മിഥ്യാദര്‍ശനങ്ങളും സങ്കല്പങ്ങളുമുള്ള ‘സൈക്കോസിസും’ കടുത്ത വിഷാദവും ഉന്മാദവും അനുഭവപ്പെടുന്ന ‘ബൈപോളാര്‍ ഡിസോര്‍ഡറും’ പോലത്തെ മനോരോഗത്തിന് അടിപ്പെട്ടവരാണെന്ന് പറയുന്നു. അതുപ്രകാരം ഗുരുതര മനോരോഗങ്ങളുടെ കാര്യത്തില്‍ ദേശീയ ശരാശരിയായ രണ്ട് ശതമാനത്തേക്കാള്‍ മുന്നിലായിരുന്നു കേരളം.
സാധാരണമായ മാനസികരോഗങ്ങള്‍കൂടി കണക്കാക്കിയാല്‍ ഇപ്പോള്‍ അത് 10 ശതമാനമായി വര്‍ധിച്ചിരിക്കുന്നെന്നാണ് വ്യക്തമാകുന്നത്.
കടുത്ത രോഗാവസ്ഥയുള്ളവരില്‍ 50 ശതമാനത്തിനും ഗുരുതരമല്ലാത്ത രോഗമുള്ളവരില്‍ 90 ശമാനത്തിനും ചികിത്സ ലഭിക്കുന്നില്ല.
സംസ്ഥാന ക്രൈം റെക്കോഡ്‌സ് ബ്യൂറോയുടെ കണക്കനുസരിച്ച് കേരളത്തിലുണ്ടാകുന്ന ആത്മഹത്യകളില്‍ 19 ശതമാനവും മാനസികരോഗംമൂലമാണ്. ആത്മഹത്യാനിരക്കില്‍ ഇന്ത്യയില്‍ രണ്ടാംസ്ഥാനത്താണ് കേരളം.
2020 ആകുമ്പോള്‍ ഇന്ത്യയിലെ 20 ശതമാനമാളുകള്‍ മാനസികാരോഗ്യമില്ലാത്തവരായിരിക്കുമെന്നാണ് ലോകാരോഗ്യ സംഘടനയുടെ വിലയിരുത്തല്‍. രാജ്യത്ത് ഇപ്പോള്‍ത്തന്നെ മാനസിക-സാമൂഹിക (സൈക്കോ സോഷ്യല്‍) വെല്ലൂവിളികളും പരാധീനതകളും നേരിടുന്ന 60-70 ദശലക്ഷം ആളുകളുണ്ടെന്നാണ് കണക്ക്. നാലിനും പതിനാറിനുമിടെ പ്രായമുള്ള കുട്ടികളില്‍ 12 ശതമാനം മാനസിക അനാരോഗ്യം ബാധിച്ചവരാണ്.
രാജ്യത്ത് സര്‍ക്കാര്‍മേഖലയില്‍ ആകെയുള്ളത് 43 മനോരോഗ ആസ്​പത്രികളാണ്. 11,500 സൈക്യാട്രിസ്റ്റുകള്‍ വേണ്ട സ്ഥാനത്ത് നിലവിലുള്ളത് 3,800 ഡോക്ടര്‍മാര്‍ മാത്രം. ക്ലൂനിക്കല്‍ സൈക്കോളജിസ്റ്റുകളുടെയും സൈക്യാട്രിസ്റ്റ് നഴ്‌സുമാരുടെയും സോഷ്യല്‍ വര്‍ക്കര്‍മാരുടെയും സേവനം ആവശ്യത്തില്‍പ്പകുതി പോലും ലഭ്യമല്ല. ഇതില്‍ കാല്‍ശതമാനം സേവനമേ ജനസംഖ്യയില്‍ 70 ശതമാനം ജീവിക്കുന്ന ഗ്രാമപ്രദേശങ്ങളില്‍ ലഭിക്കുന്നുള്ളൂ.
കുറ്റകൃത്യങ്ങളില്‍ പ്രതികളായി വിചാരണയില്ലാതെ കേരളത്തിലെ മനോരോഗ ആസ്​പത്രികളില്‍ 83 രോഗികള്‍ കഴിയുന്നുണ്ടെന്ന് മനുഷ്യാവകാശ കമ്മീഷന്റെ മുന്‍ മുഖ്യ അന്വേഷണ ഉദ്യോഗസ്ഥന്‍ ഐ.ജി. എസ്. ശ്രീജിത്ത് വെളിപ്പെടുത്തി.

KCN

more recommended stories