പൊയ്‌നാച്ചിയില്‍ ട്രാവലറും ലോറിയും കൂട്ടിയിടിച്ച് രണ്ട് മരണം

homestyle copyപൊയ്‌നാച്ചി: പൊയ്‌നാച്ചി പെട്രോള്‍ പമ്പിന് സമീപം ട്രാവലറും ലോറിയും കൂട്ടിയിടിച്ച് രണ്ട് മരണം. 17ഒളം പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ പലരുടെയും നില ഗുരുതരമാണ്. മംഗളൂരുവില്‍ നിന്നും വരികയായിരുന്ന യമഹ ഷോറൂമിലെ ജീവനക്കാര്‍ സഞ്ചരിച്ച ട്രാവലറും, പള്ളിക്കരയില്‍ നിന്നും ബോവിക്കാനത്ത് തെയ്യംകെട്ട് കാണാന്‍ പോയ സംഘം സഞ്ചരിച്ച മിനി ലോറിയും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. മരിച്ചവരില്‍ ഒരാള്‍ തൃക്കരിപ്പൂരിലെ അജിത്ത് (28) ആണ്. രണ്ടാമത്തെയാളുടെ പേര് വിവരങ്ങള്‍ ലഭ്യമയിട്ടില്ല. ശനിയാഴ്ച രാത്രി 12 മണിയോടെയാണ് അപകടം നടന്നത്.

അപകടത്തില്‍ പരിക്കേറ്റ പള്ളിക്കര മഠത്തിലെ ശേഖരയുടെ മകന്‍ സതീഷ് (25), ശശിയുടെ മകന്‍ സുധീഷ് (19), പാണത്തൂര്‍ ഒടയംചാലിലെ ഗോപാലന്റെ മകന്‍ അഖില്‍ (20), രാഗേഷ് (22), ഷാജി (27), രമ്യ, രേഷ്മ, സുമിത എന്നിവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ട്രാവലറില്‍ 11 പേരും ലോറിയില്‍ എട്ട് പേരുമാണ് ഉണ്ടായിരുന്നത്. പരിക്കേറ്റ മറ്റുള്ളവരെ കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചിട്ടില്ല. പരിക്കേറ്റവരില്‍ മൂന്ന് പേരെ നില ഗുരുതരമായതിനാല്‍ മംഗളൂരുവിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. മംഗളൂരുവില്‍ വിനോദ യാത്ര കഴിഞ്ഞ നാട്ടിലേക്ക് മടങ്ങുകയായിരുന്നു യമഹ ഷോറൂമിലെ ജീവനക്കാര്‍.

അജിത്തിന്റെ മൃതദേഹം കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. നാട്ടുകാരും ഹോട്ടല്‍ ജീവനക്കാരും, വിവരമറിഞ്ഞെത്തിയ വിദ്യാനഗര്‍ എസ് ഐ അജിത്ത് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘവും ഫയര്‍ ഫോഴ്‌സുമാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. വാഹനങ്ങള്‍ വെട്ടിപ്പൊളിച്ചാണ് അകത്ത് കുടുങ്ങിയവരെ പുറത്തെടുത്തത്.
അപകടത്തെ തുടര്‍ന്ന് ദേശീയ പാതയില്‍ ഗതാഗതം ഒന്നര മണിക്കൂറിലധികം സ്തംഭിച്ചു.

 

KCN

more recommended stories