നെല്ലിക്കട്ട-മാംകുണ്ട് കുടിവെള്ള പദ്ധതി അവതാളത്തില്‍

nelikattaകാസര്‍കോട്: ജില്ലാ പഞ്ചായത്ത് 11 വര്‍ഷം മുമ്പ് യാഥാര്‍ത്ഥ്യമാക്കിയ രാജീവ് ഗാന്ധി കുടിവെള്ള പദ്ധതിയില്‍പ്പെട്ട ചെങ്കള പഞ്ചായത്തിലെ മൂന്നാം വാര്‍ഡിലെ നെല്ലിക്കട്ട-മാംകുണ്ട് കുടിവെള്ളപദ്ധതി അവതാളത്തില്‍.

പദ്ധതിയുടെ ചുമതല പഞ്ചായത്തിനാണ്. പ്രാദേശിക ഗുണഭോക്തൃ കമ്മിറ്റിയാണ് പമ്പ് ഓപറേറ്റിങ് ഉള്‍പെടെയുള്ള കാര്യങ്ങള്‍ നിര്‍വഹിക്കുന്നത്. പമ്പ് തകരാറിലായതിനാല്‍ ജലവിതരണം മുടങ്ങിയ കാര്യം പഞ്ചായത്തംഗം പഞ്ചായത്ത് അധികൃതരെ വിവരമറിയിച്ചിട്ടും നടപടിയുണ്ടായില്ല. ഇതിനിടെ ഗുണഭോക്തൃ കമ്മിറ്റി പ്രസിഡണ്ട് രാജിവച്ചു. തുടര്‍ന്ന് പുതിയ കമ്മിറ്റി രൂപീകരിച്ച് പ്രസിഡണ്ടിനെ പമ്പ് ഹൗസിന്റെ നിയന്ത്രണം ഏല്‍പിച്ചു. കേടായ പമ്പ് നന്നാക്കി രണ്ട് ദിവസത്തിനകം എല്ലാ ഭാഗത്തേക്കും വെള്ളവുമെത്തിച്ചു.

മുസ്ലിംലീഗ് നേതൃത്വത്തിലുള്ള പഴയ കമ്മിറ്റിയിലെ പമ്പ് ഓപറേറ്ററും നേതാക്കളുമെത്തി പമ്പ് ഹൗസ് പൂട്ടി. തുടര്‍ന്ന് വാര്‍ഡിലെ പല പ്രദേശത്തേക്കും 15 ദിവസത്തിലേറെയായി വെള്ളമെത്തുന്നില്ല. അതേസമയം ലീഗ് കേന്ദ്രങ്ങളിലേക്ക് വെള്ളം തുറന്നുവിടുന്നുമുണ്ടെന്നും ആരോപണമുണ്ട്. ഇതുസംബന്ധിച്ച് വിദ്യാനഗര്‍ പോലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് പുതിയ കമ്മിറ്റി നിയന്ത്രണത്തില്‍ വെള്ളം വിതരണം ചെയ്യാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ലീഗ് നേതൃത്വം പോലീസില്‍ സ്വാധീനം ചെലുത്തി പഴയ കമ്മിറ്റി തന്നെ കുടിവെള്ളം വിതരണം ചെയ്താല്‍ മതിയെന്ന് പറയിപ്പിച്ചു.

5000 മുതല്‍ 10,000 രൂപ വരെ നല്‍കിയാണ് പലരും പുതിയ കണക്ഷന്‍ എടുത്തത്. പ്ലംബിങ്ങും ഗുണഭോക്താക്കള്‍ ചെയ്യണം. മാസം 100 രൂപ വീതവും നല്‍കുന്നുണ്ട്. എന്നിട്ടും കുടിവെള്ളം കിട്ടാതെ ഇവിടുത്തെ ജനങ്ങള്‍ വലയുകയാണ്. ജനങ്ങളുടെ ദുരിതം ചൂണ്ടിക്കാട്ടി കലക്ടര്‍ക്ക് പരാതി നല്‍കിയതായി മൂന്നാംവാര്‍ഡ് വികസന സമിതി ചെയര്‍മാന്‍ ബി എ താജുദ്ദീന്‍, ഇ അബ്ദുല്ലക്കുഞ്ഞി, റിയാസ് കാട്ടുകൊച്ചി, ഗണേഷ് അതൃകുഴി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

KCN

more recommended stories