മന്ത്രിസഭാ പുനഃസംഘടന; ചര്‍ച്ച തെരഞ്ഞെടുപ്പിന് ശേഷമെന്ന് മുഖ്യമന്ത്രി

umതിരുവനന്തപുരം: തെരഞ്ഞെടുപ്പിനുശേഷം സംസ്ഥാന മന്ത്രിസഭയില്‍ പുനഃസംഘടനയുണ്ടാവുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ആവര്‍ത്തിച്ചു. പാര്‍ട്ടിയിലും മുന്നണിയിലും ചര്‍ച്ച ചെയ്തശേഷം ഹൈക്കമാന്റിന്റെ അനുമതിയോടെയാവും ഇക്കാര്യത്തില്‍ അന്തിമതീരുമാനമെടുക്കുകയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കേരളത്തില്‍ മന്ത്രിസഭാ പുനഃസംഘടനയുടെ സാഹചര്യമില്ലെന്ന കെ.പി.സി.സി പ്രസിഡന്റ് വി എം സുധീരന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി. രമേശ് ചെന്നിത്തലയുടെ മന്ത്രിസഭാ പ്രവേശനസമയത്ത് തെരഞ്ഞെടുപ്പിനുശേഷം മാറ്റങ്ങളുണ്ടാവുമെന്ന് താന്‍ അറിയിച്ചതാണ്. ഇതില്‍ മാറ്റമില്ല. എന്നാല്‍, പാര്‍ട്ടിയില്‍ ഇതെക്കുറിച്ച് ചര്‍ച്ച നടക്കാത്തതിനാലാണ് വി എം സുധീരന്‍ ഇത്തരത്തില്‍ പ്രതികരിച്ചത്. കോണ്‍ഗ്രസ് മന്ത്രിമാരില്‍ മാറ്റങ്ങളുണ്ടാവുമോയെന്ന കാര്യം ഇപ്പോള്‍ പറയാനാവില്ല. മന്ത്രിമാരെല്ലാം കഴിവുള്ളവരാണ്. എന്നാല്‍, മന്ത്രിസ്ഥാനം സംബന്ധിച്ച കേരളാ കോണ്‍ഗ്രസ് ബി ചെയര്‍മാന്‍ ആര്‍ ബാലകൃഷ്ണപിള്ളയുടെ ആവശ്യം യു.ഡി.എഫിന്റെ പരിഗണനയിലുള്ള വിഷയമാണ്. ഇക്കാര്യത്തില്‍ അന്തിമതീരുമാനമെടുക്കാന്‍ യോഗം തന്നെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. അതിനാല്‍, എല്ലാവരുമായി ആലോചിച്ച് ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
സ്വര്‍ണക്കടത്തുകാരന്‍ ഫയാസുമൊത്തുള്ള ഫോട്ടോ പുറത്തുവന്നതു സംബന്ധിച്ച് രമേശ് ചെന്നിത്തല തന്നെ കാര്യങ്ങള്‍ വിശദീകരിച്ചിട്ടുണ്ട്. ഹോട്ടലില്‍ ഒരു പരിപാടിക്കിടെ എടുത്ത ചിത്രമാണിത്. ആരാണ്, എന്താണ് എന്നറിയതെ പൊതുപ്രവര്‍ത്തകര്‍ പലര്‍ക്കൊപ്പവും ചിത്രമെടുക്കാറുണ്ട്. ഇതുസംബന്ധിച്ച് ഏതന്വേഷണവും നടത്താന്‍ തയ്യാറാണ്. സംസ്ഥാനത്ത് സാമ്പത്തികപ്രതിസന്ധിയുണ്ടെന്നത് വാസ്തവവിരുദ്ധമാണ്. ക്ഷേമപെന്‍ഷനുകള്‍ക്ക് ഉള്‍പ്പെടെ അനുവദിച്ച തുക പഞ്ചായത്ത്, പോസ്റ്റ് ഓഫിസുകളില്‍ പിടിച്ചുവച്ചിട്ടുണ്ട്. ഫെബ്രുവരി നാലിന് അനുവദിച്ച പണം പോലും അര്‍ഹതപ്പെട്ടവര്‍ക്ക് നല്‍കിയിട്ടില്ല. പെരുമാറ്റച്ചട്ടമുള്ളതിനാല്‍ കൂടുതല്‍ പ്രതികരിക്കുന്നില്ല. തിരഞ്ഞെടുപ്പിനുശേഷം ഉത്തരവാദികളായവര്‍ക്കെതിരേ ഉചിതമായ നടപടി സ്വീകരിക്കുന്നതിനെക്കുറിച്ച് ആലോചിക്കും. സര്‍ക്കാര്‍ നിരന്തരമായി പെരുമാറ്റച്ചട്ടം ലംഘിക്കുന്നുവെന്ന ആരോപണങ്ങള്‍ ശരിയല്ല. ചീഫ് സെക്രട്ടറി ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചിട്ടില്ലെന്നും ഉമ്മന്‍ചാണ്ടി വ്യക്തമാക്കി.

KCN

more recommended stories