മുല്ലപ്പെരിയാർ അണക്കെട്ടിലെ ആറു ഷട്ടറുകൾ തുറന്നു; ജനങ്ങളെ മാറ്റിപ്പാർപ്പിക്കും

mullaperiyarജലനിരപ്പ് ഉയർന്ന സാഹചര്യത്തിൽ മുല്ലപ്പെരിയാർ അണക്കെട്ടിലെ ആറു ഷട്ടറുകൾ തുറന്നു. സ്പിൽവേയിലെ ആറു ഷട്ടറുകൾ ഒന്നരയടി വീതം ഉയർത്തി.സെക്കൻഡിൽ 3,000 ഘന അടി വെള്ളം ഇടുക്കി അണക്കെട്ടിലേക്ക് ഒഴുകും. വള്ളക്കടവ്, ഉപ്പുതറ, അയ്യപ്പൻകോവിൽ എന്നിവിടങ്ങളിലെ 206 കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കും. പ്രദേശങ്ങളിലുള്ളവർ സ്വമേധയാ മാറണമെന്ന് ജില്ലാ കലക്ടർ അറിയിച്ചു. നിലവിൽ മുല്ലപ്പെരിയാറിലെ ജലനിരപ്പ് 141.89 അടിയാണ്.

അതേസമയം, ചട്ടംലംഘിച്ചാണ് സ്പിൽവേയുടെ ഷട്ടറുകൾ തമിഴ്നാട് തുറന്നത്. ഷട്ടർ തുറക്കുന്ന കാര്യം കേന്ദ്ര ജലകമ്മിഷനെ അറിയിച്ചില്ല. ഷട്ടർഗേറ്റ് ഓപ്പറേറ്റിങ് മാനുവൽ കേന്ദ്ര ജലകമ്മിഷന് തമിഴ്നാട് സമർപ്പിച്ചിട്ടില്ല. മാത്രമല്ല, മുന്നറിയിപ്പ് ഇല്ലാതെയാണ് തമിഴ്നാട് ഷട്ടർ തുറന്നത്. അണക്കെട്ടിന്റെ ഷട്ടറുകൾ ഉയർത്തുന്നതിന് 12 മണിക്കൂർ മുൻപുതന്നെ മുന്നറിയിപ്പ് നൽകണമെന്നാവശ്യപ്പെട്ട് ഇടുക്കി ജില്ലാ കലക്ടർ തേനി ജില്ലാ കലക്ടർക്ക് കത്തു നൽകിയിരുന്നു.അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് കൂടിയ സാഹചര്യത്തിൽ ഷട്ടർ തുറക്കാതെ മറ്റു മാർഗമില്ലെന്ന് ഇടുക്കി ജില്ലാ കലക്ടർ നേരത്തെ വ്യക്തമാക്കിയിരുന്നു. നിലവിൽ ഡാമിലേക്ക് ഒഴുകിയെത്തുന്നത് സെക്കൻഡിൽ 2600 ഘനയടി വെള്ളമാണ്. തമിഴ്നാട് ഇപ്പോൾ കൊണ്ടുപോകുന്നത് 1900 ഘനയടി വെള്ളം മാത്രമാണ്. ജനങ്ങളെ മാറ്റിപ്പാർപ്പിക്കേണ്ടതുണ്ടെങ്കിൽ മൂന്നു മണിക്കൂർ മുൻപ് മുന്നറിയിപ്പ് നൽകും. ജനങ്ങൾ ആശങ്കപ്പെടേണ്ടതില്ലെന്നും കലക്ടർ വി.രതീശൻ പറഞ്ഞിരുന്നു.മുല്ലപ്പെരിയാർ സ്പിൽവേ ഏതുസമയത്തും തുറക്കാമെന്ന് മന്ത്രി പി.ജെ. ജോസഫും മുന്നറിയിപ്പ് നൽകിയിരുന്നു. വള്ളക്കടവ്, ഉപ്പുതറ, അയ്യപ്പൻകോവിൽ എന്നിവിടങ്ങളിലെ 206 കുടുംബങ്ങളെ ഇന്നു തന്നെ മാറ്റിപ്പാർപ്പിക്കുമെന്നും ജനങ്ങൾ ആശങ്കപ്പെടേണ്ടതില്ലെന്നും മന്ത്രി പറഞ്ഞു.

വൈഗ അണക്കെട്ടിലേക്ക് പരമാവധി വെള്ളം കൊണ്ടുപോയി പ്രതിസന്ധി ഒഴിവാക്കാനായിരുന്നു തമിഴ്നാടിന്റെ ശ്രമം. എന്നാൽ മഴ ശമിക്കാത്തതിനാൽ ഇത് പൂർണമായും ഫലിച്ചില്ല. അതേസമയം, തമിഴ്നാട് തീരത്തും ശ്രീലങ്ക മുതൽ മാലിദ്വീപ് വരെയും ന്യൂനമർദം രൂപംകൊണ്ടു. ഇതേത്തുടർന്ന് കേരളത്തിലും തമിഴ്നാട്ടിലും ശക്തമായ മഴയുണ്ടാകുമെന്ന് മുന്നറിയിപ്പ്. 48 മണിക്കൂറിനുള്ളിൽ മഴയുണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

KCN

more recommended stories