ഇന്ത്യയെ പുകഴ്ത്തിയ അഫ്രീദിക്ക് വക്കീൽ നോട്ടീസ്; വാക്കുകൾ നാണക്കേടെന്ന് മിയാൻദാദ്

indioaഇസ്‌ലാമാബാദ്∙ ഇന്ത്യയെ പുകഴ്ത്തി സംസാരിച്ചതിന് പാക്ക് ക്രിക്കറ്റ് ടീം നായകൻ ശാഹിദ് അഫ്രീദിക്ക് വക്കീൽ നോട്ടീസ്. പ്രസ്താവന പിൻവലിക്കണമെന്നും മാപ്പു പറയണമെന്നു ആവശ്യപ്പെട്ടാണ് നോട്ടീസ്. ലാഹോറിലെ ഒരു അഭിഭാഷകനാണ് വക്കീൽ നോട്ടീസ് അയച്ചിരിക്കുന്നത്.അതേസമയം, ഇന്ത്യയെ പ്രകീർത്തിച്ചുകൊണ്ടുള്ള ശാഹിദ് അഫ്രീദിയുടെ പ്രസ്താവന നാണക്കേടുണ്ടാക്കുന്നതാണെന്ന് മുൻ നായകൻ ജാവേദ് മിയാൻദാദ് പറഞ്ഞു. ഇത്തരം വാക്കുകൾ പറയുന്നതിൽ കളിക്കാർക്ക് സ്വയം നാണക്കേടു തോന്നേണ്ടതാണെന്നും മിയാൻദാദ് ടെലിവിഷൻ ചാനലിനോട് പറഞ്ഞു. ഇന്ത്യയിൽ പോയി നന്നായി കളിക്കുകയെന്നതാണ് അവരുടെ ജോലി. അല്ലാതെ അനാവശ്യ പ്രസ്താവനകൾ നടത്തുകയല്ലെന്നും അദ്ദേഹം പറഞ്ഞു. ലോകകപ്പ് മൽസരത്തിനായാണ് അവർ ഇന്ത്യയിലേക്ക് പോയത്. അതുകൊണ്ട് ആതിഥേയരെ പുകഴ്ത്തി സംസാരിക്കേണ്ട ആവശ്യമില്ല. ഇന്ത്യക്കാർ എന്താണ് നമുക്ക് നൽകിയിട്ടുള്ളത്. ഇന്ത്യയിലായാലും സത്യം മാത്രമേ പറയാവൂ. കഴിഞ്ഞ അഞ്ചുവർഷമായി പാക്കിസ്ഥാൻ ക്രിക്കറ്റിന് അവർ എന്താണ് ചെയ്തിരിക്കുന്നത്. വർഷങ്ങളായി പാക്ക് ക്രിക്കറ്റിനായി കളിച്ചിട്ട് ഇത്തരം വാക്കുകൾ കേൾക്കുന്നത് ഞെട്ടലുളവാക്കുന്നതാണ് – മിയാൻദാദ് പറഞ്ഞു. ട്വന്റി20 ലോകകപ്പ് മൽസരത്തിനെത്തിയപ്പോഴാണ് ശാഹിദ് അഫ്രീദിയും ശുഐബ് മാലിക്കും ഇന്ത്യയിലെ ആരാധകരെ പുകഴ്ത്തി സംസാരിച്ചത്. നാട്ടിലേക്കാൾ സ്നേഹം തങ്ങൾക്ക് ഇന്ത്യയിൽ ലഭിക്കുന്നതായും സുരക്ഷാ പ്രശ്നങ്ങളൊന്നും തങ്ങളെ അലട്ടുന്നില്ലെന്നുമായിരുന്നു അഫ്രീദി പറഞ്ഞത്. ഇന്ത്യയിൽ കളിക്കുമ്പോഴുള്ളതുപോലെ ക്രിക്കറ്റ് മറ്റൊരിടത്തും താൻ ആസ്വദിച്ചിട്ടില്ല. ഏറെക്കാലം ഇന്ത്യൻ മണ്ണിൽ കളിക്കാൻ കഴിഞ്ഞതു തന്റെ ഭാഗ്യമാണെന്നും അഫ്രീദി പറഞ്ഞിരുന്നു. പാക്കിസ്ഥാൻ ഓൾറൗണ്ടറും ഇന്ത്യയുടെ മരുമകനുമായ ശുഐബ് മാലിക്കും ഇന്ത്യയിൽ കളിക്കുന്നതിന്റെ സന്തോഷം പ്രകടിപ്പിച്ചിരുന്നു. ഭാര്യ സാനിയ മിർസയുടെ നാട്ടിൽ തനിക്ക് ഏറെ ആദരവ് ലഭിക്കുന്നതായി അദ്ദേഹം പറഞ്ഞു. മികച്ച സുരക്ഷയൊരുക്കിയ ഇന്ത്യയ്ക്ക് നന്ദി പറയുന്ന മാലിക് ഇന്ത്യയിൽ വന്നപ്പോഴൊന്നും തനിക്കു സുരക്ഷാപ്രശ്നങ്ങൾ ഉണ്ടായിട്ടില്ലെന്നും സൂചിപ്പിച്ചു. ഇന്ത്യയിലെയും പാക്കിസ്ഥാനിലെയും ആളുകൾ തമ്മിൽ തനിക്കൊരു വ്യത്യാസവും തോന്നിയിട്ടില്ല. ഒരേതരം ഭക്ഷണം കഴിക്കുന്നു, ഒരേ ഭാഷകൾ സംസാരിക്കുന്നു– മാലിക് കൂട്ടിച്ചേർത്തു.

KCN

more recommended stories