കാസര്‍കോട്ടേക്ക് രണ്ട് കമ്പനി കേന്ദ്രസേനയെത്തും തിരഞ്ഞെടുപ്പ് സുരക്ഷയ്ക്ക്

kasaragod voteകാസര്‍കോട് ജില്ലയിലെ തിരഞ്ഞെടുപ്പുസുരക്ഷയ്ക്ക് രണ്ട് കമ്പനി കേന്ദ്രസേനയെത്തും. ഇതിനുപുറമെ മൂന്നുകമ്പനി അന്യസംസ്ഥാന പോലീസ് സേനയെയും നിയോഗിക്കും. നാനൂറോളം കേന്ദ്ര – അന്യസംസ്ഥാന സേനകളുടെ സുരക്ഷാമേല്‍നോട്ടത്തിലായിരിക്കും ജില്ലയില്‍ നിയമസഭാതിരഞ്ഞെടുപ്പിലെ ക്രമസമാധാനനില നിയന്ത്രിക്കുക.

പ്രശ്‌നസാധ്യത കണക്കിലെടുത്ത് ജില്ലയിലെ 261 ബൂത്തുകളില്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിക്കും. 191 ബൂത്തുകളില്‍ കേന്ദ്ര ഉദ്യോഗസ്ഥരുടെ സേവനം പ്രയോജനപ്പെടുത്തും. അഞ്ചു ബൂത്തുകളില്‍ വനിതാ ഉദ്യോഗസ്ഥരെ തിരഞ്ഞെടുപ്പ് ചുമതലകള്‍ക്ക് വിനിയോഗിക്കും. പോളിംഗ് ബൂത്തിലേക്ക് നിയോഗിക്കുന്നതിനായി 9160 ഉദ്യോഗസ്ഥരുടെ ഒരു ഡാറ്റാബേസ് തയ്യാറാക്കിയിട്ടുണ്ട്. ഇ-പോസ്റ്ററിംഗ് എന്ന സോഫറ്റ്‌വെയര്‍ വഴി റാന്‍ഡമൈസേഷന്‍ നടത്തി 799 ബൂത്തുകളിലേക്ക് ആവശ്യമായ ഉദ്യോഗസ്ഥരെ നിയമിക്കും. ഇവര്‍ക്കുള്ള ആദ്യഘട്ട പരിശീലനം ഏപ്രില്‍ 18 മുതല്‍ 22 വരെ വിവിധ കേന്ദ്രങ്ങളില്‍ നടക്കും.

പോളിംഗ് ശതമാനം പരമാവധി ഉയര്‍ത്തുന്നതിന് ജില്ലയില്‍ വിവിധ പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നു. ഇതിനായി കഴിഞ്ഞ ലോക്‌സഭാതിരഞ്ഞെടുപ്പില്‍ കുറഞ്ഞ വോട്ടിംഗ് ശതമാനം രേഖപ്പെടുത്തിയ സ്ഥലങ്ങള്‍ കണ്ടെത്തി വിവിധ ബോധവല്‍ക്കരണ പരിപാടികള്‍ ആസൂത്രണം ചെയ്തുവരികയാണെന്ന് ജില്ലാ കലക്ടര്‍ ദേവദാസ്  വിശദീകരിച്ചു.

KCN

more recommended stories